Begin typing your search above and press return to search.
ഓണമുണ്ണാന്‍ പണമായി, 4,200 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി: അവസാന മാസങ്ങളിലെ ചെലവുകളില്‍ ആശങ്ക
ഓണച്ചെലവുകള്‍ക്കായി 4,200 കോടി രൂപ കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കി. ഈ സാമ്പത്തിക വര്‍ഷം 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതില്‍ ഡിസംബര്‍ വരെയുള്ള 21,253 കോടി രൂപ സെപ്റ്റംബര്‍ രണ്ടിന് സര്‍ക്കാര്‍ എടുത്ത് തീര്‍ത്തിരുന്നു. ബാക്കി തുക അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് എടുക്കാനാവുക. എന്നാല്‍ ഓണച്ചെലവുകള്‍ക്ക് ഭീമമായ തുക ആവശ്യമായി വന്നതോടെ ഈ തുകയില്‍ നിന്നും 5,000 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി. ഇതില്‍ 4,200 കോടി രൂപ കടമെടുക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം 10ന് ഇതുമായി ബന്ധപ്പെട്ട കടപ്പത്രങ്ങളുടെ വില്‍പ്പനയുണ്ടാകുമെന്നാണ് വിവരം.
ഓണമുണ്ണാന്‍ 20,000 കോടി രൂപ വേണം
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണം വാരാഘോഷം പോലുള്ള പരിപാടികള്‍ മാറ്റിവച്ചെങ്കിലും ഓണച്ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് 20,000 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്ക്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍, ഉത്സവബത്ത, ബോണസ്, പലിശയുടെ വായ്പ തുടങ്ങിയ ചെലവുകള്‍ക്കാണ് ഈ പണം വിനിയോഗിക്കേണ്ടത്. സെപ്റ്റംബര്‍ രണ്ടിന് 735 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു. പത്താം തീയതി 4,200 കോടി രൂപ കൂടിയെത്തും. ബാക്കിത്തുക നികുതി അടക്കമുള്ള വരുമാനത്തില്‍ നിന്നും കണ്ടെത്താനാണ് സര്‍ക്കാര്‍ തീരുമാനം.
അവസാന മാസങ്ങളില്‍ എന്തുചെയ്യും?
ഇക്കൊല്ലം കടമെടുക്കാന്‍ അനുവദിച്ച തുകയില്‍ മാര്‍ച്ച് വരെ ഇനി ബാക്കിയുള്ളത് 12,059 കോടി രൂപമാത്രമാണ്. പദ്ധതിച്ചെലവുകള്‍ വെട്ടിക്കുറച്ച് പരമാവധി പണം ലാഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭരണാനുമതി നല്‍കിയ പദ്ധതികളില്‍ അനിവാര്യമായത് മാത്രം തുടരാനും ബാക്കിയുള്ളവയുടെ പദ്ധതി വിഹിതത്തില്‍ 50 ശതമാനം കുറവ് വരുത്താനോ അല്ലെങ്കില്‍ മാറ്റിവയ്ക്കാനോ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇങ്ങനെ ലാഭിക്കുന്ന പണം ക്ഷേമപെന്‍ഷന്‍ അടക്കമുള്ള സര്‍ക്കാരിന്റെ ഏറ്റുപോയ ചെലവുകള്‍ക്കായി നീക്കി വയ്ക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശിക, ജില്ലകള്‍ക്കുള്ള പാക്കേജ്, സ്‌കോളര്‍ഷിപ്പ്, ധനസഹായം, കരാറുകാര്‍ക്കുള്ള കുടിശിക എന്നിവയും വീട്ടേണ്ടതുണ്ട്. അതേസമയം, ഓണത്തിന് പിന്നാലെ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ട്രഷറി നിയന്ത്രണത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കൊഴികെയുള്ള ബില്ലുകള്‍ക്കായിരിക്കും നിയന്ത്രണം.
Next Story