ചൂണ്ടയും വലയുമല്ല, മീനിനെ പോറ്റാനും പിടിക്കാനും ഇനി ഡ്രോണ്‍!

ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം-സി.എം.എഫ്.ആർ.ഐ സംയുക്ത ദൗത്യം
CMFRI to Promote Drone Usage
Published on

സമുദ്രമത്സ്യ മേഖലയിൽ കാര്യക്ഷമത വർധിപ്പിക്കാൻ ഡ്രോൺ ഉപയോഗത്തിന് കളമൊരുങ്ങുന്നു. കടലിലെ കൂടുമത്സ്യകൃഷി, കടൽ സസ്തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, അണ്ടർവാട്ടർ ഇമേജിംഗ്, ജലാശയ മാപ്പിംഗ് തുടങ്ങിയവക്കായി ഡ്രോൺ ഉപയോഗം ജനപ്രിയമാക്കുന്നതിന് സംയുക്ത ദൗത്യം ലക്ഷ്യമിടുന്നു.

കേന്ദ്ര ഫിഷറീസ് മന്ത്രാലയം, നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്, കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) എന്നിവർ സംയുക്തമായാണ് ഡ്രോൺ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്.

ശിൽപശാല

ഇതിന്റെ ഭാഗമായി നവംബർ 8 ന് വെള്ളിയാഴ്ച സി.എം.എഫ്.ആർ.ഐ യിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും ബോധവൽകരണ ശിൽപശാലയും ഡ്രോൺ ഉപയോഗ പ്രദർശനവും നടക്കും. രാവിലെ 11ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.

കടലിലെ കൂടുമത്സ്യകൃഷി മുതൽ സമുദ്രആവാസവ്യവസ്ഥയുടെ സംരക്ഷണം വരെ സമയവും ചെലവും കുറച്ച് കൂടുതൽ കുറ്റമറ്റതാക്കിമാറ്റാൻ ഡ്രോൺ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.

ഡ്രോൺ ഉപയോഗത്തിന്റെ നേട്ടങ്ങള്‍

കൂടുകളിൽ കൃഷി ചെയ്യുന്ന മീനുകളുടെ ആരോഗ്യസ്ഥിതി നിരീക്ഷണം, തീറ്റ വിതരണം, സെൻസറുകൾ ഘടിപ്പിച്ച് വെള്ളത്തിന്റെ ഗുണനിലവാര പിശോധന തുടങ്ങിയവ എളുപ്പമാക്കും. കടൽ കൂടുകൃഷിക്ക് പ്രധാന വെല്ലുവിളിയാകുന്ന അപകടകാരികളായ ആൽഗകളുടെ വളർച്ചയും വ്യാപനവും നേരത്തെ തിരിച്ചറിയാനും ഈ സാങ്കേതികവിദ്യ ഉപകരിക്കും.

പൊക്കാളി പാടങ്ങളിൽ വിത്ത് വിതക്കാനും തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികളുടെ നിരീക്ഷണത്തിനും ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടും. ദുരന്തനിവാരണം എളുപ്പമാക്കാൻ അടിയന്തിര ഘട്ടങ്ങളിൽ ലൈഫ് ജാക്കറ്റുകൾ എത്തിക്കുന്നതിനും ഡ്രോണുകളെ പ്രയോജനപ്പെടുത്താനാകും. കടലിൽ ഉപരിതലമത്സ്യങ്ങൾ കൂട്ടത്തോടെയെത്തുന്ന സ്ഥലങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും അതുവഴി മീൻപിടുത്തം എളുപ്പമാക്കാനും ഡ്രോൺ ഉപയോഗം അവസരമൊരുക്കും.

ഡ്രോൺ ഉപയോഗത്തിന്റെ സാധ്യതകൾ വിശദീകരിക്കുന്ന ബോധവൽകരണ ശിൽപശാലയിലും പ്രദർശനത്തിലും മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകർഷകര്‍ക്കും പങ്കെടുക്കാവുന്നതാണ്. കേന്ദ്ര ഫിഷറീസ് മന്ത്രാലയം, നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവയെ പ്രതിനിധീകരിച്ച് ഉയർന്ന ഉദ്യോഗസ്ഥർ ശിൽപശാലയില്‍ സംബന്ധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com