

ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഫ്രഞ്ച് നിര്‍മിത റഫാല്‍ യുദ്ധവിമാനങ്ങളെക്കുറിച്ച് എംബസികളെ ഉപയോഗിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ചൈന ശ്രമിച്ചതായി കണ്ടെത്തല്‍. ഫ്രഞ്ച് സൈനിക, രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. റഫാല്‍ വിമാനങ്ങളുടെ വില്‍പ്പനയും വിശ്വസ്തതയും തകര്‍ക്കാനാണ് ചൈന ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിനിടെ ഒന്നിലധികം റഫാല്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് പാക്കിസ്ഥാനും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നത്.
വിവിധ രാജ്യങ്ങളിലുള്ള ചൈനീസ് എംബസികളിലെ പ്രതിരോധ അറ്റാഷെമാരെ ഉപയോഗിച്ചായിരുന്നു ചൈനയുടെ ഓപ്പറേഷന്‍. ഇതിനോടകം റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാമെന്ന് ധാരണയിലെത്തിയ ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. പകരം ചൈനീസ് നിര്‍മിത ജെ.എഫ് 17 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചതായും വെളിപ്പെടുത്തലുണ്ട്. ഇതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്റുകളും എ.ഐ നിര്‍മിത വീഡിയോയും യുദ്ധം പ്രമേയമാക്കിയ വീഡിയോ ഗെയിമുകളുടെ ക്ലിപ്പിംഗുകളും വ്യാപകമായി പ്രചരിപ്പിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രം ആയിരത്തിലധികം പുതിയ സോഷ്യല്‍ മീഡിയ പേജുകള്‍ നിര്‍മിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് ചൈനയുടെ പ്രതികരണം.
മൂന്ന് റഫാല്‍ ഉള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇതോടെ ഫ്രഞ്ച് നിര്‍മാതാവായ ദസോയില്‍ നിന്നും റഫാല്‍ വാങ്ങിയ രാജ്യങ്ങള്‍ വിമാനത്തിന്റെ പ്രകടനത്തില്‍ സംശയം പ്രകടിപ്പിക്കാന്‍ തുടങ്ങി. വിമാനങ്ങള്‍ നഷ്ടമായെന്ന് ഇന്ത്യ പരോക്ഷമായി സമ്മതിച്ചിട്ടുണ്ടെങ്കിലും എത്രയെണ്ണമാണ് തകര്‍ന്നതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. റഷ്യന്‍ നിര്‍മിത സുഖോയ്, മിറാഷ് 2000, ഫ്രഞ്ച് നിര്‍മിത റഫാല്‍ എന്നിങ്ങനെ മൂന്ന് വിമാനങ്ങളെങ്കിലും ഇന്ത്യക്ക് നഷ്ടമായെന്നാണ് ഫ്രഞ്ച് വ്യോമസേന തലവന്‍ ജെറോം ബെല്ലാന്‍ഗര്‍ പറയുന്നത്. ഇതാദ്യമായാണ് യുദ്ധസമാന സാഹചര്യത്തില്‍ റഫാല്‍ വിമാനത്തിന് നാശമുണ്ടാകുന്നത്. ഇത്തരം വാര്‍ത്തകള്‍ കോടികള്‍ വരുമാനമുള്ള ഫ്രഞ്ച് പ്രതിരോധ മേഖലയെ സാരമായി ബാധിച്ചതായാണ് റിപ്പോർട്ട്.
ചൈനയുടെ വ്യാജ പ്രചാരണം ശക്തമായി നേരിടാനാണ് ഫ്രാന്‍സിന്റെ തീരുമാനം. റഫാല്‍ വിമാനത്തെ ലക്ഷ്യം വെച്ചത് ആകസ്മികമായി കാണേണ്ടതില്ലെന്നാണ് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം പറയുന്നത്. എട്ടോളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടതും അസാമാന്യ കഴിവുകളുള്ളതുമായ വിമാനമാണ് റഫാല്‍. ഫ്രാന്‍സിന്റെ തന്ത്രപ്രധാന ആയുധമെന്നതിനാലാണ് റഫാലിനെ ലക്ഷ്യം വെച്ചത്. അവസരം മുതലെടുത്ത് ചൈനീസ് യുദ്ധവിമാനങ്ങളുടെ വില്‍പ്പന നടത്താനുള്ള ശ്രമം വിജയിക്കില്ലെന്നും ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.
ദസോ (Dasault) നിര്‍മിക്കുന്ന ഇരട്ട എഞ്ചിന്‍ വിമാനമാണിത്. സാങ്കേതിക വിദ്യയുടെ പങ്കുവെക്കല്‍ ഉള്‍പ്പെടെ 126 റഫാല്‍ വിമാനങ്ങള്‍ വ്യോമസേനക്ക് വേണ്ടി വാങ്ങാന്‍ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ കരാറൊപ്പിട്ടിരുന്നു. നാവികസേനക്ക് വേണ്ടി 26 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 56,000 കോടി രൂപയുടെ കരാറിലും അടുത്തിടെ ഇന്ത്യ ഒപ്പിട്ടിരുന്നു. ഇന്ത്യക്ക് പുറമെ ഈജിപ്ത്, ഖത്തര്‍, ഗ്രീസ്, ക്രൊയേഷ്യ, യു.എ.ഇ, സെര്‍ബിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഇതേ വിമാനം വാങ്ങിയിട്ടുണ്ട്. ഇതിനോടകം 42 റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കിയ ഇന്തോനേഷ്യന്‍ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ഒരുക്കത്തിലുമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine