വൈകിയെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൊക്കാന്‍ കേന്ദ്രം, 9.15ന് മുമ്പെത്തിയില്ലെങ്കില്‍ 'പണി' കിട്ടും

ജീവനക്കാര്‍ രാവിലെ 9.15ന് മുമ്പ് ഓഫീസിലെത്തി ബയോമെട്രിക് സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നും വൈകി വരുന്നത് അരദിവസത്തെ കാഷ്വല്‍ ലീവായി പരിഗണിക്കുമെന്നും പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയം. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ജീവനക്കാര്‍ കൃത്യസമയത്ത് ജോലിക്കെത്താറില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് കേന്ദ്രനടപടി.
പരമ്പരാഗതമായി ഉപയോഗിച്ച് വന്നിരുന്ന അറ്റന്‍ഡന്‍സ് രജിസ്റ്ററിന് പകരം ബയോമെട്രിക് സംവിധാനം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. എന്തെങ്കിലും കാരണവശാല്‍ ജീവനക്കാര്‍ക്ക് ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം മുന്‍കൂട്ടി അറിയിച്ച് നിയമപ്രകാരമുള്ള ലീവ് എടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. തങ്ങളുടെ കീഴില്‍ വരുന്ന ജീവനക്കാരുടെ ഹാജര്‍ നിലയും മറ്റും പരിശോധിക്കേണ്ടത് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ചുമതലയാണെന്നും സര്‍ക്കുലറിലുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. എന്നാല്‍ മിക്ക ഓഫീസുകളിലും ജീവനക്കാര്‍ സമയത്തിന് ഹാജരാകാറില്ലെന്നാണ് പരാതി. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, പലപ്പോഴും ഓഫീസ് സമയം കഴിഞ്ഞാലും തങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വരുമെന്നും പലപ്പോഴും ഇ-ഓഫീസ് സംവിധാനത്തിലൂടെ വീട്ടിലിരുന്ന് പോലും ജോലി ചെയ്യാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നു.
2014ല്‍ അധികാരമേറ്റതിന് പിന്നാലെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഹാജര്‍ സംവിധാനം കൊണ്ടുവന്നത്. കോവിഡ് മൂലം നിറുത്തിവച്ചെങ്കിലും 2022 ഫെബ്രുവരിയില്‍ പുനരാരംഭിച്ചു. എങ്കിലും മിക്ക ഓഫീസുകളിലും ഈ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍.
Related Articles
Next Story
Videos
Share it