

രാജ്യങ്ങള്‍ക്കു മേല്‍ തോന്നിയ പടി താരിഫ് ചുമത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ നേരിടാന്‍ ഇന്ത്യയും ചൈനയും കൂടുതല്‍ അടുക്കുന്നു. അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനു ശേഷം ഇന്ത്യയിലേക്കുള്ള അവശ്യവസ്തുക്കളുടെ കയറ്റുമതി ചൈന നിര്‍ത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് യൂറിയയുടെ കയറ്റുമതിയായിരുന്നു.
2020നുശേഷം യൂറിയ കയറ്റുമതി ചൈന നിര്‍ത്തിവച്ചിരുന്നു. ജൂണില്‍ കയറ്റുമതി ഭാഗികമായി പുനരാരംഭിച്ചെങ്കിലും ഇപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും അവര്‍ പിന്‍വലിച്ചിട്ടുണ്ട്. യു.എസിനെതിരായ നീക്കത്തില്‍ ഒന്നിച്ചു നില്‍ക്കുകയെന്ന നയത്തിന്റെ ഭാഗമായിട്ടാണ് ബീജിംഗിന്റെ ഭാഗത്തു നിന്നുള്ള മഞ്ഞുരുക്കല്‍.
അടുത്തിടെ ചൈനീസ് പൗരന്മാര്‍ക്കുള്ള ടൂറിസ്റ്റ് വിസ അനുവദിക്കല്‍ ഇന്ത്യ പുനരാരംഭിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മാറ്റി സഹകരണത്തിന്റെ പാത വെട്ടിത്തുറക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ വളം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തികവര്‍ഷം 5.7 മില്യണ്‍ ടണ്‍ യൂറിയയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിന്റെ ഏറിയപങ്കും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. 2020ലെ തര്‍ക്കത്തിന് പിന്നാലെ ചൈന കയറ്റുമതി നിര്‍ത്തുകയായിരുന്നു. അധികം വൈകാതെ ചൈനയില്‍ നിന്ന് ഇന്ത്യ മൂന്നുലക്ഷം ടണ്‍ യൂറിയ ഇറക്കുമതി ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയ്ക്കുമേല്‍ അധിക തീരുവ ഈടാക്കുന്നത് യു.എസ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. ഇന്ത്യ-ചൈന-റഷ്യ രാജ്യങ്ങള്‍ കൂടുതല്‍ അടുക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ട്രംപിന്റെ നീക്കം. എന്നാല്‍ ഈ നീക്കങ്ങള്‍ വേണ്ടത്ര ഫലം കാണില്ലെന്നാണ് സൂചന.
റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയത്. എന്നാല്‍ ഇന്ത്യയിലെ ക്ഷീരോത്പാദക മേഖല അമേരിക്കന്‍ കമ്പനികള്‍ക്കായി തുറന്നു നല്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാത്തതാണ് തീരുവ ഉയര്‍ത്തിയതിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine