72 മണിക്കൂറില്‍ യു ടേണടിച്ച് മോദി സര്‍ക്കാര്‍; നീക്കത്തിന് പിന്നില്‍ പാളയത്തിലെ വിമതസ്വരം

ലാറ്ററല്‍ എന്‍ട്രിയിലൂടെ സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിക്കാനുള്ള നീക്കം റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ വിമര്‍ശനത്തിനൊപ്പം സ്വന്തം മുന്നണിയിലെ സഖ്യകക്ഷികളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് മോദി സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.
ലോക്ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാന്‍ നിയമനത്തിനെതിരേ ശക്തമായി രംഗത്തു വന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വിഷയം വലിയ രാഷ്ട്രീയ ആയുധമായി മാറിയേക്കുമെന്ന ആശങ്കയും കേന്ദ്രത്തെ മാറ്റിചിന്തിപ്പിച്ചു.
പരസ്യങ്ങളും പിന്‍വലിച്ചു
സ്വകാര്യ മേഖലയില്‍ നിന്ന് ഉദ്യോഗസ്ഥരുടെ അപേക്ഷ ക്ഷണിച്ചു കൊണ്ട് യു.പി.എസ്.സി കഴിഞ്ഞ ദിവസം പത്രപരസ്യം നല്‍കിയിരുന്നു. ഈ പരസ്യങ്ങള്‍ ഉള്‍പ്പെടെ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് യു.പി.എസ്.സിയോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കത്തും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പത്ത് ജോയിന്റ് സെക്രട്ടറിമാര്‍, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലകളില്‍നിന്ന് നിയമിക്കാനായിരുന്നു കേന്ദ്ര തീരുമാനം. ഒന്നര ലക്ഷം മുതല്‍ 2.7 വരെയാണ് ശമ്പളമായി നല്കാന്‍ തീരുമാനിച്ചിരുന്നത്. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി. സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നത്.
ആഭ്യന്തരം, വിദ്യാഭ്യാസം, ഐ.ടി, കോര്‍പ്പറേറ്റ് അഫയേഴ്സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കായിരുന്നു 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം.
എന്‍.ഡി.എയിലെ കൂടുതല്‍ പാര്‍ട്ടികള്‍ സമ്മര്‍ദ്ദവുമായി രംഗത്തെത്തുമെന്ന സൂചനകള്‍ ലഭിച്ചതോടെയാണ് കേന്ദ്രം തിടുക്കപ്പെട്ട് തീരുമാനം റദ്ദാക്കിയതെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ജനശക്തി പാര്‍ടിക്കൊപ്പം ജനതാദള്‍ യുണൈറ്റഡും തെലുഗുദേശം പാര്‍ട്ടിയും പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Related Articles
Next Story
Videos
Share it