ട്രംപിന് ചൈനയുടെ തിരിച്ചടി; അമേരിക്കക്ക് 34% അധിക നികുതി; കേസുമായി ആഗോള കോടതിയില്‍

വ്യാപാര യുദ്ധം മുറുകുന്നു; അമേരിക്കന്‍ കമ്പനികളെ ചൈന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
Trump and Xi Jinping
Trump and Xi JinpingCanva
Published on

ട്രംപിന്റെ തത്തുല്യ ചുങ്കം ആഗോള വ്യാപാര യുദ്ധത്തിന്റെ ആഴം കൂട്ടുന്നു. കഴിഞ്ഞ ദിവസം ട്രംപ് ചുമത്തിയ 34 ശതമാനത്തിന്റെ നികുതിക്ക് തിരിച്ചടിച്ച് ചൈന രംഗത്തെത്തി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ ഇറക്കുമതി ചെയ്യാന്‍ 34 ശതമാനത്തിന്റെ അധിക നികുതി ചുമത്തി. കൂടാതെ അമേരിക്കയുടെ നികുതി നിലപാടിനെതിരെ ചൈന ലോക വ്യാപാര സംഘടനയില്‍ (World Trade Organisation) കേസ് ഫയല്‍ ചെയ്തു. ചൈനയുമായി ബിസിനസ് നടത്തുന്ന നിരവധി അമേരിക്കന്‍ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ചൈനയുടെ നീക്കം യുഎസ്, യൂറോപ്യന്‍ ഓഹരി വിപണികളില്‍ ഇടിവുണ്ടാക്കി.

പുതിയ നികുതി ഏപ്രില്‍ 10 മുതല്‍

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന ഏപ്രില്‍ 10 മുതല്‍ 34 ശതമാനം അധിക നികുതി ചുമത്തുമെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ നികുതി ചുമത്തല്‍ അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ക്ക് അനുസരിച്ചല്ലെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 34 ശതമാനം തത്തുല്യ നികുതി കൂടി വന്നതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 54 ശതമാനം നികുതിയാണ് ചുമത്തുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.


അമേരിക്കക്ക് കടുത്ത വിമര്‍ശനം

അമേരിക്കയുടെ നികുതി നയത്തെ ചൈന കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ആഗോള സാമ്പത്തിക ഘടനയെ അട്ടിമറിക്കുന്ന നിലപാടുകളാണ് അമേരിക്കയുടേതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഏകപക്ഷീയമായ നികുതി ചുമത്തല്‍ അമേരിക്ക നിര്‍ത്തണം. മര്യാദയുടെയും ചര്‍ച്ചകളുടെയും പരസ്പര സഹകരണത്തിന്റെയും വഴിയിലേക്ക് വരണം. ചൈനയുടെ താല്‍പര്യങ്ങളെ പാടെ അവഗണിച്ചാണ് പുതിയ നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഗോള സാമ്പത്തിക വളര്‍ച്ചയെയും വിതരണ ശൃംഖലകളെയും തകര്‍ക്കുന്ന നിലപാടാണ് അമേരിക്കയുടേത്. ചൈനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കടുത്ത നിലപാടുകള്‍ ഏടുക്കേണ്ടി വരും. വിദേശകാര്യ മന്ത്രാലയ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു

അതിനിടെ, നിരവധി അമേരിക്കന്‍ കമ്പനികളെ ചൈന കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. 11 കമ്പനികളെ വിശ്വസിക്കാന്‍ കൊള്ളാത്തവയെന്ന് മുദ്രകുത്തിയാണ് കരിമ്പട്ടികയിലാക്കിയത്. വിപണി നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. 16 അമേരിക്കന്‍ കമ്പനികളെ ചൈനയുടെ എക്‌സ്‌പോര്‍ട്ട് കണ്‍ട്രോള്‍ പട്ടികയിലേക്കും മാറ്റി.


അമേരിക്കയും ചൈനയിലും തമ്മിലുള്ള 582.4 ബില്യണ്‍ ഡോളറിന്റെ വ്യാപാരത്തെ പുതിയ നീക്കം പ്രതികൂലമായി ബാധിക്കും.

ചൈനയുടെ തിരിച്ചടി ആഗോള ഓഹരി വിപണികളെ ഉലച്ചു. ഡൗ ജോണ്‍സ് വ്യവസായ ഇന്‍ഡക്‌സ് 1,100 പോയിന്റ് വരെ ഇടിഞ്ഞു. നാസ്ഡാക് 100 ഫ്യൂച്ചര്‍ 2.6 ശതമാനവും താഴ്ന്നു. യൂറോപ്പില്‍ സ്റ്റോക്‌സ് 600 ഇന്‍ഡക്‌സ് 4.5 ശതമാനവും ബാങ്കിംഗ് ഓഹരികള്‍ 9.5 ശതമാനവും ഇടിഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com