എന്തിന് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യണം? വരൂ, ഞങ്ങള്‍ തരാം 'നൊമാഡ് വിസ'; വര്‍ക്കേഷന്‍ ചില്ലാക്കാം!!!

ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ നൊമാഡുകളെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളാണ് പ്രത്യേക വിസകള്‍ നല്‍കുന്നത്
Workcation
Workcationcanva
Published on

വര്‍ക്ക് അറ്റ് ഹോം മടുത്തോ? മറ്റേതെങ്കിലും രാജ്യത്ത് പോയി ഇതേ ജോലി ചെയ്താലോ? വെക്കേഷന്‍ പോലെ വര്‍ക്കേഷനും ട്രെന്‍ഡാവുന്ന കാലത്ത് റിമോര്‍ട്ട് ജീവനക്കാരെ ലക്ഷ്യം വെച്ച് പല രാജ്യങ്ങളും 'നൊമാഡ് വിസ' (nomad visa) നല്‍കുന്നുണ്ട്. അമേരിക്കന്‍ കമ്പനിക്ക് വേണ്ടി കേരളത്തില്‍ വര്‍ക്ക് അറ്റ് ഹോം ചെയ്യുന്ന ഒരു പ്രൊഫഷണലിന്, ബോറടി മാറ്റാന്‍ മൗറീഷ്യസില്‍ പോയി താമസിച്ച് അതേ ജോലി തുടരാം. ഇതിനായി പ്രത്യേക വിസ പ്രോഗ്രാമുകളാണ് വിവിധ രാജ്യങ്ങള്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു മാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് അവര്‍ മനസിലാക്കിയിരിക്കുന്നു!.

ഡിജിറ്റല്‍ നൊമാഡുകള്‍

ഡിജിറ്റല്‍ നൊമാഡുകള്‍ (Digital nomads) എന്ന് പൊതുവെ അറിയപ്പെടുന്നവരാണ്, കറങ്ങി നടന്ന് ജോലി ചെയ്യുന്നവര്‍. ആറു മാസമോ ഒരു വര്‍ഷമോ ഒരു രാജ്യത്ത് താമസിച്ച് ഓണ്‍ലൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നവരാണിവര്‍. ഉയര്‍ന്ന ശമ്പളമുള്ള ഇത്തരം പ്രൊഫഷണലുകള്‍ വിവിധ രാജ്യങ്ങളില്‍ മാറി മാറി താമസിക്കും. ജോലിക്കൊപ്പം വിവിധ രാജ്യങ്ങളിലെ ജീവിത രീതികളെ ആസ്വദിക്കും. ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ നൊമാഡുകളെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളാണ് പ്രത്യേക വിസകള്‍ നല്‍കുന്നത്. ഇത്തരം വിസയിലൂടെ എത്തി താമസിക്കുന്നവര്‍ ചെലവിടുന്ന വിദേശപണമാണ് ഈ രാജ്യങ്ങളെ ആകര്‍ഷിക്കുന്നത്.

ഇന്ത്യക്കാരെ വിളിക്കുന്നവര്‍

ഇന്ത്യക്കാര്‍ക്ക് ഇത്തരം ഡിജിറ്റല്‍ നൊമാഡ് വിസ അനുവദിക്കുന്ന ഏതാനും രാജ്യങ്ങളുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, റിമോര്‍ട്ട് വര്‍ക്ക് ചെയ്യുന്നതിന്റെ രേഖ, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നീ രേഖകളാണ് ആവശ്യം. അധിക രാജ്യങ്ങളും വീസക്ക് പ്രത്യേക ഫീസുകള്‍ ഈടാക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിബന്ധനകള്‍ കടുത്തതാണ്.

മൗറീഷ്യസില്‍ ഇത്തരം വിസകള്‍ രണ്ടാഴ്ചക്കുള്ളില്‍ അനുവദിക്കും. അപേക്ഷകന്‍ മൗറീഷ്യസില്‍ ജോലി ചെയ്യാന്‍ പാടില്ല. വിദേശത്തെ കമ്പനിയിലെ ജോലിയുടെ രേഖകളാണ് ഹാജരാക്കേണ്ടത്. ശമ്പള പരിധി ഇല്ല. ഓണ്‍ലൈനിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. പ്രത്യേക ഫീസ് ഇല്ല.

സീഷെല്‍സിന്റെ വര്‍ക്കേഷന്‍ റിട്രീറ്റ് പ്രോഗ്രാം (Workcation Retreat Programme) അനുസരിച്ച് ഒരു വര്‍ഷം വരെ ഇന്ത്യക്കാര്‍ക്ക് അവിടെ താമസിച്ച് ജോലി ചെയ്യാം. 900 രൂപയാണ് വിസ ഫീസ്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കണം.


ബഹാമാസ് ദ്വീപില്‍ മൂന്നു വര്‍ഷം വരെ താമസിക്കാം. എല്ലാ വര്‍ഷവും വിസ പുതുക്കണം. എന്നാല്‍ ഇവിടെ എത്താന്‍ ചെലവേറും. ഏതാണ്ട് 85,000 രൂപ വിവിധ ഇനത്തില്‍ ഈടാക്കും.

ക്രൊയേഷ്യയുടെ വിസ ലഭിക്കാന്‍ അപേക്ഷകന് കുറഞ്ഞത് രണ്ട് ലക്ഷം രൂപക്ക് മുകളില്‍ പ്രതിമാസ ശമ്പളം വേണം. അപേക്ഷകള്‍ ഓണ്‍ലൈനായും എംബസികള്‍ മുഖേനയും സ്വീകരിക്കും. 15,000 രൂപ വരെ വിസക്ക് ഫീസുണ്ട്. താമസിക്കുന്ന കാലത്ത് കുടുംബത്തെ കൊണ്ടു വരാന്‍ പ്രത്യേക വിസ ഇളവുകള്‍ നല്‍കും.

ഗ്രീസിലെത്താന്‍ പ്രതിമാസം മൂന്ന് ലക്ഷത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്കേ കഴിയൂ. ഇന്ത്യയില്‍ നിന്നുള്ള പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഹെല്‍ത്ത് ഇന്‍ഷുറന്‍സും അധികമായി വേണം. 6,700 രൂപയാണ് വീസ ഫീസ്. വിസ അനുവദിക്കാന്‍ ആറ് ആഴ്ച വരെ സമയമെടുക്കും.

പോര്‍ച്ചുഗല്‍ വിസക്ക് അപേക്ഷിക്കാന്‍ പ്രതിമാസം 2.75 ലക്ഷം ശമ്പളം വേണം. 8,000 രൂപയാണ് വിസ ഫീസ്. കുടുംബത്തെ കൊണ്ടു വരുന്നതിനും അനുമതിയുണ്ട്. ഒരു വര്‍ഷത്തേക്കാണ് വിസ അനുവദിക്കുന്നത്. അതേസമയം, കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും പെര്‍മനെന്റ് റെസിഡന്‍സ് ലഭിക്കുന്നതിനും അവസരമുണ്ട്.

സ്പെയിനില്‍ അഞ്ചു വര്‍ഷം വരെ ഇത്തരം വിസകളുടെ കാലാവധി നീട്ടാം. രണ്ട് ലക്ഷം രൂപ മാസ ശമ്പളം ഉള്ളവരാകണം. 8,000 രൂപയാണ് വിസ ഫീസ്.

തായ്‌ലാന്റില്‍ എത്താന്‍ സാമ്പത്തിക ശേഷി കൂടുതല്‍ വേണം. അപേക്ഷകന് കുറഞ്ഞത് 12 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം വേണം. 22,800 രൂപയാണ് വിസ ഫീസ്. ആറ് മാസത്തേക്കാണ് വിസ അനുവദിക്കുന്നത്.

ഇറ്റലിയിലേക്ക് നൊമാഡ് വിസയില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ 2.37 ലക്ഷം രൂപയുടെ പ്രതിമാസ ശമ്പളം വേണം. ഇറ്റാലിയന്‍ കോണ്‍സുലേറ്റുകള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. 10,400 രൂപയാണ് ഫീസ്. രേഖകളുടെ കര്‍ശന പരിശോധനയാണ് ഇറ്റലി നടത്തുന്നത്.

കോസ്റ്റാറിക്ക അനുവദിക്കുന്ന റെന്റിസ്റ്റ വിസയില്‍ (Rentista visa) തുടക്കത്തില്‍ രണ്ട് വര്‍ഷത്തെ താമസത്തിനാണ് അനുമതി. കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും അവസരമുണ്ട്. 2.5 ലക്ഷം പ്രതിമാസ ശമ്പളത്തിന്റെ രേഖയോ 60,000 ഡോളര്‍ മുന്‍കൂറായി ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖയോ സമര്‍പ്പിക്കണം. 8,300 രൂപയാണ് വിസ ഫീസ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com