ബോംബ് വീണത് പാക്കിസ്ഥാനിലെങ്കിലും 'ചങ്കിടിപ്പ്' ചൈനയ്ക്ക്; ശതകോടികളുടെ നിക്ഷേപം ആവിയാകുമോ?

പാക്കിസ്ഥാനിലെ വിവിധ റോഡ്, തുറമുഖ പദ്ധതികളില്‍ ചൈനയ്ക്ക് വലിയ നിക്ഷേപമാണുള്ളത്. തങ്ങളുടെ പ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെ പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് വലിയ താല്പര്യമില്ല
China
Image : Canva
Published on

ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത് ലോകരാജ്യങ്ങളെല്ലാം ആശങ്കയോടെയാണ് കാണുന്നത്. എന്നാല്‍ പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ആക്രണത്തില്‍ ഏറ്റവും ആശങ്കയുള്ളൊരു രാജ്യം ചൈനയാകും. ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നം വഷളാകുന്നതിലെ വിഷമമല്ല ചൈനയുടെ സ്വസ്ഥത കെടുത്തുന്നത്. മറിച്ച്, പാക്കിസ്ഥാന്റെ മണ്ണില്‍ ചൈനീസ് സര്‍ക്കാര്‍ നടത്തിയ ശതകോടികള്‍ ഒലിച്ചു പോകുമോയെന്ന ഭയമാണ്.

പാക്കിസ്ഥാനിലെ പ്രധാന തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും വലിയ നിക്ഷേപമാണ് ചൈനയ്ക്കുള്ളത്. തങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് നില്‍ക്കുന്നൊരു സര്‍ക്കാരും സൈന്യവും ഉള്ളതാണ് ചൈനയെ ഇത്രയധികം നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചത്. മാത്രവുമല്ല, ഇന്ത്യയ്‌ക്കെതിരേ ഒരു പങ്കാളിയെയും ചൈന പാക്കിസ്ഥാനില്‍ കാണുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപം

പാക്കിസ്ഥാനിലെ വിവിധ റോഡ്, തുറമുഖ പദ്ധതികളില്‍ ചൈനയ്ക്ക് വലിയ നിക്ഷേപമാണുള്ളത്. തങ്ങളുടെ പ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെ പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് വലിയ താല്പര്യമില്ല. എന്നാല്‍ സൈന്യത്തിന്റെ ഉറച്ച പിന്തുണയുള്ളതിനാല്‍ പ്രത്യക്ഷ പ്രതിഷേധമില്ലെന്ന് മാത്രം. എന്നാല്‍ സ്വതന്ത്രരാജ്യമാകാന്‍ പോരാട്ടം നടത്തുന്ന ബലൂചിസ്ഥാനില്‍ അങ്ങനെയല്ല. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ചൈനീസ് എന്‍ജിനിയര്‍മാരെയും പൗരന്മാരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ട്.

ബലൂചിസ്ഥാന്‍ മേഖലയിലെ അളവില്ലാത്ത ധാതുവിഭവങ്ങളിലും ചൈനയ്‌ക്കൊരു കണ്ണുണ്ട്. എന്നാല്‍ പാക്കിസ്ഥാനെ പോലെ ചൈനയെയും ശത്രുപക്ഷത്ത് നിര്‍ത്തിയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി മുന്നോട്ടു പോകുന്നത്.

ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും പാക്കിസ്ഥാനില്‍ സ്വാധീനം ഉറപ്പിക്കുന്നതിനുമായി 2015ല്‍ ചൈന മുന്‍കൈയെടുത്ത് ആരംഭിച്ചതാണ് ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (China–Pakistan Economic Corridor). ഇതുപ്രകാരം ഗ്വാദര്‍, കറാച്ചി തുറമുഖങ്ങളുടെ നവീകരണത്തിന് ചൈന വലിയ സാമ്പത്തികസഹായം നല്കുന്നു.

ദക്ഷിണേഷ്യന്‍ വ്യാപാരം സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഈ പദ്ധതി കൊണ്ട് ചൈന ലക്ഷ്യംവച്ചത് ഇന്ത്യയെയാണ്. ഇന്ത്യയെ ഒറ്റപ്പെടുത്താനും അയല്‍രാജ്യങ്ങളെ ഒപ്പംനിര്‍ത്താനുമായിരുന്നു പദ്ധതി. ഈ പദ്ധതിക്ക് പക്ഷേ ചൈന വിചാരിച്ച പോലുള്ള വേഗം ഉണ്ടായില്ല. പാക് ഭാഗത്ത് വര്‍ധിച്ചുവന്ന പ്രതിഷേധങ്ങളും തീവ്രവാദി ആക്രമണങ്ങളും ആയിരുന്നു കാരണം.

ചൈനയ്ക്ക് ക്ഷീണമാണ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയുദ്ധത്തില്‍ പുറമേ പരിക്കില്ലെന്ന് പറയുമ്പോഴും ചൈനയ്ക്ക് വലിയ പ്രഹരമാണ് ലഭിച്ചത്. ചൈനയിലെ ഫാക്ടറികളില്‍ പണിമുടക്കും തൊഴില്‍നഷ്ടവും വര്‍ധിച്ചു. കയറ്റുമതി ഇടിഞ്ഞതോടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ ആക്രമണത്തോട് പരസ്യമായി വലിയ എതിര്‍പ്പ് പ്രകടിപ്പിക്കാതെ ബീജിംഗ് മാറിനിന്നതിന് കാരണം മറ്റൊന്നല്ല.

പരസ്യമായി പാക് അനുകൂല നിലപാട് എടുത്താല്‍ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏതു നിലപാടെടുക്കുമെന്ന ആശയക്കുഴപ്പവും ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിലയ്ക്കുന്നതും ബീജിംഗിനെ പിന്നോട്ടടിക്കുന്നു. തങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പാക്കിസ്ഥാന്‍ വിശ്വസിച്ചിരുന്ന രാജ്യമായിരുന്നു ചൈന. അവരുടെ ഈ മൃദുനിലപാട് ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനെ ഞെട്ടിച്ചുവെന്ന് തന്നെ പറയാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com