

ഉത്സവസീസണ്‍ ആരംഭിച്ചതോടെ രാജ്യത്തെ വിവിധ റൂട്ടുകളിലേക്കുള്ള വിമാന ടിക്കറ്റിന് ഡിമാന്‍ഡ് വര്‍ധിച്ചു. പല റൂട്ടുകളിലും ടിക്കറ്റ് കിട്ടാനില്ലെന്ന പരാതി ഉയര്‍ന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ എയര്‍ലൈന്‍ സേവനദാതാക്കളോട് നിര്‍ദ്ദേശിച്ച് ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഡിമാന്‍ഡ് വര്‍ധിച്ചതോടെ പല റൂട്ടുകളിലും ടിക്കറ്റ് നിരക്ക് ഉയര്‍ന്നിരുന്നു. വലിയ തോതില്‍ നിരക്ക് ഉയരാതിരിക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനാണ് ഡിജിസിഎ നിര്‍ദ്ദേശം.
കേന്ദ്രത്തിന്റെ ആവശ്യത്തോട് വിവിധ എയര്‍ലൈന്‍ കമ്പനികള്‍ അനുകൂലമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. 42 സെക്ടറുകളിലേക്ക് അധികമായി 730 അധിക സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ ഇന്‍ഡിഗോയില്‍ നിന്നുണ്ടാകും. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും 20 തിരഞ്ഞെടുത്ത സെക്ടറുകളിലേക്ക് 486 അധിക സര്‍വീസുകളാണ് നടത്തുക. സ്‌പൈസ്‌ജെറ്റില്‍ നിന്ന് 38 സെക്ടറുകളില്‍ 546 സര്‍വീസുകളും ഉത്സവകാലത്തുണ്ടാകും. 1,700ലേറെ അധിക സര്‍വീസുകള്‍ ഈ എയര്‍ലൈനുകളില്‍ നിന്നുണ്ടാകും.
അമിത നിരക്ക് ഈടാക്കാതിരിക്കാന്‍ ഡിജിസിഎയുടെ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഉത്സവകാല യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
വിമാന ഇന്ധനവിലയിലുണ്ടായ വര്‍ധന മൂലം വിമാന ടിക്കറ്റ് നിരക്കും ഉയരാന്‍ കാരണമായിരുന്നു. നാലു മാസത്തിനിടെ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിൻ്റെ (എടിഎഫ്) വില കിലോയ്ക്ക് 12,000 രൂപയാണ് വര്‍ധിച്ചത്. വിമാന കമ്പനികളുടെ ചെലവിന്റെ 50 ശതമാനവും ഇന്ധനത്തിനായാണ് മുടക്കുന്നത്. ഇതാണ് ടിക്കറ്റ് നിരക്ക് കൂടാനും കാരണം.
Read DhanamOnline in English
Subscribe to Dhanam Magazine