

യുഎസുമായുള്ള വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക് കടക്കവേ കടുത്ത നടപടികളുമായി ചൈന. തങ്ങള്‍ക്കു മേല്‍ക്കൈയുള്ള അപൂര്‍വയിനം ധാതുക്കളുടെയും മെറ്റലിന്റെയും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ബീജിംഗ്. യു.എസിനെ മാത്രമല്ല മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും ഒരുപോലെ ബാധിക്കുന്ന നീക്കമാണ് ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
കാര്‍, മിസൈല്‍, മൊബൈല്‍, ജെറ്റ് എഞ്ചിന്‍ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് ഇവ. കയറ്റുമതിക്കായി തുറമുഖങ്ങളില്‍ എത്തിച്ചവ പോലും അധികൃതരുടെ ഉത്തരവിനെ തുടര്‍ന്ന് തിരികെ ഗോഡൗണുകളിലേക്ക് മാറ്റുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ധാതുക്കളുടെയും മെറ്റലിന്റെയും ഉത്പാദനത്തില്‍ ചൈനയ്ക്ക് വലിയ മേധാവിത്വമാണുള്ളത്. ഉത്പാദനത്തിന്റെ 90 ശതമാനവും ചൈനയിലാണ്. സമാരിയം, ഗാഡോളിനിയം, ടെര്‍ബിയം, ഡൈസ്‌പ്രോസിയം, ല്യൂറ്റേഷ്യം, സ്‌കാന്‍ഡിയം, ഇട്ട്രിയം തുടങ്ങിയവയാണ് ഇപ്പോള്‍ നിയന്ത്രണ പട്ടികയിലുള്ളത്. അമേരിക്കയ്ക്ക് ഇത്തരത്തില്‍ ആകെ ഒരു ഖനി മാത്രമാണുള്ളത്.
ടെസ്‌ല, ആപ്പിള്‍ പോലുള്ള യുഎസ് കമ്പനികള്‍ക്ക് ആവശ്യമായ ഇത്തരം അസംസ്‌കൃത വസ്തുക്കളുടെ ഭൂരിഭാഗവും ചൈനയില്‍ നിന്നാണ് വരുന്നത്. ഇലക്ട്രിക് കാറുകള്‍, ഡ്രോണ്‍, റോബോട്ടുകള്‍, മിസൈലുകള്‍, ജെറ്റ് എഞ്ചിനുകള്‍, ഹെഡ് ലൈറ്റുകള്‍, കംപ്യൂട്ടര്‍ ചിപ്പുകള്‍, എഐ സെര്‍വറുകള്‍ തുടങ്ങിയവയുടെ പ്രധാന ഭാഗങ്ങള്‍ ഇവയിലൂടെയാണ് നിര്‍മിക്കുന്നത്. അതുകൊണ്ട് തന്നെ ചൈനീസ് നീക്കം യു.എസിനും ലോകമാകെ പ്രതിസന്ധി സൃഷ്ടിക്കും.
യു.എസുമായുള്ള വ്യാപാരയുദ്ധത്തില്‍ ചൈനയുടെ പുതിയ നീക്കത്തില്‍ ലോകത്തിനാകെ ആശ്ചര്യമാണ്. യു.എസിലേക്കുള്ള ധാതുക്കളുടെയും മെറ്റലിന്റെയും കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം അവര്‍ പാശ്ചാത്ത്യ രാജ്യങ്ങളെയും ലക്ഷ്യം വയ്ക്കുന്നതാണ് അതിനു കാരണം. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മരവിപ്പിക്കുക വഴി യു.എസിനെ സമ്മര്‍ദത്തിലാക്കാനാണ് ചൈനയുടെ ശ്രമം.
തങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമല്ലാതെ വരുന്നതോടെ പാശ്ചാത്യ ലോകം യു.എസിനെ കുറ്റപ്പെടുത്തുമെന്ന് ചൈന കണക്കുകൂട്ടുന്നു. അതുവഴി ട്രംപിനെ സമ്മര്‍ദത്തിലാക്കി തീരുവ കുറയ്ക്കാന്‍ നിര്‍ബന്ധിതനാക്കാമെന്നും ബീജിംഗിന്റെ പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine