കൊച്ചി എയര്‍പോര്‍ട്ടില്‍ ഇനി ചെക്ക് ഇന്‍ കൂടുതല്‍ എളുപ്പത്തില്‍; ഡിജിയാത്രയുമായി സിയാല്‍, വീഡിയോ കാണാം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) ഡിജിയാത്ര സംവിധാനം ഒക്ടോബര്‍ 2ന് ഔദ്യോഗികമായി ആരംഭിക്കും. ഇതോടെ ചെക്ക് ഇന്‍ കൂടുതല്‍ സൗകര്യപ്രദമാകും. ഡിജിയാത്ര സംവിധാനം വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെക്ക് ഇന്‍ കൂടുതല്‍ കാര്യക്ഷമവും സുഗമവുമാക്കുന്നതാണ് ഡിജിയാത്ര ഇ-ബോര്‍ഡിംഗ് സോഫ്റ്റ്‌വെയര്‍. അതായത് വിമാനത്താവളത്തില്‍ പരിശോധനകള്‍ക്കായി ചെലവഴിക്കുന്ന സമയം ലാഭിക്കാം.

ഡിജിയാത്രയില്‍ ടെര്‍മിനലില്‍ പ്രവേശിക്കുന്നതിന് മുന്‍പ് സെക്യൂരിറ്റി ഓഫിസറെ ടിക്കറ്റും ഐഡി കാര്‍ഡും കാണിക്കേണ്ട ആവശ്യമില്ല. മാത്രമല്ല ചെക്ക്ഇന്‍ കൗണ്ടറിലും ഹാന്‍ഡ് ബാഗ് പരിശോധന കൗണ്ടറിലും ഈ യാത്രക്കാര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. അതിനാല്‍ അധിക സമയം ക്യൂവില്‍ നില്‍ക്കേണ്ടി വരില്ല. ആഭ്യന്തര ടെര്‍മിനലില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ പരീക്ഷണാര്‍ഥം ഇത് ഉപയോഗിച്ച് വരികയായിരുന്നു. ഈ ടെര്‍മിനലിലെ 22 ഗേറ്റുകളില്‍ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന ഇഗേറ്റുകള്‍ സ്ഥാപിച്ചിരുന്നു.

ഇങ്ങനെ ഡിജി യാത്രക്കാരനാകാം

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഡിജിയാത്ര സേവനം ലഭ്യമായിട്ടുളളത്. ഫോണില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഡിജിയാത്ര റജിസ്‌ട്രേഷനായി ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറും മറ്റ് വിവരങ്ങളും ഫോട്ടോയും നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഒറ്റത്തവണ റജിസ്‌ട്രേഷന്‍ സംവിധാനമാണിത്. നിലവില്‍ ആധാര്‍ മാത്രമാണ് ഐഡി തെളിവായി സ്വീകരിക്കുക.

ഇനി ഓണ്‍ലൈന്‍ ബോര്‍ഡിംഗ് പാസ് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഡിജിയാത്ര ആപ്പില്‍ ബോര്‍ഡിംഗ് പാസിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ വേണം. ബോര്‍ഡിംഗ് പാസ് ഡിജിയാത്രയുമായി ലിങ്ക് ആകുന്നതോടെ ഷെയര്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ യാത്രാ വിവരങ്ങള്‍ വിമാനത്താവളത്തിലെ ഡിജിയാത്ര സംവിധാനത്തിലേക്ക് കൈമാറും. തുടര്‍ന്ന് ക്യുആര്‍ കോഡ് ലഭിക്കും.

ഇനി വിമാനത്താവളത്തിലെ ടെര്‍മിനലിന് മുന്‍പിലെ ഡിജിയാത്ര എന്‍ട്രി ഗേറ്റില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ശേഷം ഗേറ്റിലെ ക്യാമറയില്‍ മുഖം കാണിക്കുന്നതോടെ ഗേറ്റ് തനിയെ തുറക്കും. ചെക്ക്-ഇന്‍ ലഗേജ് ഉണ്ടെങ്കില്‍ അതത് വിമാനക്കമ്പനികളുടെ കൗണ്ടറില്‍ നല്‍കുക. ഇല്ലെങ്കില്‍ നേരെ സെക്യൂരിറ്റി ഗേറ്റിലേക്കു പോകാം. അവിടെ ഡിജി യാത്രക്കാര്‍ക്ക് പ്രത്യേക ക്യൂ ഉണ്ടാകും. ഹാന്‍ഡ് ബാഗ് ഉണ്ടെങ്കില്‍ പരിശോധനയ്ക്ക് നല്‍കുക. പിന്നീട് ഗേറ്റ് ക്യാമറയില്‍ മുഖം കാണിക്കുന്നതോടെ ഗേറ്റ് തുറക്കും. ഇതോടെ പരിശോധന പൂര്‍ത്തിയാകും.

Related Articles
Next Story
Videos
Share it