ജനങ്ങള്‍ ഷോപ്പിങ് നടത്താന്‍ സ്വന്തം പണം നല്‍കുന്ന സര്‍ക്കാര്‍! ചൈനയ്ക്ക് ഇതെന്ത് പറ്റി?

ഫോണും കാറും ഫ്രിഡ്ജും വാങ്ങാന്‍ സബ്‌സിഡി. എന്നിട്ടും ചൈനക്കാര്‍ പണം ചെലവാക്കുന്നില്ല. ഇതിന്റെ കാരണവും ഇന്ത്യയ്ക്കുള്ള പാഠവും അറിയാം
ജനങ്ങള്‍ ഷോപ്പിങ് നടത്താന്‍ സ്വന്തം പണം നല്‍കുന്ന സര്‍ക്കാര്‍! ചൈനയ്ക്ക് ഇതെന്ത് പറ്റി?
Published on: 

ഒരു ഫോണ്‍ വാങ്ങാന്‍ കടയില്‍ ചെല്ലുമ്പോള്‍ പഴയ ഫോണ്‍ കൊടുത്താല്‍ വില കുറയ്ക്കാമെന്ന് കടക്കാരന്‍ പറയുന്നു. ആ കടക്കാരന്‍ സര്‍ക്കാരാണെങ്കിലോ? ചൈനയില്‍ ഇപ്പോള്‍ നടക്കുന്നത് അതാണ്.

ഫോണ്‍, ഫ്രിഡ്ജ്, എസി, ഇലക്ട്രിക് കാര്‍ എന്നിവ വാങ്ങുമ്പോള്‍ ചൈനീസ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. 'ട്രേഡ്-ഇന്‍ പ്രോഗ്രാം' എന്ന ഈ പദ്ധതിക്കായി ഈ വര്‍ഷം മാത്രം 25,000 കോടി യുവാന്‍ മാറ്റിവച്ചു. ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന രാജ്യം സ്വന്തം ജനങ്ങളോട് 'ദയവായി വാങ്ങൂ' എന്ന് പറയുന്നത് എന്തിനാണ്?

കഥ തുടങ്ങുന്നത് കോവിഡ് കാലത്താണ്. ലോകം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയപ്പോഴും ചൈന ലോക്ഡൗണില്‍ തുടര്‍ന്നു. പിന്നാലെ റിയല്‍ എസ്റ്റേറ്റ് രംഗം തകര്‍ന്നു. എവര്‍ഗ്രാന്‍ഡെ പോലുള്ള വമ്പന്‍ കമ്പനികള്‍ കടത്തില്‍ മുങ്ങി, വീട് വാങ്ങിയവര്‍ക്ക് വീട് കിട്ടുമോ എന്ന ഭയമായി, വീടുകളുടെ വില ഇടിഞ്ഞു.

ഇവിടെയാണ് വഴിത്തിരിവ്. ചൈനയിലെ കുടുംബങ്ങളുടെ സമ്പത്തിന്റെ വലിയ പങ്കും വീടിലും സ്ഥലത്തിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. നമ്മുടെ നാട്ടില്‍ സ്വര്‍ണവും സ്ഥലവും ഉള്ളത് പോലെ. ആ സമ്പത്ത് ഇടിഞ്ഞപ്പോള്‍ കുടുംബങ്ങള്‍ ഭാവി ഓര്‍ത്ത് പേടിച്ചു. മക്കളുടെ പഠനം, വാര്‍ധക്യം, ചികിത്സ എന്നിവയ്ക്കായി എല്ലാവരും സമ്പാദ്യം കൂട്ടാന്‍ തുടങ്ങി. പുതിയ ഫോണും പുറത്തുപോയുള്ള ഭക്ഷണവും യാത്രയും മാറ്റിവച്ചു.

ആളുകള്‍ വാങ്ങാതായപ്പോള്‍ കടകളില്‍ വില്‍പന കുറഞ്ഞു, കമ്പനികള്‍ ഉല്‍പാദനം കുറച്ചു, ജോലികള്‍ കുറഞ്ഞു. ജോലി പോകുമോ എന്ന പേടിയില്‍ ആളുകള്‍ പിന്നെയും ചെലവ് കുറച്ചു.

അതേസമയം ഫാക്ടറികള്‍ നിര്‍ത്താതെ ഉല്‍പാദനം നടത്തി. സ്വന്തം നാട്ടില്‍ വില്‍ക്കാന്‍ ആളില്ലാതായ സാധനങ്ങള്‍ ലോകവിപണിയിലേക്ക് ഒഴുക്കി. ഇന്ത്യയിലേക്കും. ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യയില്‍ റെക്കോര്‍ഡ് ഉയരത്തിലാണ്, പ്രത്യേകിച്ച് ഇലക്ട്രോണിക്‌സില്‍.

അപ്പോള്‍ ഈ സബ്‌സിഡി പദ്ധതി ഫലിക്കുന്നുണ്ടോ? ഭാഗികമായി മാത്രം. ഓഫര്‍ ഉള്ളതുകൊണ്ട് ആറു മാസം കഴിഞ്ഞ് വാങ്ങേണ്ട ഫോണ്‍ നിങ്ങള്‍ ഇന്ന് വാങ്ങിയെന്ന് കരുതുക. ആറു മാസം കഴിയുമ്പോള്‍ പുതിയ ഫോണ്‍ വാങ്ങേണ്ട കാര്യമില്ല. വില്‍പന കൂടിയതായി തോന്നും, പക്ഷേ നാളത്തെ ആവശ്യം ഇന്ന് തീര്‍ന്നുപോയി. ഓണം സെയില്‍ കഴിഞ്ഞാല്‍ കടകള്‍ ശാന്തമാകുന്നത് പോലെ. ചൈനയിലും ഓഫറുകള്‍ പഴയ ചലനം നല്‍കുന്നില്ല, ഉപഭോഗം കുറഞ്ഞുതന്നെ നില്‍ക്കുന്നു.

ഡിസ്‌കൗണ്ടിന് വില കുറയ്ക്കാനേ കഴിയൂ, ഭയം കുറയ്ക്കാനാവില്ല. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും വാര്‍ധക്യത്തിനും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയാല്‍ ജനങ്ങള്‍ സമ്പാദ്യം കുറച്ച് ജീവിതം ആസ്വദിക്കാന്‍ തുടങ്ങും. പക്ഷേ അതിന് ഉയര്‍ന്ന നികുതിയോ കൂടുതല്‍ കടമെടുപ്പോ വേണം, രണ്ടും എളുപ്പമല്ല. അതുവരെ ഈ സബ്‌സിഡികള്‍ ചൈനയ്ക്ക് സമയം വാങ്ങിക്കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ഓഫര്‍ കൊടുത്താല്‍ ആളുകള്‍ വാങ്ങും, പക്ഷേ നാളെയെക്കുറിച്ച് ഭയമുണ്ടെങ്കില്‍ പേഴ്‌സ് തുറക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```