കർഷകര്‍ക്ക് കോമൺ ഫെസിലിറ്റി സെന്ററുകൾ സ്ഥാപിക്കാന്‍ സഹായങ്ങളുമായി ജൈവഗ്രാമം പദ്ധതി

സംസ്ഥാനത്തെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന കാർഷിക പദ്ധതിയായ ജൈവഗ്രാമത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് കർഷക ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) തുടക്കമായി.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍

50 ശതമാനം വരെ സാമ്പത്തിക സഹായത്തോടെ കർഷകർക്ക് വിത്ത്, തൈകൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ തുടങ്ങിയവ ലഭ്യമാക്കുക, കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ച് സന്നദ്ധസംഘടനകളിലൂടെ വിറ്റഴിക്കുന്നതിനുള്ള മാർക്കറ്റിംഗ് സംവിധാനം വിപുലപ്പെടുത്തുക, കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം കൊടുക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങള്‍.
50 മുതൽ 100 വരെയുളള കർഷകരുടെ ക്ലസ്റ്ററുകൾ പ്രാദേശികമായി രൂപീകരിച്ച് കർഷകർക്കാവശ്യമായ പരിശീലന പരിപാടികൾ പദ്ധതിയുടെ ഭാഗമായി നൽകും. കാർഷികോല്‍പ്പന്നങ്ങൾ സംഭരിച്ച്, അവ മൂല്യ വർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനായി പ്രോസസിംഗ് സെന്ററുകളും കോമൺ ഫെസിലിറ്റി സെന്ററുകളും ആരംഭിക്കുന്നതാണ്.
പദ്ധതിയുടെ ഭാഗമായി കർഷക ക്ലസ്റ്ററുകളിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വിപുലമായ മാർക്കറ്റിംഗ് ശൃംഖല കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ട്. ഓൺലൈൻ പോർട്ടലിലൂടെ ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ്. കേരളത്തിലെ 170 ലധികം സന്നദ്ധ സംഘടനകൾ പദ്ധതിയുടെ നടത്തിപ്പ് ഏജൻസികളായി പ്രവർത്തിക്കുന്നുണ്ട്.

600 ഓളം കർഷകര്‍ പങ്കെടുത്ത സംഗമം

പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനവും തിരഞ്ഞെടുക്കപ്പെട്ട 600 ഓളം കർഷകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കർഷക സംഗമവും കാക്കനാട് ചിറ്റിലപ്പള്ളി സ്ക്വയറിൽ നടന്നു. കേരളത്തിലുടനീളം പദ്ധതിയുടെ പ്രവർത്തനങ്ങളുടെ വിപുലീകരണവുമായി ബന്ധപ്പെട്ടു കർഷക ക്ലസ്റ്ററുകൾ സ്ഥാപിക്കുമെന്ന് ജൈവഗ്രാമം ചീഫ് കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ പറഞ്ഞു. പ്രൊഫഷണൽ സർവീസസ്‌ ഇന്നോവേഷന്റെയും ഗ്രാസ്സ്റൂട്സ് ഇമ്പാക്ട് ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് കർഷകസംഗമം സംഘടിപ്പിച്ചത്. സംഗമത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നിർവഹിച്ചു.
രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും കേരളത്തിലെ മികച്ച കാർഷിക സംരംഭകന് പുരസ്കാരം നല്‍കുന്നതാണ്. പ്രഥമ പുരസ്കാരം തൃശ്ശൂർ മാള സ്വദേശി ഡേവിസ് കൈതാരത്തിന് സമ്മാനിച്ചു.

Related Articles

Next Story

Videos

Share it