അംബാനിയെ പിന്തള്ളി ചൈനയുടെ ചോങ് ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ

ബ്ലൂംബെർഗ് സൂചിക പ്രകാരം 66-കാരനായ ചോങ്ങിന്റെ മൊത്തം ആസ്തി ഈ വർഷം 70.9 ബില്യൺ ഡോളർ ഉയർന്ന് 77.8 ബില്യൺ ഡോളറിലെത്തി. ഇത് ചരിത്രത്തിലെ അതിവേഗ സമ്പത്ത് ശേഖരണങ്ങളിലൊന്നാണ്, മാത്രമല്ല ഏതാനം മാസങ്ങൾക്ക് മുമ്പുവരെ അദ്ദേഹം ചൈനയ്ക്ക് പുറത്ത് അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഈ സൂചിക പ്രകാരം ലോകത്തെ ശതകോടീശ്വരന്മാരിൽ പതിനൊന്നാമത്തെ സ്ഥാനത്താണ് അദ്ദേഹം ഇപ്പോൾ.

ജേണലിസം, കൂൺ കൃഷി, ആരോഗ്യ പരിരക്ഷ എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കരിയറിന് ശേഷം, അദ്ദേഹം ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായിത്തീർന്നത്, അംബാനിയെ കൂടാതെ ജാക്ക് മാ ഉൾപ്പെടെയുള്ള ചൈനീസ് ടെക് ടൈറ്റാനുകളെയും മറികടന്നാണ്.

ബിസിനസ് ലോകത്തു ചോങ് അറിയപ്പെടുന്നത് ഒരു ഒറ്റയാൻ എന്നാണ്. രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് താത്പര്യം ഇല്ല. ചോങ്ങിന്റെ ബിസിനസ്സ് താൽപ്പര്യങ്ങൾ ചൈനയിലെ മറ്റ് സമ്പന്ന കുടുംബങ്ങളുടെ റിയൽ എസ്റ്റേറ്റ് പോലുള്ള മേഖലകളിൽ അല്ല.

പരസ്പരം ബന്ധമില്ലാത്ത രണ്ട് മേഖലകളോട് അദ്ദേഹം തന്റെ വിജയത്തിന് കടപ്പെട്ടിരിക്കുന്നു. വാക്സിൻ നിർമാതാക്കളായ ബീജിംഗ് വാണ്ടായ് ബയോളജിക്കൽ ഫാർമസി എന്റർപ്രൈസ് കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം ഏറ്റെടുത്തു. മാസങ്ങൾക്കുശേഷം ഇദ്ദേഹത്തിന്റെ കുപ്പിവെള്ള നിർമ്മാണ കമ്പനിയായ നോങ്‌ഫു സ്പ്രിംഗ് ഹോങ്കോങ് ഓഹരി മാർക്കറ്റിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ലിസ്റ്റിംഗുകളിൽ ഒന്നായി മാറി. അരങ്ങേറ്റം മുതൽ നോങ്‌ഫു ഓഹരികൾ 155% ഉയർന്നു, വാണ്ടായിയുടെ ഓഹരി വില 2,000% ത്തിൽ കൂടുതൽ ഈ വർഷം ഉയർന്നു.

തന്റെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ടെക്നോളജി, ഇ-കൊമേഴ്‌സ് ടൈറ്റാനാക്കി മാറ്റുന്ന ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന അംബാനിക്കും പോയ വർഷം തരക്കേടില്ലാത്തതായിരുന്നു. അദ്ദേഹത്തിന്റെ സമ്പാദ്യം 18.3 ബില്യൺ ഡോളർ ഉയർന്നു 76.9 ബില്യൺ ഡോഡോളറിലേക്ക് എത്തിയതായി ബ്ലൂംബെർഗ് കണക്കുകൂട്ടുന്നു.

ഒരു ഘട്ടത്തിൽ അംബാനി ലോകത്തിലെ നാലാമത്തെ ഏറ്റവും ധനികനായ വ്യക്തി എന്ന നിലയിലേക്ക് ഉയർന്നിരുന്നു. എന്നാൽ, താൻ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുന്ന കാര്യത്തിൽ സമ്മർദ്ദം നേരിടുന്ന അദ്ദേഹത്തിന്റെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ പിന്നീട് താഴേയ്ക്ക് വന്നു.

അതേസമയം, ചോങ്ങിന്റെ നോങ്‌ഫു സ്പ്രിംഗ് തങ്ങളുടെ വിപണി ആധിപത്യം ശക്തമാക്കിയിട്ടുണ്ടെന്നും ധാരാളം പണം ഒഴുകി എത്തുന്നുണ്ടെന്നും സിറ്റിഗ്രൂപ്പ് അനലിസ്റ്റുകൾ പറഞ്ഞതിനെത്തുടർന്ന് ഈ ആഴ്ച നോങ്ഫു സ്റ്റോക്ക് ഏറ്റവും ഉയർന്ന നിലയിലെത്തി. കോവിഡ് -19 വാക്സിൻ വികസിപ്പിച്ചവരിൽ ചോങ്ങിന്റെ മറ്റൊരു സ്ഥാപനമായ വാണ്ടായിയും ഉൾപ്പെടുന്നു.

സർക്കാർ പരിശോധനകളെ തുടന്ന് ചൈനയുടെ ടെക് കമ്പനികൾ ഇടിഞ്ഞതിനാൽ ചോങ്ങും റാങ്കുകളിൽ കയറി. ഈ വർഷം അംബാനി മുന്നിൽ വരുന്നതിനു മുമ്പ് ഏഷ്യയിലെ ഏറ്റവും ധനികനായിരുന്ന ജാക്ക് മായുടെ മൂല്യം ഇപ്പോൾ 51.2 ബില്യൺ ഡോളറാണ്. ഒക്ടോബറിലെ ഉയർന്ന 61.7 ബില്യൺ ഡോളറിൽ നിന്ന് ഇദ്ദേഹം താഴേയ്ക്ക് വന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കുപ്പിവെള്ള കമ്പനിയായ നോങ്‌ഫു സ്പ്രിംഗ് ഐ‌പി‌ഒ വഴി 1.1 ബില്യൺ ഡോളറിലധികം സമാഹരിച്ചിരുന്നു. ചോങ്ങിന് ഈ കമ്പനിയുടെ ഏകദേശം 60 ബില്യൺ ഡോളർ വിലമതിക്കുന്ന 84%-ത്തിലധികം ഉടമസ്ഥതയുണ്ട്. ചൈനയിലെ മറ്റ് ശതകോടീശ്വരന്മാരായ ടെൻസെന്റിന്റെ പോണി മാ, അലിബാബ സ്ഥാപകൻ ജാക്ക് മാ എന്നിവരെ മറികടക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു.

ചോങ് ഏറ്റെടുത്ത ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ വാണ്ടായ് ബയോളജിക്കൽ എന്ന സ്ഥാപനം, 2020-ൽ ഒരു ഘട്ടത്തിൽ അതിന്റെ ഓഹരി ഏകദേശം 2,000 ശതമാനം വർദ്ധിച്ചു. നാസൽ സ്പ്രേ കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനായി ഈ കമ്പനി പ്രവർത്തിക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it