

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കനത്ത തത്തുല്യ ഇറക്കുമതി ചുങ്കമാണ് ചൈനയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം ചുങ്കമാണ് ട്രംപ് ഭരണകൂടം ചുമത്തിയിരിക്കുന്നത്. ചില പ്രത്യേക ഉല്‍പ്പന്നങ്ങള്‍ക്ക് 245 ശതമാനം വരെയും താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതില്‍ നിന്ന് രക്ഷ നേടുന്നതിനായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ 'മെയ്ഡ് ഇൻ കൊറിയ' എന്ന ലേബലില്‍ പുറത്തിറക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. ഇത്തരത്തിലുളള 2 കോടി ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായി ദക്ഷിണ കൊറിയൻ കസ്റ്റംസ് അറിയിച്ചു. ഇവയില്‍ 97 ശതമാനം ഉല്‍പ്പന്നങ്ങളും യു.എസിലേക്ക് കയറ്റുമതി ചെയ്യാന്‍ ലക്ഷ്യമിട്ടുളളതായിരുന്നു.
ദക്ഷിണ കൊറിയയ്ക്ക് മേൽ 25 ശതമാനം തീരുവയാണ് ട്രംപ് ഭരണകൂടം ചുമത്തിയിരിക്കുന്നത്. തത്തുല്യ ഇറക്കുമതി ചുങ്കം ട്രംപ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മെയ്ഡ് ഇൻ കൊറിയ ലേബലില്‍ ഇറക്കുന്നത് പതിവാണ്. ചൈനീസ് ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് കൊറിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസില്‍ തീരുവ കുറവാണ് എന്നതാണ് ഇതിന് കാരണം.
പുതിയ സാഹചര്യത്തില്‍ യു.എസും ചൈനയും തമ്മിലുളള താരിഫ് യുദ്ധം രൂക്ഷമായതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കൊറിയയില്‍ നിര്‍മ്മിച്ചത് എന്ന തരത്തില്‍ നിയമവിരുദ്ധമായി വിപണിയിലെത്തിക്കുന്നത് വ്യാപകമായിരിക്കുകയാണെന്ന് കൊറിയ കസ്റ്റംസ് സർവീസ് (KCS) വ്യക്തമാക്കുന്നു.
ട്രംപ് യു.എസ് പ്രസിഡന്റായിരുന്ന ആദ്യ ടേമിലും ഇത്തരത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നിയമവിരുദ്ധമായ കയറ്റുമതി ശ്രമങ്ങള്‍ ഉണ്ടായിരുന്നു. നിയമവിരുദ്ധ കയറ്റുമതി തടയുന്നതിനായി ദക്ഷിണ കൊറിയൻ അധികൃതർ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ദക്ഷിണ കൊറിയൻ കസ്റ്റംസ് ഉദ്യോഗസ്ഥർ യുഎസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സംയുക്ത അന്വേഷണങ്ങള്‍ നടത്താനുളള ഒരുക്കത്തിലാണ്.
യുഎസിന്റെ പ്രധാന സഖ്യകക്ഷിയാണ് ദക്ഷിണ കൊറിയ. കൂടാതെ യു.എസുമായി സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യവുമാണ് ദക്ഷിണ കൊറിയ. ഇതുമൂലമാണ് താരിഫുകളും നിയന്ത്രണങ്ങളും ഒഴിവാക്കുന്നതിനുള്ള ഒരു ബൈപാസായി ദക്ഷിണ കൊറിയയെ ഉപയോഗിക്കാന്‍ അയൽരാജ്യമായ ചൈനയെ പ്രേരിപ്പിക്കുന്നത്.
യു.എസിലേക്ക് അയയ്ക്കാന്‍ ശ്രമിച്ച ബാറ്ററികളില്‍ ഉപയോഗിക്കുന്ന കാഥോഡ് വസ്തുക്കളും നിരീക്ഷണ ക്യാമറകളും വന്‍തോതില്‍ ദക്ഷിണ കൊറിയൻ കസ്റ്റംസ് പിടിച്ചെടുത്തു. വരും ദിവസങ്ങളില്‍ ചൈനീസ് കമ്പനികളുടെ ഇത്തരത്തിലുളള ശ്രമങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
China circumvents Trump's 245% tariff by exporting goods to the U.S. under 'Made in Korea' labels.
Read DhanamOnline in English
Subscribe to Dhanam Magazine