Begin typing your search above and press return to search.
നേമം ഇനി സൗത്ത്, കൊച്ചുവേളി നോര്‍ത്ത് : തലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റം എന്തിന്?
തിരുവനന്തപുരം നഗര പരിധിയിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകളുടെ പേര് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. നേമം ഇനി തിരുവനന്തപുരം സൗത്ത് റെയില്‍വേ സ്റ്റേഷനെന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനെന്നും അറിയപ്പെടും. തമ്പാനൂരിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനുകളായി ഇവ പ്രവര്‍ത്തിക്കും. പേരുമാറ്റം അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കത്ത് കേരളത്തിന് ലഭിച്ചു. സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍ ഇക്കാര്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ വീതം അകലെയാണ് നേമം, കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ഥിതിചെയ്യുന്നത്. തമ്പാനൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിച്ചതോടെ ചില ട്രെയിനുകള്‍ കൊച്ചുവേളിയിലേക്ക് മാറ്റിയിരുന്നു. പല ദീര്‍ഘദൂര ട്രെയിനുകളും സര്‍വീസ് തുടങ്ങുന്നത് കൊച്ചുവേളിയില്‍ നിന്നാണ്. ദിവസവും ഏതാണ്ട് ഏഴായിരത്തോളം യാത്രക്കാരും കൊച്ചുവേളിയെ ആശ്രയിക്കുന്നുവെന്നാണ് കണക്ക്.
കൊച്ചുവേളിയെക്കുറിച്ച് കേട്ടിട്ടില്ല
അതേസമയം, കേരളത്തിന് വെളിയിലുള്ളവര്‍ക്ക് കൊച്ചുവേളി തിരുവനന്തപുരം നഗരത്തിലാണുള്ളതെന്ന കാര്യം അറിയില്ല. ഇത് പലപ്പോഴും യാത്ര റദ്ദാക്കാനും മറ്റും ഇടയാക്കുന്നുണ്ട്. കൊച്ചുവേളിക്കൊപ്പം തിരുവനന്തപുരത്തിന്റെ ബ്രാന്‍ഡിംഗും വരുന്നത് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലടക്കം കൂടുതല്‍ ശ്രദ്ധലഭിക്കാന്‍ ഇടയാക്കും. തലസ്ഥാനത്തെ ടൂറിസം രംഗത്തിനും ഇത് ഗുണകരമാകും. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവര്‍ക്ക് കോവളം, പൂവാര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ എത്തുകയും ചെയ്യാം.
പേര് മാറ്റിയത് കൊണ്ടായോ റെയില്‍വേ വികസനം
അതേസമയം, സ്‌റ്റേഷനുകളുടെ പേരുമാറ്റം കൊണ്ടുമാത്രം തലസ്ഥാനത്തെ റെയില്‍വേ വികസനം സാധ്യമാകില്ലെന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കൊച്ചുവേളിയില്‍ നിന്നും നഗരത്തിലേക്കും തിരിച്ചും മതിയായ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. പ്രധാന ട്രെയിനുകള്‍ എത്തുമ്പോള്‍ മാത്രമുള്ള ലോഫ്‌ളോര്‍ സര്‍വീസുകള്‍ മാത്രമാണ് ഏക ആശ്രയം. തലസ്ഥാന നഗരത്തില്‍ വിജയകരമായി നടപ്പിലാക്കിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ കൊച്ചുവേളിയിലേക്ക് നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യവും നടന്നിട്ടില്ല. 2005ല്‍ ആരംഭിച്ച സ്റ്റേഷന്റെ പ്രവര്‍ത്തനം മുരടിച്ചത് മതിയായ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്താത്തത് മൂലമാണെന്ന ആക്ഷേപവും ശക്തമാണ്. മിക്കവരും കൊച്ചുവേളിയിലേക്ക് ടിക്കറ്റ് എടുക്കാത്തത് ഇവിടേക്കുള്ള യാത്രാ ദുരിതം ഓര്‍ത്തിട്ടാണെന്നും യാത്രക്കാര്‍ പറയുന്നു.
പ്രതീക്ഷയുടെ ട്രാക്കില്‍ നേമം
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണെങ്കിലും നേമം കോച്ചിംഗ് ടെര്‍മിനല്‍ ഇപ്പോഴും ഇഴച്ചിലിലാണ്. 117 കോടി രൂപ ചെലവില്‍ നേമം കോച്ചിംഗ് ടെര്‍മിനല്‍ വികസിപ്പിച്ചാല്‍ കൊച്ചുവേളി, നേമം, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനുകളിലെ സൗകര്യവും വര്‍ധിക്കും. നേമത്ത് നിലവിലുള്ള സ്‌റ്റേഷന്‍ മന്ദിരം പൊളിച്ച് പുതിയത് പണിയും. സ്റ്റേഷന് എതിര്‍ വശത്തായി 650 മീറ്റര്‍ നീളത്തില്‍ പിറ്റ്‌ലൈനും നിര്‍മിക്കും. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ഷണ്ടിംഗ് ഇവിടേക്ക് മാറ്റുകയാണ് ലക്ഷ്യം. തിരുവനന്തപുരം-നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാവുകയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുന്നതോടെ തിരക്കുള്ള സ്‌റ്റേഷനായി നേമം മാറും. കൂടുതല്‍ ട്രെയിനുകള്‍ ഇവിടെ നിന്നും സര്‍വീസ് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യും. സമയപരിധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Next Story
Videos