

വ്യവസായ, വാണിജ്യ മേഖലകളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിച്ചതോടെ, ഉയർന്ന നിലവാരത്തിൽ പ്രകടനം കാഴ്ചവെക്കാൻ ശേഷിയുള്ള കംപ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറുടെ നിർമാണത്തിനായുള്ള പോരാട്ടത്തിനും ചൂടുപിടിച്ചു. ഇതിന്റെ സൂചനയെന്നോണം ഇന്ത്യയിലെ ഒരു എഐ സ്റ്റാർട്ടപ്പ് കമ്പനിക്ക് 120 കോടി ഡോളറിന്റെ (ഏകദേശം 10,880 കോടി രൂപ) നിക്ഷേപമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ഡേറ്റ സെന്ററുകളും ആഭ്യന്തര തലത്തിൽ ജി.പി.യു (GPU) ശേഷിയും വർധിപ്പിക്കാൻ ശ്രമിക്കുന്ന നെയ്സ.എഐ (Neysa.ai) എന്ന സ്റ്റാർട്ടപ്പ് കമ്പനിയെ തേടി ഈ റെക്കോഡ് നിക്ഷേപം എത്തിയത് എന്തുകൊണ്ട്? തദ്ദേശീയമായി പൂർണ നിയന്ത്രണമുള്ള എഐ വിഭവശേഷി (സോവറിൻ എഐ) സജ്ജമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്ന നീക്കമാണോ ഇത്? വിശദമായി നോക്കാം.
ഇന്ത്യയിലെ മുൻനിര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ സ്റ്റാർട്ടപ്പ് കമ്പനിയാണ് നെയ്സ.എഐ. അതായത് ചാറ്റ്ജിപിടി (ChatGPT) പോലെയുള്ള വമ്പൻ കൺസ്യൂമർ എഐ ടൂളുകൾ നിർമിക്കുന്നതിന് പകരം, ഇന്ത്യ കേന്ദ്രമാക്കി ജി.പി.യു അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലാണ് നെയ്സ ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിലൂടെ വിദേശ ക്ലൗഡ് സേവന ദാതാക്കാളെ ഒഴിവാക്കിക്കൊണ്ട് ഇന്ത്യൻ കമ്പനികൾക്ക് തങ്ങളുടെ എഐ മോഡലുകളെ പരിശീലിപ്പിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള പശ്ചാത്തലമൊരുക്കുന്നു.
അതായത് കമ്പനികളുടെ ഡേറ്റ ഇന്ത്യയിൽ തന്നെ സുരക്ഷിതമായി നിലനിർത്തുന്നതിന് സഹായിക്കുന്ന എഐ അധിഷ്ഠിത ക്ലൗഡ് പ്ലാറ്റ്ഫോമാണ് നെയ്സ എന്ന് ചുരുക്കം. 2023-ലാണ് തുടക്കം. ഹൈബ്രിഡ് മൾട്ടി-ക്ലൗഡ് സൊലൂഷൻ സേവനദാതാക്കളായ നെറ്റ്മാജിക് സൊലൂഷൻസിന്റെ സ്ഥാപകനായ ശരദ് സാംഘിയും ഈ കമ്പനിയുടെ തന്നെ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന അനിന്ദ്യ ദാസും ചേർന്നാണ് നെയ്സ.എഐ രൂപീകരിച്ചത്.
രാജ്യത്തെ ടെക്നോളജി സെക്ടറിൽ പ്രവർത്തിക്കുന്ന പ്രാരംഭദശയിലുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണ് നെയ്സയെ തേടിയെത്തിയിരിക്കുന്നത്. വമ്പൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ, ടീച്ചേഴ്സ് വെഞ്ച്വർ ഗ്രോത്ത് ഉൾപ്പെടെയുള്ളവരിൽ നിന്നും ഓഹരി നൽകിയും വായ്പ ഇനത്തിലും ഉൾപ്പെടെയാണ് 120 കോടി ഡോളറിന്റെ നിക്ഷേപം എത്തിയിരിക്കുന്നത്.
ഈ തുക വിനിയോഗിച്ച് ഉയർന്ന പ്രകടന മികവുള്ള ഏകദേശം 20,000-ത്തോളം ജി.പി.യു വാങ്ങുന്നതിനും ഇന്ത്യയിൽ കൂടുതൽ എഐ ഡേറ്റ സെന്ററുകൾ ആംഭിക്കാനുമാണ് നെയ്സ ലക്ഷ്യമിടുന്നത്. അതേസമയം വമ്പൻ എഐ കംപ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചറുകൾക്ക് ക്ലൗഡ് മാതൃകയിലുള്ള ആക്സസ് നൽകുന്ന ആമസോണിന്റെ എഡബ്ലുഎസ്, മൈക്രോസോഫ്റ്റിന്റെ അസൂർ എന്നിവയ്ക്കുള്ള ഇന്ത്യൻ ബദലായാണ് നെയ്സയെ കണക്കാക്കുന്നത്. കൂടാതെ, സ്റ്റാർട്ടപ്പ് കമ്പനിയുടെ പിന്നിലുള്ളവരുടെ ലാർജ്-സ്കെയിൽ ഇൻഫ്രാസ്ട്രക്ചർ രംഗത്തെ പ്രവർത്തന പരിചയവും റെക്കോഡ് നിക്ഷേപം ലഭിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
എഐ മോഡലുകൾക്ക് പ്രവർത്തിക്കണമെങ്കിൽ വലിയ തോതിലുള്ള കംപ്യൂട്ടിങ് ശേഷിയുണ്ടാകണം. ഇതിനായി നിലവിൽ ഇന്ത്യൻ കമ്പനികൾ വിദേശ ക്ലൗഡ് സേവനദാതാക്കളെയാണ് ആശ്രയിക്കുന്നത്. എന്നാൽ എഐ കംപ്യൂട്ടിങ് ശേഷി തദ്ദേശീയമായി നിർമിക്കുന്ന നെയ്സയുടെ വളർച്ച വിദേശ ആശ്രയത്വം കുറയ്ക്കുന്നതിന് വഴിയൊരുക്കും. കൂടാതെ, എന്റർപ്രൈസ്-ഗ്രേഡിലുള്ള എഐ കംപ്യൂട്ടിനുള്ള ആവശ്യകത അനുദിനം വർധിക്കുമ്പോൾ, ക്ലൗഡ് സേവനങ്ങൾക്കായി വിദേശ കമ്പനികളിന്മേലുള്ള ആശ്രയത്വം കുറയ്ക്കാനും ആഭ്യന്തരമായി പൂർണ നിയന്ത്രണമുള്ള എഐ വിഭവശേഷി (സോവറിൻ എഐ) തയ്യാറാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഊർജം പകരുന്ന നീക്കവുമാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine