വൈദ്യുത വാഹന ചാര്‍ജിംഗ് പോയിന്റ് കണ്ടെത്താന്‍ ആപ്പ് വരുന്നു
ഏറ്റവും അടുത്തുള്ള ചാര്‍ജിംഗ് പോയിന്റ് കണ്ടെത്താന്‍ ഇന്ത്യയിലെ വൈദ്യുത വാഹന (ഇ.വി) ഉപയോക്താക്കളെ സഹായിക്കുന്ന മാസ്റ്റര്‍ ആപ്പിന്റെ പണിപ്പുരയിലാണ് കേന്ദ്ര സര്‍ക്കാരെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. കൂടുതല്‍ ആളുകള്‍ ഇ.വി വാങ്ങാനായി മുന്നോട്ടു വരുന്നതിന് ഇത് സഹായിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ആപ്പിന്റെ ബീറ്റ പതിപ്പ് എത്രയും വേഗം പുറത്തിറക്കും. ഈ ആപ്പിന്റെ സഹായത്തോടെ, ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷന്‍ കണ്ടെത്താനും ചാര്‍ജിംഗിന്റെ പണമിടപാടുകള്‍ നടത്താനും സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും കഴിയും. കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്ന ഈ ആപ്പിന് ധനസഹായം നല്‍കുന്നത് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കാണ് (എ.ഡി.ബി).
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി അനുസരിച്ച് 2023 മെയ് 5 വരെ ഇന്ത്യയില്‍ 7,013 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാണ്. 68 ഇന്ത്യന്‍ നഗരങ്ങളിലായി 2,877 ചാര്‍ജിംഗ് സ്റ്റേഷനുകളും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യയിലുടനീളമുള്ള ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിന് ഫെയിമിന്റെ (Faster Adoption and Manufacturing of Hybrid and Electric Vehicles) ഭാഗമായി 1,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഫെയിം രണ്ടാം ഘട്ടത്തില്‍ 16 ഹൈവേകളിലും ഒമ്പത് എക്സ്പ്രസ് വേകളിലുമായി 1,576 ചാര്‍ജിംഗ് സ്റ്റേഷനുകളും അനുവദിച്ചിട്ടുണ്ട്. കൂടാതെ, ഇന്ധന പമ്പുകളില്‍ 22,000 ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് 800 കോടി രൂപ അടുത്തിടെ അനുവദിച്ചിരുന്നു.