Begin typing your search above and press return to search.
വീട്ടിലെ മാലിന്യം ഹൈവേകള്‍ക്ക് കരുത്താകും, റോഡ് നിര്‍മാണത്തില്‍ മണ്ണിന് പകരം ഉപയോഗിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
രാജ്യത്തെ റോഡ് നിര്‍മാണത്തിന് മാന്തിയെടുക്കുന്ന മണ്ണിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ കേന്ദ്രം. റോഡ് നിര്‍മിക്കാന്‍ വ്യവസായിക മാലിന്യം, സ്റ്റീല്‍ ഉത്പാദനത്തില്‍ നിന്നുള്ള മാലിന്യം, പ്ലാസ്റ്റിക് മാലിന്യം, ഖരമാലിന്യം തുടങ്ങിയവ ഉപയോഗിക്കാന്‍ കരാറുകാര്‍ക്ക് കേന്ദ്ര ഹൈവേ, റോഡ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇവ ലഭ്യമല്ലെങ്കില്‍ മാത്രമേ റോഡ് നിര്‍മാണത്തിന് മാന്തിയെടുത്ത മണ്ണ് ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കുന്നതും പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുമാണ് കേന്ദ്രത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശവും സര്‍ക്കാര്‍ പുറത്തിറക്കി.
നിലവില്‍ ഹൈവേ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന മണ്ണ് കൃഷി ഭൂമിയില്‍ നിന്നും മറ്റും മാന്തിയെടുക്കുന്നതാണ്. അനിയന്ത്രിതമായി മണ്ണെടുക്കുന്നതിനെതിരെ അടുത്തിടെ സുപ്രീം കോടതി കര്‍ശന നിലപാടെടുത്തിരുന്നു. നഗരപ്രദേശങ്ങളില്‍ ഓരോ ദിവസവും കുമിഞ്ഞുകൂടുന്ന ഖരമാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതും സര്‍ക്കാരിന് തലവേദനയായിരുന്നു. തുടര്‍ന്നാണ് പരിസ്ഥിതിയെ ബാധിക്കാതെയും വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താതെയുമുള്ള ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങിയത്. ഈ രണ്ട് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി രണ്ട് പൈലറ്റ് പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. ഡല്‍ഹി-മുംബയ് എക്‌സ്പ്രസ്‌വേ, അഹമ്മദാബാദ്-ധോലേറ എക്‌സ്പ്രസ്‌വേ എന്നിവിടങ്ങളില്‍ നടത്തിയ പരീക്ഷണം വിജയമാണെന്ന് കണ്ടതോടെ കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
10 ഹെക്ടര്‍ ഭൂമി
നിലവില്‍ ഖരമാലിന്യ സംസ്‌ക്കരണത്തിനായി വിവിധ സംസ്ഥാനങ്ങളിലായി 10 ഹെക്ടര്‍ ഭൂമി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹം എന്നിവ വേര്‍തിരിച്ച ശേഷം റോഡ് നിര്‍മാണത്തിന് ഉപയോഗിക്കാനാണ് പദ്ധതി. ഇതോടെ 10 ഹെക്ടര്‍ ഭൂമിയിലെ സിംഹഭാഗവും മറ്റാവശ്യങ്ങള്‍ക്ക് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. പാരിസ്ഥിതിക പ്രശ്‌നങ്ങളും പ്രാദേശിക എതിര്‍പ്പുകളും കാരണം മണ്ണ് കിട്ടാതെ വരുന്ന സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയുമില്ല.
Next Story
Videos