

സ്വർണവില ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്താത്ത ഉയരങ്ങളിലേക്ക് കുതിക്കുന്ന സാഹചര്യത്തിലാണ് രാജ്യം അടുത്ത കേന്ദ്ര ബജറ്റിനായി കാത്തിരിക്കുന്നത്. സാധാരണക്കാർക്ക് അപ്രാപ്യമായ രീതിയിൽ പവന് 1,10,000 രൂപ എന്ന റെക്കോർഡ് നിലവാരത്തിന് മുകളിലാണ് രണ്ട് ദിവസമായി സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4,800 ഡോളർ കടന്നതാണ് ആഭ്യന്തര വിപണിയിലും ഈ വലിയ പ്രതിഫലനത്തിന് കാരണമായത്.
രാജ്യത്തെ വർദ്ധിച്ചുവരുന്ന വ്യാപാര കമ്മി (Trade Deficit) നിയന്ത്രിക്കുന്നതിനായി സ്വർണത്തിന്റെ ഇറക്കുമതി തീരുവ (Import Duty) സർക്കാർ വർദ്ധിപ്പിച്ചേക്കുമെന്ന് വിപണിയിൽ ശക്തമായ അഭ്യൂഹങ്ങളുണ്ട്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. കഴിഞ്ഞ ബജറ്റിൽ സ്വർണക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെ തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. എന്നാൽ, ഈ നടപടി സ്വർണ ഇറക്കുമതി വൻതോതിൽ വർദ്ധിക്കാൻ കാരണമായി. ഇത് ഇന്ത്യൻ രൂപയുടെ മൂല്യത്തെ തളർത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നു.
നിലവിൽ സർക്കാർ ഒരു നയപരമായ പ്രതിസന്ധിയെയാണ് നേരിടുന്നത്. തീരുവ വർദ്ധിപ്പിച്ചാൽ അത് സ്വർണക്കടത്ത് വീണ്ടും സജീവമാക്കാൻ ഇടയാക്കിയേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. മറുഭാഗത്ത്, തീരുവ കുറച്ചുതന്നെ നിലനിർത്തിയാൽ ഇറക്കുമതി വർദ്ധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കും. അതിനാൽ തീരുവ 10 ശതമാനമോ 15 ശതമാനമോ ആയി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
ഈ വാർത്തകളുടെ പശ്ചാത്തലത്തിൽ സ്വർണ ഫ്യൂച്ചർ മാർക്കറ്റിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. സ്പോട്ട് വിലയേക്കാൾ ഉയർന്ന പ്രീമിയത്തിലാണ് ഫ്യൂച്ചറുകൾ വ്യാപാരം ചെയ്യപ്പെടുന്നത്, ഇത് വരാനിരിക്കുന്ന നികുതി വർദ്ധനവിനെ വിപണി മുൻകൂട്ടി കാണുന്നു എന്നതിന്റെ സൂചനയായും കരുതാം. ജനുവരി ഒന്നു മുതൽ ആഗോളതലത്തിൽ സ്വർണവിലയിൽ 10 ശതമാനത്തിലധികം വർദ്ധനവുണ്ടായിട്ടുണ്ട്. ഇറക്കുമതിക്കാർ വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ നിലവിൽ വ്യാപാരത്തിന്റെ അളവ് (Volume) കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബജറ്റിലെ കൃത്യമായ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് സ്വർണ വിപണി.
സ്വര്‍ണവിലയിലെ ക്രമാതീതമായ വര്‍ധന ചൂണ്ടിക്കാട്ടി ജി.എസ്.ടി കുറക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ബജറ്റില്‍ നിലവിലെ 3 ശതമാനത്തില്‍ നിന്ന് ജി.എസ്.ടി 1.5 ശതമാനമായി കുറക്കണമെന്നാണ് ഓൾ ഇന്ത്യ ജെം & ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ധനമന്ത്രി നിർമ്മല സീതാരാമനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനായി കൈവശമുള്ള സ്വർണത്തെ സാമ്പത്തിക വിപണിയിലേക്ക് എത്തിക്കുന്ന ഗോൾഡ് മൊണിറ്റൈസേഷൻ സ്കീമുകൾ കൂടുതൽ വ്യാപകമാക്കണമെന്ന നിർദേശവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. സ്വർണവില പിടിച്ചുനിർത്താൻ ബജറ്റിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് വിപണി പൊതുവെ പ്രതീക്ഷിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine