
പാക്കിസ്ഥാനെതിരായ സൈനിക നീക്കത്തിനു പിന്നാലെ നയതന്ത്ര മാര്‍ഗങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ് ഇന്ത്യ. പ്രബല രാജ്യങ്ങളിലേക്ക് എംപിമാരുടെ നയതന്ത്ര സംഘം കാര്യങ്ങള്‍ വിശദീകരിക്കാന്‍ യാത്ര തുടങ്ങിയിട്ടുണ്ട്. ഒരേസമയം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ പാക്കിസ്ഥാനെ വരിഞ്ഞു മുറുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
വര്‍ഷങ്ങളായി പാക്കിസ്ഥാനുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന ചില രാജ്യങ്ങളെ ഒപ്പംകൂട്ടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. അതിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. തീവ്രവാദത്തിന്റെ വേരുകള്‍ക്ക് അഫ്ഗാനിലേക്ക് വ്യാപിച്ചപ്പോള്‍ അതിന്റെ വിളവെടുത്തത് പാക്കിസ്ഥാനായിരുന്നു. ആദ്യ താലിബാനെ വെള്ളവും വളവും കൊടുത്ത് വളര്‍ത്താന്‍ പാക് സൈന്യവും ഭരണകൂടവും കാര്യമായി ശ്രദ്ധിച്ചിരുന്നു.
ജനാധിപത്യ സര്‍ക്കാരിനെ താഴെയിട്ട് താലിബാന്‍ രണ്ടാംവട്ടവും അധികാരം പിടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ അഫ്ഗാനില്‍ വീണ്ടും നിയന്ത്രണമേറ്റെടുക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. പതിവ് കാര്‍ക്കശ്യത്തില്‍ അയവുവരുത്തിയും പുരോഗമനവാദം പ്രകടമാക്കിയും ലോകത്തിന്റെ സ്വീകാര്യത പിടിച്ചുപറ്റാനാണ് താലിബാന്‍ ശ്രമിച്ചത്. ഇതിനൊപ്പം വലിയ കാര്യങ്ങള്‍ അതിര്‍ത്തിയിലും സംഭവിച്ചു.
അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മനുഷത്വമില്ലാത്ത രീതിയില്‍ പാക്കിസ്ഥാന്‍ അവരുടെ രാജ്യത്തു നിന്ന് പുറത്താക്കി. ഇത് താലിബാന്‍-പാക്കിസ്ഥാന്‍ ബന്ധം ഏറ്റവും മോശം രീതിയിലാക്കി. പാക്കിസ്ഥാനില്‍ താലിബാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ അടിക്കടി ആക്രമണം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ ശത്രുത കടുത്തു.
ഇറാന്റെ ചാബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം ഇന്ത്യയ്ക്ക് ലഭിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്. 2003 മുതല്‍ ചര്‍ച്ചയിലായിരുന്ന പദ്ധതിക്ക് വേഗം വന്നത് 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശനത്തോടെയായിരുന്നു. ഇപ്പോള്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതോടെ മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ മേല്‍ക്കൈയാണ് ലഭിക്കുന്നത്.
യൂറോപ്പിലേക്കും മധ്യേഷയിലേക്കുമുള്ള ഇന്ത്യയുടെ വാണിജ്യ പാത കൂടിയാണ് ചാബഹാറിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. യൂറോപ്പിലേക്കുള്ള കപ്പല്‍ യാത്രയില്‍ 20 ദിവസം ലാഭിക്കാന്‍ ഈ റൂട്ട് സഹായിക്കും. ചെലവില്‍ 30 ശതമാനത്തിന്റെ ലാഭവും ഉണ്ടാകും. കസാഖിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ മറ്റ് മധ്യേഷന്‍ രാജ്യങ്ങള്‍ എന്നിവയിലേക്ക് വാണിജ്യ ബന്ധം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കും.
വാണിജ്യ നീക്കത്തിന് അഫ്ഗാന്‍ ഇതുവരെ ഉപയോഗിച്ചിരുന്നത് പാക്കിസ്ഥാനിലെ ഗ്വാധര്‍ തുറമുഖത്തെയാണ്. പാക് ബന്ധം വഷളായതോടെ അവരുമായുള്ള ബന്ധം പരമാവധി കുറയ്ക്കാനാണ് താലിബാന്‍ ശ്രമിക്കുന്നത്. ചാബഹാറിലേക്ക് മാറുന്നത് ഗ്വാധര്‍ തുറമുഖത്തെ ആശ്രയിക്കേണ്ട അവസ്ഥ ഒഴിവാകും. ചാബഹാര്‍ തുറമുഖവും ഗ്വാധറിലെ പാക് തുറമുഖവും തമ്മില്‍ കടല്‍മാര്‍ഗം വെറും 214 കിലോമീറ്റര്‍ മാത്രമാണ് അകലമുള്ളത്.
ചാബഹാര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ ഗ്വാധറിന്റെ പ്രസക്തിയും കുറയും. ഈ റൂട്ടില്‍ ചൈനയ്ക്ക് കൃത്യമായ മറുപടി നല്കാനും വാണിജ്യപരവും രാഷ്ട്രീയപരവുമായി മേധാവിത്വം നേടാനും ഇന്ത്യയ്ക്കാകും.
മേഖലയിലെ രാജ്യങ്ങളെ ചൈനീസ് അനുകൂല മനോഭാവത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ഇന്ത്യയ്‌ക്കൊപ്പം നിലനിര്‍ത്താനും ചബഹറിന് സാധിക്കും. മേഖലയിലാകെ ഇംപാക്ട് ഉണ്ടാക്കിയെടുക്കാന്‍ ഈ തുറമുഖത്തിന് സാധിക്കുമെന്നതാണ് അമേരിക്കന്‍ ഉപരോധത്തെയും മറികടന്ന് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാനമന്ത്രി മോദിയെ പ്രേരിപ്പിച്ചതും.
Read DhanamOnline in English
Subscribe to Dhanam Magazine