
കുതിച്ചുയരുന്ന വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യഎണ്ണകളുടെ വില കുറയ്ക്കാന്‍ നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമായിട്ടാണ് കുറച്ചത്. ഇതോടെ രാജ്യത്തേക്കുള്ള ഇറക്കുമതി കൂടുതല്‍ ശക്തമാകും. ഭക്ഷ്യ എണ്ണകളുടെ വില കുറയാനും ഈ നടപടി വഴിയൊരുക്കും. 400ന് അടുത്തെത്തിയ വെളിച്ചെണ്ണ വിലയിലടക്കം അധികം വൈകാതെ നീക്കം ഫലംകാണും.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. ഇതോടെയാണ് തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുത്തനെ ഉയര്‍ന്നത്. രാജ്യത്തെ കര്‍ഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്രത്തിന്റെ നീക്കം. പാമോയില്‍, സൂര്യകാന്തി, സോയാബീന്‍ എന്നിവയുടെ ഇറക്കുമതിക്കാണ് പ്രധാനമായും നിയന്ത്രണം കൊണ്ടുവന്നത്.
സൂര്യകാന്തി, സോയാബീന്‍ എണ്ണകള്‍ മലയാളികള്‍ കാര്യമായി ഉപയോഗിക്കാറില്ല. എന്നാല്‍ പാമോയില്‍ കേരളീയരുടെ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ്. വെളിച്ചെണ്ണയ്ക്ക് പകരക്കാരനായാണ് പലപ്പോഴും പാമോയിലിനെ കാണുന്നത്. ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ പാമോയില്‍ വിലയും വര്‍ധിച്ചിരുന്നു.
യഥാര്‍ത്ഥത്തില്‍ പാമോയില്‍ അടക്കമുള്ളവയുടെ വില കൂടിയതും വെളിച്ചെണ്ണ വില ഉയരാന്‍ കാരണമായി. നികുതി കുറച്ചതോടെ വരുംദിവസങ്ങളില്‍ പാമോയില്‍ വില കുറഞ്ഞു തുടങ്ങും. സ്വഭാവികമായും വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നവര്‍ പാമോയിലിലേക്ക് മാറും. ഇത് വെളിച്ചെണ്ണ വില കുറയാനിടയാക്കും.
അതേസമയം, ഒരുപരിധിയില്‍ കൂടുതല്‍ വെളിച്ചെണ്ണ വിലയെ പുതിയ തീരുമാനം സ്വാധീനിക്കില്ലെന്ന് കൊച്ചിന്‍ ഓയില്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തലത്ത് മഹമൂദ് ധനംഓണ്‍ലൈനോട് പറഞ്ഞു. തേങ്ങ ലഭ്യതയിലെ കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഉത്പാദനം വര്‍ധിക്കാതെ വില വലിയ തോതില്‍ കുറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൂര്യകാന്തി, സോയാബീന്‍, തെങ്ങ് കര്‍ഷകരെ സഹായിക്കുന്നതിനാണ് കേന്ദ്രം ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. ഇതുവഴി കര്‍ഷകര്‍ക്ക് നേട്ടം ലഭിക്കുകയും ചെയ്തു. എന്നാല്‍, ലഭ്യത കുറവുണ്ടായതോടെ ഇത്തരം എണ്ണകളുടെ വില ക്രമാതീതമായി വര്‍ധിച്ചു. ഇത് എഫ്.എം.സി.ജി കമ്പനികളുടെ ഉത്പദാനച്ചെലവ് കൂടാനിടയാക്കി. സ്വഭാവികമായും ഭക്ഷ്യ വിഭവങ്ങളുടെ വില കൂടുന്നതിലേക്കും നയിച്ചു. ഭക്ഷ്യ വിഭവങ്ങളുടെ വില ഉയര്‍ന്നതോടെയാണ് കേന്ദ്രം തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതരായത്.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില ലിറ്ററിന് 370-380 രൂപയായിരുന്നു. ഓണം എത്തുന്നതോടെ വില 500 രൂപയ്ക്ക് അടുത്തെത്തുമെന്ന സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് കേന്ദ്രം ഇറക്കുമതി നികുതിയില്‍ കുറവു വരുത്തിയത്. കൂടുതല്‍ പേര്‍ പാമോയിലിലേക്ക് മാറുന്നതോടെ വെളിച്ചെണ്ണ വിലയിലും മാറ്റമുണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine