
രാജ്യത്തെ ഗ്രാമീണ ഭവനങ്ങളില്‍ ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള ജല്‍ ജീവന്‍ മിഷന്റെ പുരോഗതി വിലയിരുത്തുന്നതിനായി നോഡല്‍ ഉദ്യോഗസ്ഥരെ വിവിധ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാന്‍ തീരുമാനം. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 29 സംസ്ഥാനങ്ങളിലെ 135 ജില്ലകളിലായി 183 ജല്‍ജീവന്‍ പദ്ധതികളാകും വിവിധ സംഘങ്ങള്‍ പരിശോധിക്കുക.
മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പദ്ധതികളുള്ളത്-29. രാജസ്ഥാന്‍, ഒഡീഷ എന്നിവിടങ്ങളില്‍ 21 വീതവും കര്‍ണാടകയില്‍ 19 പദ്ധതികളുമുണ്ട്. ഉത്തര്‍പ്രദേശില്‍ 18, കേരളത്തില്‍ 10, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ 8 വീതവും വലിയ പദ്ധതികളാണ് പുരോഗമിക്കുന്നത്. 1,000 കോടി രൂപയ്ക്ക് മുകളില്‍ ചെലവുള്ളതാണ് ഈ പദ്ധതികളിലേറെയും.
പദ്ധതികളുടെ ചെലവില്‍ ക്രമാതീതമായ വര്‍ധനവും, ചില സംസ്ഥാനങ്ങളില്‍ കരാര്‍ തട്ടിപ്പുകള്‍ ഉണ്ടെന്ന ആരോപണവും അടങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്രം കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിലടക്കം ജല്‍ജീവന്‍ പദ്ധതിയുടെ നടത്തിപ്പിനെതിരേ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാത്തതും കരാറുകാര്‍ക്ക് നല്കാനുള്ള കുടിശിക കൊടുത്തു തീര്‍ക്കാത്തതും വലിയ പരാതിക്ക് ഇടയാക്കിയിരുന്നു. പദ്ധതിക്കായി വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകളുടെ നവീകരണം പലയിടത്തും താളംതെറ്റിയിരുന്നു. പണി പൂര്‍ത്തിയാക്കിയതിന്റെ പണം കിട്ടാത്തതിനാല്‍ കരാറുകാര്‍ പിന്‍വാങ്ങിയതാണ് പലയിടത്തും പ്രതിസന്ധിക്ക് കാരണമായത്.
ജല്‍ ജീവന്‍ മിഷന്റെ 46 ശതമാനം പദ്ധതി തുക വെട്ടിക്കുറയ്കാന്‍ അടുത്തിടെ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. 1.25 ലക്ഷം കോടി രൂപയാണ് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാനല്‍ നിര്‍ദേശം നല്‍കിയത്. 2028 വരെയാണ് തുക വെട്ടികുറയ്ക്കുക. ഇതോടെ 1.25 ലക്ഷം കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ വരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
2019 ല്‍ 16 കോടി ഗ്രാമീണ ഭവനങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് ജല്‍ജീവന്‍ മിഷന്‍. 2028 ല്‍ പദ്ധതി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ 2.79 ലക്ഷം കോടി രൂപ ജലശക്തി മന്ത്രാലയം കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് നിലനില്‍ക്കെയാണ് 1.25 ലക്ഷം കോടി പദ്ധതിയില്‍ നിന്ന് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാനല്‍ നിര്‍ദേശം സമര്‍പ്പിച്ചത്.
എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി അധ്യക്ഷനായ എക്‌സ്‌പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിറ്റി (ഇഎഫ്സി) ഇതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചത്. കഴിഞ്ഞമാസം 13ന് നടന്ന യോഗത്തില്‍ പദ്ധതിക്കായി 1.51 ലക്ഷം കോടി രൂപ മാത്രം അനുവദിക്കാനും സമിതി അനുമതി നല്‍കി.
Read DhanamOnline in English
Subscribe to Dhanam Magazine