പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം; ഇനിയും ഇത് എടുക്കാത്തവരാണോ? ഏപ്രില്‍ 1 മുതല്‍ അപേക്ഷിക്കാന്‍ ആധാര്‍ മാത്രം പോരാ

ഏപ്രില്‍ 1 മുതല്‍, പാന്‍ കാര്‍ഡിലെ പേര് ആധാര്‍ കാര്‍ഡിലുണ്ടാവുന്നത് പോലെ മാത്രമായിരിക്കും
പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം; ഇനിയും ഇത് എടുക്കാത്തവരാണോ? ഏപ്രില്‍ 1 മുതല്‍ അപേക്ഷിക്കാന്‍ ആധാര്‍ മാത്രം പോരാ
Published on

പാന്‍ (PAN) കാര്‍ഡിനായി അപേക്ഷിക്കുന്നതിനുള്ള ചട്ടങ്ങളില്‍ 2026 ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നു. പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് പാന്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള സൗകര്യം നിര്‍ത്തലാക്കും.

നിലവില്‍ ആധാര്‍ കാര്‍ഡ് മാത്രം തിരിച്ചറിയല്‍ രേഖയായി നല്‍കി എളുപ്പത്തില്‍ പാന്‍ കാര്‍ഡ് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മാര്‍ച്ച് 31-ന് ശേഷം ഈ രീതി അവസാനിക്കും. അപേക്ഷാ നടപടികളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

പുതിയ അപേക്ഷാ ഫോമുകള്‍

ഗവണ്‍മെന്റ് പിന്തുണയുള്ള കോമണ്‍ സര്‍വീസ് സെന്ററുകള്‍ (CSC) വഴിയാണ് ഈ വിവരം പൊതുജനങ്ങളെ അറിയിച്ചത്. പാന്‍ കാര്‍ഡ് ഇതുവരെ എടുക്കാത്തവര്‍ മാര്‍ച്ച് 31-നകം ആധാര്‍ ഉപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

ഏപ്രില്‍ 1 മുതല്‍ നിയമങ്ങള്‍ മാറുന്നതോടെ, പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷകര്‍ പുതിയ അപേക്ഷാ ഫോമുകള്‍ ഉപയോഗിക്കേണ്ടി വരും. ഇതിനായി ആധാര്‍ കാര്‍ഡിന് പുറമെ ജനനത്തീയതി തെളിയിക്കുന്നതിനുള്ള അധിക രേഖകള്‍ കൂടി ആവശ്യമാണ്.

ജനനത്തീയതി തെളിയിക്കുന്നതിനായി ആറ് വ്യത്യസ്ത തരം തിരിച്ചറിയല്‍ രേഖകള്‍ ഔദ്യോഗികമായി സ്വീകരിക്കുമെന്ന് എക്‌സ് (X) പോസ്റ്റില്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ കാര്‍ഡ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് (പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്), ഡ്രൈവിംഗ് ലൈസന്‍സ്, സത്യവാങ്മൂലം (Affidavit), പാസ്പോര്‍ട്ട് അല്ലെങ്കില്‍ ജനനത്തീയതി തെളിയിക്കുന്ന മറ്റ് സര്‍ക്കാര്‍ രേഖകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഏപ്രില്‍ 1 മുതല്‍, പാന്‍ കാര്‍ഡിലെ പേര് ആധാര്‍ കാര്‍ഡിലുണ്ടാവുന്നത് പോലെ മാത്രമായിരിക്കും. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ പഴയ അപേക്ഷാ ഫോമുകള്‍ക്ക് സാധുതയുണ്ടാവില്ലെന്ന് സിഎസ്സി (CSC) അറിയിച്ചു. 'പുതിയ പാന്‍ അപേക്ഷാ ഫോമുകള്‍ ഉടന്‍ ലഭ്യമാക്കും,' എന്നും അധികൃതര്‍ വ്യക്തമാക്കി.

ബാങ്കിംഗ്, ധനകാര്യ ഇടപാടുകള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത രേഖയാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നല്‍കുന്ന 12 അക്ക തിരിച്ചറിയല്‍ രേഖയായ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത് നേരത്തെ തന്നെ നിര്‍ബന്ധമാക്കിയിരുന്നു.

പുതിയ പാന്‍ കാര്‍ഡിനായി താഴെ പറയുന്ന പോര്‍ട്ടലുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം:

https://onlineservices.proteantech.in/paam/endUserRegisterContact.html, https://www.pan.utiitsl.com/PAN/, https://www.incometax.gov.in/iec/foportal/

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com