കേന്ദ്ര ജീവനക്കാരുടെ പെന്‍ഷന്‍ കാര്യത്തില്‍ മാറ്റം? നിര്‍ണായക ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് യോഗം വിളിച്ചിരിക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായിട്ടാണ് ഇത്തരത്തില്‍ ജീവനക്കാരുടെ പ്രതിനിധികളെ കാണുന്നത്.

പഴയ സ്‌കീം ഉന്നയിക്കാന്‍ ജീവനക്കാര്‍

പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തില്‍ പഴയ പെന്‍ഷന്‍ സ്‌കീമിലേക്ക് മടങ്ങി പോകണമെന്ന ആവശ്യം ജീവനക്കാരുടെ പ്രതിനിധികള്‍ ഉന്നയിക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഴയ പെന്‍ഷന്‍ സ്‌കീം (ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം- ഒ.പി.എസ്.) നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി (ജെ.സി.എം.) സെക്രട്ടറിയേയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

പഴയ സ്‌കീം പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിലാകും യോഗം ചേരുക. പേഴ്‌സണ്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.

മൂന്നാം ടേമില്‍ അധികാരമേറ്റെടുത്ത ശേഷം ഇടത്തരക്കാരുടെ വിഷയങ്ങളില്‍ വലിയ തോതില്‍ നയംമാറ്റം സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാണ് പ്രധാനമന്ത്രി അപ്രതീക്ഷിത യോഗം വിളിച്ചത്.

അടുത്തിടെ ഇടത്തരക്കാരുടെ ഭവനപദ്ധതിയില്‍ നഗരങ്ങളിലെ മധ്യവര്‍ത്തി കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായ മേഖലകളില്‍ തിരുത്തല്‍ നടപടിയുടെ ഭാഗമായിട്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് സൂചന.
Related Articles
Next Story
Videos
Share it