Begin typing your search above and press return to search.
ആന്ധ്രക്ക് വേണം, ലക്ഷം കോടി - മോദിയോട് നായിഡുവിൻ്റെ ഡിമാൻ്റ്
സംസ്ഥാനത്തിന് പ്രത്യേക പദവിക്ക് പിന്നാലെ ആന്ധ്രപ്രദേശിന്റെ പുനര്‍നിര്‍മാണത്തിനായി ഒരുലക്ഷം കോടി രൂപ കൂടി കേന്ദ്രത്തോട് ആവശ്യപ്പെട്ട് തെലുഗ് ദേശം പാര്‍ട്ടി (ടി.ഡി.പി) നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ എന്‍.ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും വികസന പദ്ധതികള്‍ നിലച്ചെന്നുമാണ് നായിഡു പറയുന്നത്.
നായിഡുവിന്റെ പാര്‍ട്ടിയിലെ 16 എം.പിമാരാണ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിലെ പ്രമുഖ ഘടകകക്ഷിയായ ടി.ഡി.പിയുടെ ആവശ്യം കേന്ദ്രത്തിന് തള്ളിക്കളയാനാവില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും പ്രധാന വകുപ്പുകളില്‍ മന്ത്രിസ്ഥാനവും ടി.ഡി.പി ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ബി.ജെ.പി തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് വലിയ സാമ്പത്തിക പാക്കേജ് ആവശ്യവും. ആന്ധ്രയ്ക്ക് മാത്രമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. എന്നാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി പാക്കേജ് പ്രഖ്യാപിക്കുമെന്നും അതില്‍ ആന്ധ്രയ്ക്ക് സവിശേഷ സ്ഥാനം നല്‍കുമെന്നുമാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നായിഡു ധനമന്ത്രി നിര്‍മലാ സീതാരാമന്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഒരു ലക്ഷം കോടി രൂപ സംസ്ഥാനത്തിന് അനുവദിക്കണമെന്ന് ഇവരോട് അദ്ദേഹം ആവശ്യപ്പെട്ടു. 16ാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ അരവിന്ദ് പനഗിരിയയോടും അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു. അമരാവതിയെ സംസ്ഥാന തലസ്ഥാനമാക്കി മാറ്റാന്‍ 50,000 കോടി രൂപ വേണമെന്നാണ് ആവശ്യം. 12,000 കോടി രൂപ പോളവാരം കുടിവെള്ള പദ്ധതിക്കും വേണം. കൂടാതെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളായ റോഡ്, പാലം, കുടിവെള്ളം തുടങ്ങിയവയ്ക്ക് പ്രത്യേക സഹായവും തേടിയിട്ടുണ്ട്. സംസ്ഥാനത്തെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക പാക്കേജും അദ്ദേഹം ആവശ്യപ്പെട്ടു.
ആന്ധ്രയെ പുനര്‍നിര്‍മിക്കും
അഞ്ചുവര്‍ഷത്തിനുള്ളില്‍ ആന്ധ്രപ്രദേശിനെ പുനര്‍നിര്‍മിക്കുമെന്ന് നായിഡു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് വലിയ നിക്ഷേപങ്ങള്‍ കൊണ്ടുവരും. കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Next Story
Videos