യു.എസിലെ കൈക്കൂലി കേസില്‍ അദാനിക്ക് സമന്‍സ്, ഗുജറാത്ത് കോടതിക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

വൈദ്യുതവിതരണ കരാറുകള്‍ സ്വന്തമാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് കേസ്
adani group chair gautam adani adani group logo electric post
image credit : Adani Group , canva
Published on

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരായ യു.എസിലെ കൈക്കൂലിക്കേസില്‍ സമന്‍സ് അയക്കാന്‍ അഹമ്മദാബാദിലെ സെഷന്‍സ് കോടതിക്ക് കേന്ദ്ര നീതിന്യായ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സുപ്രധാന കരാറുകള്‍ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസിലാണ് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ സമന്‍സ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട സമന്‍സ് കൈമാറാന്‍ യു.എസ് അധികൃതര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു.

1965ലെ ഹേഗ് സര്‍വീസ് കണ്‍വെന്‍ഷന്‍ ഫോര്‍ സര്‍വീസ് അബ്രോഡ് ഓഫ് ജുഡീഷ്യല്‍ ആന്‍ഡ് എക്‌സ്ട്രാ ജുഡീഷ്യല്‍ ഡോക്യുമെന്റ്‌സ് ഇന്‍ സിവില്‍ ആന്‍ഡ് കൊമേഷ്യല്‍ മാറ്ററിലെ ധാരണ പ്രകാരമാണ് നീക്കം. ഇതനുസരിച്ച് വിദേശരാജ്യങ്ങളില്‍ ഫയല്‍ ചെയ്ത കേസുകളില്‍ നിയമസഹായത്തിനായി മറ്റൊരു രാജ്യത്തെ സമീപിക്കാവുന്നതാണ്. യു.എസ് അധികൃതരുടെ അപേക്ഷ സ്വീകരിച്ച കേന്ദ്രനീതിന്യായ മന്ത്രാലയം സമന്‍സ് അദാനിക്ക് കൈമാറാന്‍ ഗുജറാത്ത് അഹമ്മദാബാദിലെ സെഷന്‍സ് കോടതിയെ നിയോഗിക്കുകയായിരുന്നു.

കേസ് ഇങ്ങനെ

2024 നവംബറിലാണ് ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജി ജീവനക്കാര്‍, അഷുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്‍ കമ്പനീസ് എന്നിവര്‍ക്കെതിരെ യു.എസ്. കോടതി കുറ്റം ചുമത്തിയത്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്നുമാണ് കേസ്. 2020 മുതല്‍ 2024വരെയുള്ള കാലഘട്ടത്തില്‍ വൈദ്യുതി വിതരണ കമ്പനികളില്‍ നിന്ന് സൗരോര്‍ജ്ജ കരാറുകള്‍ നേടുന്നതിനായി ഏകദേശം 2,029 കോടി രൂപ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥകര്‍ക്ക് കൈക്കൂലി നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച അദാനി ഗ്രൂപ്പ് കേസിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചിരുന്നു.

ട്രംപിന്റെ ഉത്തരവ്

യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് അദാനിക്ക് അനുകൂലമായി ഉത്തരവിട്ടിരുന്നു. 50 വര്‍ഷം പഴക്കമുള്ള വിദേശ കൈക്കൂലി നിയമത്തിലെ നടപടികള്‍ മരവിപ്പിച്ചായിരുന്നു ട്രംപിന്റെ നീക്കം. ഇതിന് പിന്നാലെ യു.എസിലെ പ്രവര്‍ത്തനങ്ങള്‍ അദാനി ഗ്രൂപ്പ് കൂടുതല്‍ കാര്യക്ഷമം ആക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദാനി വിഷയം ഇന്ത്യ-യു.എസ് നയതന്ത്ര ചര്‍ച്ചകളില്‍ വിഷയമായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ ലോകനേതാക്കള്‍ ചര്‍ച്ച ചെയ്യില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com