വേണ്ടത്ര കുട്ടികള്‍ പിറക്കുന്നില്ല, ചൈനയില്‍ പൂട്ടിയത് ആയിരക്കണക്കിന് നഴ്‌സറികള്‍; ഇന്ത്യയിലും മുന്നറിയിപ്പ്

ജനന നിരക്ക് കുത്തനെയിടിഞ്ഞതോടെ ചൈനയില്‍ ശിശുപരിചരണത്തിനുള്ള ആയിരക്കണക്കിന് കിന്റര്‍ഗാര്‍ട്ടനുകള്‍ പൂട്ടി. ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം പുതുതായി ചേരാന്‍ കുട്ടികളില്ലാതെ 14,808 കിന്റര്‍ഗാര്‍ട്ടനുകളാണ് പൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കിന്റര്‍ഗാര്‍ട്ടനുകളിലെ പുതിയ അഡ്മിഷനുകള്‍ കുറയുന്നത്. 2023ല്‍ 2,74,400 കിന്റര്‍ഗാര്‍ട്ടനുകളാണ് ചൈനയിലുണ്ടായിരുന്നത്. മുന്‍ വര്‍ഷം ഇത് 2,82,200 എണ്ണമായിരുന്നു. കിന്റര്‍ഗാര്‍ട്ടനുക
ളില്‍ പുതുതായി അഡ്മിഷന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ 11 ശതമാനം കുറവുണ്ടായതായും കണക്കുകള്‍ പറയുന്നു.

ജനന നിരക്ക് കുറയുന്നു, പ്രായം കൂടുന്നു

രാജ്യത്ത് ജനന നിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതും നിലവില്‍ ചൈനയെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ഇതിനെ മറികടക്കാന്‍ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് കൂടുതല്‍ കുട്ടികളെ പ്രസവിക്കാനുള്ള പദ്ധതികള്‍ ചൈനീസ് സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇതുവരെയും ലക്ഷ്യം കണ്ടിട്ടില്ല. രാജ്യത്തെ പല പ്രദേശങ്ങളിലും ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. തെക്കന്‍ ചൈനയിലെ ഗുവാന്‍ഡോംഗില്‍ രണ്ടാമത്തെ കുട്ടിക്ക് 10,000 യുവാനും (ഏകദേശം 1.17 ലക്ഷം രൂപ) മൂന്നാമത്തെ കുട്ടിക്ക് 30,000 യുവാനും ( ഏകദേശം 3.5 ലക്ഷം രൂപ) ബോണസായി നല്‍കുന്നുണ്ട്.

കിന്റര്‍ഗാര്‍ടനുകള്‍ വൃദ്ധസദനങ്ങളാകുന്നു!

കുട്ടികളെ കിട്ടാതായതോടെ ചൈനയിലെ പല കിന്റര്‍ഗാര്‍ട്ടനുകളും പ്രായമായവരെ സംരക്ഷിക്കുന്ന എല്‍ഡേര്‍ലി കെയറുകളായി മാറുകയാണെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ പകുതിയോളം കിന്റര്‍ഗാര്‍ട്ടനുകളും പ്രവര്‍ത്തിക്കുന്നത് സ്വകാര്യ മേഖലയിലാണ്. കുട്ടികളെ കിട്ടാതായതോടെ ഇവയെല്ലാം പുതിയ സാധ്യതകള്‍ തേടിപ്പോയി. നിലവില്‍ ജനസംഖ്യയുടെ 20 ശതമാനവും 65 വയസിന് മുകളിലുള്ളവരാണ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത് 28 ശതമാനമായി വര്‍ധിക്കുമെന്നാണ് പ്രവചനം.

ഇന്ത്യയിലും മുന്നറിയിപ്പ്

ചൈനയിലേത് പോലെയുള്ള ജനസംഖ്യാ പ്രശ്‌നം ഇന്ത്യയിലും സംഭവിക്കാമെന്നും വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2046 ആകുമ്പോള്‍ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം 15 വയസ് വരെയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാകുമെന്നാണ് യു.എന്‍ ജനസംഖ്യാ നിധി (യു.എന്‍.എഫ്.പി.എ)യുടെ മുന്നറിയിപ്പ്. 2050 ആകുമ്പോള്‍ പ്രായമായവരുടെ എണ്ണം ആകെ ജനസംഖ്യയുടെ 20 ശതമാനമാകുമെന്നും യു.എന്‍.എഫ്.പി.എ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 1951ന് ശേഷം പ്രായമായവരുടെ എണ്ണം ക്രമേണ വര്‍ധിക്കുകയാണ്. 2024ല്‍ ആകെ ജനസംഖ്യയുടെ 10.7 ശതമാനം പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നാണ് എസ്.ബി.ഐ അടുത്തിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. 2031 എത്തുമ്പോള്‍ ഇത് 13.31 ശതമാനമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Related Articles
Next Story
Videos
Share it