പരസ്യം ജനങ്ങള്‍ ചെയ്തു, മാര്‍ക്കറ്റിംഗിനായി നീക്കി വെച്ച തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്: ഷെഫ് പിള്ള

2021 നവംബര്‍ ഒന്നിനാണ് സുരേഷ് പിള്ള എറണാകുളത്ത് 'ഷെഫ് പി്ള്ള റസ്റ്റോറന്റ്' തുടങ്ങുന്നത്. അന്ന് സോഷ്യല്‍ മീഡിയ വഴിയുള്ള മാര്‍ക്കറ്റിംഗിനായി ഒരു ലക്ഷം രൂപ എല്ലാ മാസവും ചെലവഴിക്കാം എന്നായിരുന്നു സുരേഷ് പിള്ളയുടെ തീരുമാനം. എന്നാല്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കേണ്ട ആവശ്യം ഇതുവരെ റസ്റ്റോറന്റിന് ഉണ്ടായില്ല.

പ്രതീക്ഷിച്ചതിലപ്പുറം പിന്തുണയും പ്രചാരവും ജനങ്ങള്‍ നല്‍കിയത് കൊണ്ട് പരസ്യത്തിനായി നീക്കി വെച്ച തുക സമൂഹത്തിന് തന്നെ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷെഫ് പിള്ള ഫേസ്ബുക്കിലൂടെയാണ് അദ്ദഹം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം

പ്രിയപ്പെട്ടവരെ

എന്റെ പാചകരഹസ്യം ഇത്രയേയുള്ളു. കറിയിലേക്ക് സ്‌നേഹം ചാലിച്ച് ചേരുവകള്‍ ഞാന്‍ അങ്ങോട്ടു കൊടുക്കും മനോഹരമായ രുചിയായി എനിക്കത് തിരികെ തരും കൊടുക്കല്‍ വാങ്ങലാണ് എല്ലാം. പാചകം മാത്രമല്ല ജീവിതവും

അത്തരമൊരു കൊടുക്കല്‍ തീരുമാനം നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഉപദേശം തേടാനുമാണ് ഈ കുറിപ്പ് നിങ്ങളാണ് എന്നെ നയിക്കുന്നത്. നയിക്കേണ്ടതും എന്നു ഞാന്‍ കരുതുന്നു.

ചേരുവ കിട്ടുമ്പോള്‍, പകരം രുചി തീരികെ തരുന്ന വിഭവങ്ങള്‍ പോലെ ഒരു തിരിച്ചു നല്‍കലാണിപ്പോള്‍ എന്റെ മനസ്സില്‍ ഷെഫ് പിള്ള റസ്റ്ററന്റ് തുടങ്ങുന്ന സമയത്ത് സോഷ്യല്‍ മീഡിയ വഴിയുള്ള ഓണ്‍ലൈന്‍ പരസ്യത്തിനായി മാസം ഒരു ലക്ഷം രൂപയാണ് ഞാന്‍ നീക്കി വച്ചിരുന്നത് എന്നാല്‍

സമയവും തുറന്ന മനസുമായിരുന്നു എന്റെ പോസ്റ്റുകളുടെ രുചിക്കൂട്ട് ഞാന്‍ പ്രതീക്ഷിച്ചതിലുമപ്പുറം പ്രചാരം എനിക്ക് നിങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തന്നു റസ്റ്ററന്റ് തുടങ്ങിയിട്ട് 9 മാസമായി 2021 നവംബര്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 1 വരെയുള്ള ഒരു വര്‍ഷത്തേക്ക് കരുതിവച്ച 12 ലക്ഷം രൂപ ഇതുവരെ തൊടേണ്ടി വന്നില്ല ഈ

അതില്‍ ഒരു രൂപ പോലും ഇതു വരെ മാര്‍ക്കറ്റിങിനായി ചെലവഴിക്കേണ്ടി വന്നില്ല, ഞാന്‍ പ്രതീക്ഷിച്ചതിലപ്പുറം പിന്തുണയും പ്രചാരവും നിങ്ങള്‍ എനിക്കു നല്‍കി. എന്റെ ഒഴിവു നീക്കിയിരുപ്പ് എനിക്ക് ലാഭത്തിലേക്ക് ചേര്‍ക്കാം. പക്ഷേ, അതിനു മനസ് അനുവദിക്കുന്നില്ല. പകരം ആ 12 ലക്ഷം രൂപ സമൂഹത്തിന് തിരിച്ചു കൊടുക്കണമെന്ന് മനസു ശക്തമായി പറയുന്നു. ഇനിയും 3 മാസം കൂടിയുണ്ട് ഒക്ടോബറിലേക്ക് എത്താനായി. എന്നാലും അത് ഉടന്‍ തന്നെ അര്‍ഹരിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം

ഫെയ്ബുക് വഴിയാണ് നമ്മള്‍ സംവദിച്ചത് അതിലൂടെ തന്നെ നിങ്ങള്‍ എന്നോടു പറയൂ ഞാന്‍ ആ പണം സമൂഹത്തിന് എങ്ങനെ തിരിച്ചു നല്‍കണമെന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ പഠനം പാതിവഴിയിലായൊരു കുട്ടി, അല്ലെങ്കില്‍ മക്കളുടെ ജീവന്‍ രക്ഷാ മരുന്നുകള്‍ മുടങ്ങിയൊരച്ചന്‍, കുടുംബത്തിന്റെ ഭാരം താങ്ങുന്ന വിങ്ങുന്ന മനസ്സുള്ളൊരമ്മ അങ്ങനെയൊക്കെയുള്ള മുഖങ്ങളാണ് എന്റെ മനസ്സിന്റെ ഫെയ്ബുക് താളില്‍ തെളിയുന്നത്

അതോ ഇതൊന്നുമല്ലാതെ മറ്റെന്തെങ്കിലും നിര്‍ദേശം നിങ്ങളുടെ മനസിലുണ്ടോ ? ഇനി നിങ്ങള്‍ പറയൂ. എന്തിനു വേണ്ടിയാണ് ഈ പണം ഞാന്‍ വിനിയോഗിക്കേണ്ടത് ?

കാലം എന്നോട് കാണിച്ച കരുണയെ നന്ദിയോടെ സ്മരിച്ചു കൊണ്ട് അടുത്ത വര്‍ഷം ഇതില്‍ കൂടുതല്‍ തിരിച്ചു നല്‍കുവാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ....

നിങ്ങളുടെ സ്വന്തം

ഷെഫ് പിള്ള -(19-07-2022)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it