ടാറ്റ സണ്‍സിന്റെ സാരഥ്യത്തില്‍ ചന്ദ്രശേഖരന് രണ്ടാമൂഴം?

ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയില്‍ എന്‍. ചന്ദ്രശേഖരന്‍ തുടര്‍ന്നേക്കും. 2022 ഫെബ്രുവരിയാണ് ചന്ദ്രശേഖരന്റെ ചെയര്‍മാന്‍ പദവിയുടെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ ചന്ദ്രശേഖരന്‍ പദവിയില്‍ തുടരുന്നതിനെ ടാറ്റ ട്രസ്റ്റ് ബോര്‍ഡും ചെയര്‍മാന്‍ രത്തന്‍ ടാറ്റയും അനുകൂലിക്കുന്നതായാണ് സൂചന.

ചന്ദ്രശേഖരന് വീണ്ടും ചെയര്‍മാനായി നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചന്ദ്രശേഖരന്റെ പ്രകടനത്തില്‍ ഗ്രൂപ്പിന്റെ എല്ലാ പങ്കാളികളും സംതൃപ്തരാണെന്നാണ് സൂചന.

ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ കാലത്താണ് ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ പദവി ഏറ്റെടുത്തത്. വെല്ലുവിളികളെ ഫലപ്രദമായി നേരിട്ടപ്പോള്‍ തന്നെ പുതിയ കാലത്തിന്റെ അവസരങ്ങളെ മികച്ച രീതിയില്‍ മുതലാക്കാനും ചന്ദ്രശേഖരന്റെ സാരഥ്യത്തില്‍ ടാറ്റ ഗ്രൂപ്പിന് സാധിച്ചു. രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചന്ദ്രശേഖരന്‍ അദ്ദേഹവുമായി കൂടിയാലോചിച്ചാണ് ടാറ്റയുടെ പുതിയ ചുവടുവെപ്പുകള്‍ നടത്തുന്നത്.

ഉപ്പ് മുതല്‍ സോഫ്റ്റ്‌വെയര്‍ രംഗം വരെ വ്യാപിച്ചുകിടക്കുന്ന ടാറ്റ സാമ്രാജ്യത്തെ ഡിജിറ്റല്‍ യുഗത്തില്‍ പുതുതലമുറ കമ്പനിയാക്കി രൂപാന്തരീകരണം നടത്തിയെന്നതാണ് ചന്ദ്രശേഖരന്‍ ചെയ്ത നിര്‍ണായക കാര്യം. ടാറ്റയുടെ സൂപ്പര്‍ ആപ്പ് പോലും അണിയറയില്‍ ഒരുങ്ങുകയാണ്. ആഗോള ഇ കോമേഴ്‌സ് വമ്പന്മാരെയും ടെക് ഭീമന്മാരെയും എതിരിടാന്‍ പ്രാപ്തമായ വിധത്തിലേക്ക് ടാറ്റ മാറിയതിന് പിന്നില്‍ ചന്ദ്രശേഖന്റെ ചടുലമായ പ്രവര്‍ത്തനരീതിയുണ്ട്.

ഇത്തരം ദൗത്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ പദവിയില്‍ തുടരുന്നത് തന്നെയാകും ഉചിതമെന്ന് ടാറ്റ ട്രസ്റ്റും രത്തന്‍ ടാറ്റയും തീരുമാനിക്കാനാണിട.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it