

ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ പേടി സ്വപ്‌നമാണ് ചാര്‍ജിംഗിന് വേണ്ടി കാത്തിരിക്കുന്ന സമയം. ദീര്‍ഘദൂര യാത്രക്കിടയില്‍ വഴിമധ്യേ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ കാത്തുകിടക്കേണ്ട അവസ്ഥ പലപ്പോഴും യാത്രയിലെ രസംകൊല്ലിയാകാറുമുണ്ട്. ഇതിന് പരിഹാരം കാണാന്‍ അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചെങ്കിലും പ്രായോഗികമായി ഇവയൊന്നും വിജയിച്ചിട്ടില്ലെന്നാണ് അനുഭവം. പല അതിവേഗ ചാര്‍ജിംഗ് സ്‌റ്റേഷനുകളിലും 30-60 മിനിറ്റുകള്‍ വരെ സമയമെടുക്കും. ഇതിന് പരിഹാരം കാണാനുള്ള ഗവേഷണങ്ങളും നിലവില്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്.
ഇതിനിടയില്‍ ചൈനീസ് കമ്പനിയുടെ പുതിയ നീക്കമാണ് ഇലക്ട്രിക് വാഹനപ്രേമികളുടെ ശ്രദ്ധനേടുന്നത്. ചാര്‍ജ് കഴിയാറായ ബാറ്ററി മാറ്റി പകരം വേറൊരു ബാറ്ററി ഘടിപ്പിച്ച് യാത്ര തുടരാന്‍ കഴിയുന്ന ബാറ്ററി സ്വാപിംഗ് സെന്ററുകളാണ് ചൈനീസ് കമ്പനിയായ കണ്ടംപററി ആംപ്രെക്‌സ് ടെക്‌നോളജി (സി.എ.ടി.എല്‍) ആവിഷ്‌കരിച്ചത്. മിനിറ്റുകള്‍ക്കകം ബാറ്ററി മാറ്റാമെന്നതിനാല്‍ യാത്രക്കിടയിലെ വിരസമായ ചാര്‍ജിംഗ് കാത്തിരിപ്പ് ഒഴിവാക്കാമെന്നതാണ് പ്രത്യേകത.
മിനിറ്റുകള്‍ക്കകം ബാറ്ററി മാറ്റി സ്ഥാപിക്കാനാകും വിധമാണ് സി.എ.ടി.എല്‍ സ്വാപിംഗ് സെന്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സാധാരണ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ മണിക്കൂറുകള്‍ കാത്തിരിക്കുന്നതിന് പകരം ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ബാറ്ററി മാറ്റി സ്ഥാപിക്കാം. ഒരു പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറക്കുന്ന സമയം മതിയെന്ന് സാരം. സമാനമായ സാങ്കേതിക വിദ്യ വേറെയും കമ്പനികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും നൂതനമായ പല സൗകര്യങ്ങളോടെയുമാണ് സി.എ.ടി.എല്ലിന്റെ ചോകോ-സ്വാപ് ശൃംഖല ചൈനയില്‍ നിലവില്‍ വരുന്നത്.
കമ്പനി കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തോളം സ്വാപിംഗ് സെന്ററുകള്‍ ചൈനയില്‍ സ്ഥാപിച്ചെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷങ്ങളില്‍ ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ എണ്ണം 30,000 ആക്കി വര്‍ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിന് പുറമെ ഭാവി ആവശ്യത്തിലേക്കുള്ള ബാറ്ററി ചാര്‍ജിംഗ്, ഉയര്‍ന്ന ശേഷിയുള്ള ബാറ്ററിയിലേക്കുള്ള അപ്ഗ്രഡേഷന്‍, ബാറ്ററി വാങ്ങാനും വാടക്ക് എടുക്കാനുമുള്ള സൗകര്യം, പഴയ ബാറ്ററികളുടെ റീസൈക്ലിംഗ് എന്നീ സൗകര്യങ്ങളും ഈ കേന്ദ്രത്തിലുണ്ടാകും. എന്നാല്‍ ഇ.വികളില്‍ വ്യത്യസ്ത തരത്തിലുള്ള ബാറ്ററികള്‍ ഉപയോഗിക്കുന്നത് പദ്ധതിക്ക് തിരിച്ചടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇ.വി ബാറ്ററി നിര്‍മാതാക്കളായ സി.എ.ടി.എല്ലാണ് ടെസ്‌ലയും ബി.എം.ഡബ്ല്യൂവും അടക്കമുള്ള കമ്പനികള്‍ക്ക് ബാറ്ററി വിതരണം ചെയ്യുന്നത്. ചൈനയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനക്കും (ഐ.പി.ഒ) കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
അതിനിടെ ഇന്ത്യയില്‍ 4 ലക്ഷം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. രാജ്യത്തെ പ്രമുഖ ചാര്‍ജിംഗ് പോയിന്റ് ഓപറേറ്റര്‍മാരുമായി ചേര്‍ന്ന് ടാറ്റ ഇവി മെഗാ ചാര്‍ജിംഗ് ശൃംഖല നടപ്പിലാക്കാനാണ് ടാറ്റയുടെ പദ്ധതി. ഇതിനോടകം ഇരുന്നൂറിലധികം നഗരങ്ങളിലായി 1.5 ലക്ഷം സ്വകാര്യ/ഗാര്‍ഹിക ചാര്‍ജിംഗ് കേന്ദ്രങ്ങളും 2,500 കമ്യൂണിറ്റി ചാര്‍ജിംഗ് കേന്ദ്രങ്ങളും ഡീലര്‍ഷിപ്പുകളില്‍ 750 ചാര്‍ജിംഗ് കേന്ദ്രങ്ങളും ടാറ്റ തയ്യാറാക്കിയിട്ടുണ്ട്. 2027 ആകുന്നതോടെ നാല് ലക്ഷമാക്കി ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ എണ്ണം ഉയര്‍ത്തും. ഇതിനായി ടാറ്റ പവര്‍, ചാര്‍ജ് സോണ്‍, സ്റ്റാറ്റിക്, സിയോണ്‍ എന്നിവരുമായി ചേര്‍ന്ന് ഹൈവേകളിലും പ്രധാന നഗരങ്ങളിലും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള കരാറിലെത്തിയിട്ടുണ്ട്. മറ്റ് വാഹനങ്ങളും ഇവിടെ ചാര്‍ജ് ചെയ്യാമെങ്കിലും ടാറ്റ ഉടമകള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine