ബിസിനസ് കൂട്ടാന്‍ ചൈനയുടെ 'ഡിപ്ലോമാറ്റിക്' നീക്കം; 10 രാജ്യങ്ങള്‍ക്ക് വിസ ഇളവുകള്‍; 'ആസിയാന്‍' കൂട്ടായ്മ ലക്ഷ്യം

വിദേശ രാജ്യങ്ങളില്‍ നിന്ന് ചൈനയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്ന് വിദേശകാര്യ വകുപ്പ്
Xi Jinping, China
Xi Jinping, China Image : Canva and pngmart.com
Published on

ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും ചൈനീസ് വിദ്യാര്‍ത്ഥികളോടുള്ള ട്രംപിന്റെ എതിര്‍പ്പും ശക്തമായി നിലനില്‍ക്കുന്നതിനിടെ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സഹകരണം ലക്ഷ്യമിട്ട് ചൈനയുടെ പുതിയ നീക്കം. ആസിയാന്‍ രാജ്യങ്ങള്‍ക്ക് പുതിയ വിസ പദ്ധതി അവതരിപ്പിച്ചാണ് ചൈന സാമ്പത്തിക,രാഷ്ട്രീയ വെല്ലുവിളികളെ മറികടക്കാന്‍ ശ്രമിക്കുന്നത്.

ആസിയാന്‍ (Association of Southeast Asian Nations -ASEAN) കൂട്ടായ്മയില്‍ അംഗങ്ങളായ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രത്യേക വിസയാണ് ചൈന അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസുകാരെയും കുടുംബാഗങ്ങളെയുമാണ് പ്രധാനമായും ചൈന ലക്ഷ്യമിടുന്നത്.

ചൈനയിലേക്കുള്ള പ്രവേശനം എളുപ്പമാക്കും

പുതിയ നീക്കം ചൈനയുടെ അതിര്‍ത്തികള്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കായി തുറക്കുന്നതാണെന്നും രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ വ്യക്തമാക്കി. ആസിയാന്‍ അംഗങ്ങളായ ബ്രൂണെ, കംപോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പൈന്‍സ്, സിഗപ്പൂര്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്കും ചൈനയുടെ നിരീക്ഷണ പദവിയിലുള്ള തിമോര്‍-ലെസ്റ്റെയില്‍ ഉള്ളവര്‍ക്കും ചൈനയിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ പുതിയ പദ്ധതി സഹായിക്കും. ഈ രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസുകാര്‍, അവരുടെ കുടംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് പ്രധാന പരിഗണന.

5 വര്‍ഷത്തെ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി

നിലവില്‍ സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ചൈന അനുവദിച്ചിട്ടുള്ള വീസ ഇളവുകളാണ് ആസിയാന്‍ വിസയിലൂടെ മറ്റു രാജ്യങ്ങള്‍ക്കും ബാധകമാക്കുന്നത്. അഞ്ചു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രിയാണ് അനുവദിക്കുക. ഓരോ തവണയും പരമാവധി ആറ് മാസം ചൈനയില്‍ തങ്ങാം. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ശക്തമാക്കുന്നതിനും ചൈനയിലേക്കുള്ള ലോകത്തിന്റെ പ്രവേശനം കൂടുതല്‍ എളുപ്പമാക്കുന്നതിനുമാണ് പുതിയ നയം ലക്ഷ്യമിടുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.

അടുത്തിടെ ബ്രസീല്‍, അര്‍ജന്റീന, ചിലി, പെറു, ഉറുഗ്വേ എന്നീ ലാറ്റിന്‍ അമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചൈന വിസ ഫ്രീ എന്‍ട്രി സൗകര്യം പ്രഖ്യാപിച്ചിരുന്നു. 2025 ലെ ആദ്യപാദത്തില്‍ ചൈനയിലേക്ക് 90 ലക്ഷം വിദേശികള്‍ എത്തിയതായാണ് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധിച്ചു.

വിദേശ നിക്ഷേപമുള്ള 18,000 പുതിയ സംരംഭങ്ങളും ഈ വര്‍ഷം ഏപ്രില്‍ വരെ ചൈനയില്‍ തുടങ്ങിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.1 ശതമാനം വര്‍ധനയുണ്ടായതായും ചൈനീസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com