78 വര്‍ഷത്തെ സിമന്റ് കച്ചവടം നഷ്ടത്തില്‍, ക്രിക്കറ്റ് ടീം വാരിക്കൂട്ടുന്നത് കോടികള്‍; ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഡബിള്‍ഹിറ്റ്

ഇന്ത്യന്‍ സിമന്റ്‌സിന്റെ ഉടമസ്ഥതയില്‍ രൂപംകൊണ്ട ഐ.പി.എല്‍ ക്രിക്കറ്റ് ഫ്രാഞ്ചൈസിയുടെ വരുമാനത്തില്‍ റെക്കോഡ് കുതിപ്പ്. 2024 സാമ്പത്തിക വര്‍ഷം 340 ശതമാനം ഉയര്‍ന്ന് ലാഭം 229.20 കോടിയായി. തൊട്ടുമുന്‍ വര്‍ഷത്തെ 52 കോടിയില്‍ നിന്നാണ് ഈ കുതിപ്പ്. ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കുന്ന ബി.സി.സി.ഐയില്‍ നിന്നുള്ള വിഹിതം കൂടിയതാണ് വരുമാനത്തിലെ കുതിച്ചുചാട്ടത്തിന് കാരണം. ഇതിനൊപ്പം ടിക്കറ്റ്, സ്‌പോണ്‍സര്‍ഷിപ്പ് വരുമാനവും ഉയര്‍ന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഏറ്റവും ജനപ്രീതിയുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്.

ഇന്ത്യാ സിമന്റ്‌സില്‍ നിന്ന് സ്വന്തംകാലില്‍

ഐ.പി.എല്‍ തുടങ്ങിയ സമയത്ത് ഇന്ത്യാ സിമന്റ്‌സിന്റെ ഉടമസ്ഥതയിലായിരുന്നു ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ഇന്ത്യാ സിമന്റ് മാനേജിംഗ് ഡയറക്ടറായിരുന്ന എന്‍. ശ്രീനിവാസനായിരുന്നു ചെന്നൈ സൂപ്പര്‍കിംഗ്‌സിനെയും നയിച്ചിരുന്നത്. 2015ല്‍ ഇന്ത്യാ സിമന്റ്‌സിന്റെ കീഴില്‍ നിന്ന് സി.എസ്.കെയെ മാറ്റി. ചെന്നൈ സൂപ്പര്‍കിംഗ്‌സ് ക്രിക്കറ്റ് ലിമിറ്റഡ് (സി.എസ്.കെ.സി.എല്‍) എന്ന പ്രത്യേക കമ്പനിയാക്കി. എന്നിരുന്നാലും ഇന്ത്യാ സിമന്റ്‌സിന്റെ ഓഹരിയുടമകളും ശ്രീനിവാസനും തന്നെയായിരുന്നു ഈ കമ്പനിയെയും നയിക്കുന്നത്.
ഇന്ത്യ സിമന്റ്‌സിന്റെ 32 ശതമാനം ഓഹരികള്‍ അല്‍ട്രാടെക് സിമന്റ്‌സ് വാങ്ങിയിരുന്നു. ഈ ഇടപാടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമസ്ഥാവകാശം പെടില്ലെന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ് സി.ഇ.ഒ കാശി വിശ്വനാഥ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യാ സിമന്റ്‌സിന് തിരിച്ചടികളുടെ കാലം

സിമന്റ് വ്യവസായത്തിലേക്ക് മറ്റ് വന്‍കിട കമ്പനികള്‍ കടന്നുവന്നതോടെ ഇന്ത്യാ സിമന്റ്‌സിന്റെ ആധിപത്യത്തിന് കോട്ടം സംഭവിച്ചിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിനു ശേഷം കമ്പനിക്ക് ലാഭം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2023ല്‍ 125 കോടിയായിരുന്നു നഷ്ടം. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 227 കോടി രൂപയായി ഉയര്‍ന്നു. ജൂണില്‍ അവസാനിച്ച പാദത്തില്‍ കഴിഞ്ഞ പതിമൂന്ന് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വിറ്റുവരവാണ് കമ്പനിക്ക് നേടാനായത്.

ക്രിക്കറ്റ് വരുമാനം ഉയരുന്നു

എന്‍. ശ്രീനിവാസന്റെ ശ്രദ്ധ കൂടുതലായി സ്‌പോര്‍ട്‌സിലേക്ക് മാറാനുള്ള കാരണം ക്രിക്കറ്റില്‍ നിന്നുള്ള വരുമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം വരുമാനം 676.40 കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷം ഇത് 292.34 കോടി രൂപയായിരുന്നു. വരുമാനത്തില്‍ 131 ശതമാനമാണ് വര്‍ധന. ഇന്ത്യയ്ക്ക് പുറത്തേക്ക് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയിട്ടുണ്ട് സി.എസ്.കെ. ദക്ഷിണാഫ്രിക്കന്‍, അമേരിക്കന്‍ ലീഗുകളിലാണ് കമ്പനിക്ക് ടീമുകളുള്ളത്.

Related Articles

Next Story

Videos

Share it