

ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 6 ശതമാനം ഡിജിറ്റല്‍ നികുതി ( ഇക്വലൈസേഷന്‍ ലെവി ) അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിക്കിടെ അമേരിക്കന്‍ കമ്പനികളായ മെറ്റ, ഗൂഗിള്‍ എന്നിവര്‍ക്ക് നേട്ടമുണ്ടാക്കുന്നതാണ് പുതിയ നീക്കം. ഇറക്കുമതി ചെയ്യുന്ന ആഡംബര വാഹനങ്ങളുടെ നികുതി കുറച്ചതിന് പിന്നാലെ യു.എസ് പ്രതികാര തീരുവയില്‍ നിന്നും രക്ഷപ്പെടാനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നാണ് വിലയിരുത്തല്‍. ഇക്കൊല്ലത്തെ ഫിനാന്‍സ് ബില്ലില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച 59 ഭേദഗതികളില്‍ ഒന്നാണിത്. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നികുതിയില്ലാതാകും.
ഉയര്‍ന്ന നികുതി ഈടാക്കുന്ന രാജ്യങ്ങള്‍ക്ക് ഏപ്രില്‍ രണ്ട് മുതല്‍ തതുല്യ നികുതി ഈടാക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. വിദേശ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 2 ശതമാനം ഈക്വലൈസേഷന്‍ ലെവി കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ കമ്പനികളായ മെറ്റ, ഗൂഗിള്‍, എക്‌സ് തുടങ്ങിയവര്‍ക്ക് നികുതി ഭാരമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ പരസ്യങ്ങളുടെ നികുതിയും ഒഴിവാക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ കമ്പനികള്‍ക്ക് ഡിജിറ്റല്‍ ലെവി ഈടാക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ഈടാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. യു.എസ് കമ്പനികള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം അമേരിക്കക്ക് മാത്രമേയുള്ളൂ എന്നാണ് ട്രപിന്റെ വാദം.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കാത്ത വിദേശ കമ്പനി ഇന്ത്യയില്‍ നല്‍കുന്ന പരസ്യങ്ങളിലൂടെ സ്വരൂപിക്കുന്ന വരുമാനത്തില്‍ നിന്നും ഈടാക്കുന്ന പ്രത്യക്ഷ നികുതിയാണ് ഇക്വലൈസേഷന്‍ ലെവി അല്ലെങ്കില്‍ ഗൂഗിള്‍ ടാക്‌സ് എന്നറിയപ്പെടുന്നത്. 2016 മുതലാണ് ഇത്തരം നികുതി ഈടാക്കി തുടങ്ങിയത്. 2020ല്‍ വിദേശ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് 2 ശതമാനം ലെവി ഏര്‍പ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം പിന്‍വലിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine