വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 5,000 രൂപ വീതം ലഭിക്കും; പുതിയ കേന്ദ്രപദ്ധതി അടുത്തയാഴ്ച്ച മുതല്‍; വിശദാംശങ്ങള്‍ പുറത്ത്

മോദി സര്‍ക്കാര്‍ പുതുതായി ആരംഭിക്കുന്ന പി.എം ഇന്റേണ്‍ഷിപ്പ് സ്‌കീമിന്റെ മാര്‍ഗനിര്‍ദേശം അടുത്തയാഴ്ച്ച കേന്ദ്രം പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റിലെ പ്രധാന നിര്‍ദ്ദേശമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് കോര്‍പറേറ്റ് കമ്പനികളില്‍ സാമ്പത്തിക സഹായത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് അനുവദിക്കുകയെന്നത്. ഇതിനായി 20,000 കോടി രൂപ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയമാകും പദ്ധതിയുടെ യോഗ്യത മാനദണ്ഡങ്ങള്‍ പുറത്തിറക്കുക. പ്രതിമാസം 5,000 രൂപ വീതം ഒരു വര്‍ഷം 60,000 രൂപ വീതം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പദ്ധതിയാണിത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക. എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതിയില്‍ അംഗത്വം നല്‍കുക.

ഇന്റേണ്‍ഷിപ്പ് സ്വകാര്യ കമ്പനികളില്‍, ഫണ്ട് സര്‍ക്കാരിന്റെ

ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ലഭിക്കുന്ന 5,000 രൂപയില്‍ 4,500 രൂപയും കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. 500 രൂപ കമ്പനികള്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ഫണ്ടില്‍ നിന്ന് ലഭ്യമാക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയില്‍ ചേരുന്നതിന് അപേക്ഷിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലും വൈകാതെ പുറത്തിറക്കും. അപേക്ഷിക്കുന്നവര്‍ക്ക് അനുയോജ്യമായ കമ്പനികള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാക്കുമെന്നാണ് വിവരം.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, എന്‍ടിപിസി എന്നീ വമ്പന്മാരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പദ്ധതിയില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 6,000 രൂപ മുന്‍കൂറായി കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവരുടെ ചെലവ് വഹിക്കേണ്ടത് അതാത് കമ്പനികളാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ സി.എസ്.ആര്‍ വിനിയോഗിക്കല്‍ പരിശോധിച്ച ശേഷമാകും ഏതൊക്കെ കമ്പനികള്‍ പദ്ധതിയുടെ ഭാഗമാകുമെന്ന് കേന്ദ്രസര്‍ക്കാരാകും തീരുമാനിക്കുക.
Related Articles
Next Story
Videos
Share it