

യു.എസിലേക്കുള്ള ചൈനീസ് കയറ്റുമതിയില്‍ വന്‍ ഇടിവ്. ഓഗസ്റ്റില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് യു.എസിലേക്കുള്ള കയറ്റുമതി. അതേസമയം, മൊത്തം കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്താന്‍ ചൈനയ്ക്ക് സാധിക്കുകയും ചെയ്തു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.4 ശതമാനത്തിന്റെ വര്‍ധനയാണ് മൊത്തം കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. യു.എസില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. 16 ശതമാനമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് താഴ്ന്നത്. യു.എസിന്റെ താരിഫ് വര്‍ധനയാണ് ചൈനീസ് കയറ്റുമതിക്ക് തിരിച്ചടിയായത്.
ഓഗസ്റ്റില്‍ ചൈനീസ് കയറ്റുമതി 4.4 ശതമാനം വര്‍ധിച്ചെങ്കിലും ഫെബ്രുവരിക്കു ശേഷമുള്ള താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. മറ്റ് രാജ്യങ്ങള്‍ വഴിയുള്ള കയറ്റുമതിക്കും യു.എസ് തീരുവ വര്‍ധിപ്പിക്കുന്നത് ചൈനീസ് കയറ്റുമതിക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ മാസം ചൈനയുടെ ഇറക്കുമതിയില്‍ 1.3 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. സാമ്പത്തികരംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചില്ലെന്ന് വിലയിരുത്തലാണുള്ളത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം, വര്‍ധിച്ചുവരുന്ന തൊഴില്‍ അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
യു.എസ് വിപണിയില്‍ പ്രതിസന്ധി ഉടലെടുത്തതോടെ മറ്റ് വിപണികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയമാണ് ഇന്ത്യയുടേത്. സമാന രീതിയില്‍ തന്നെയാണ് ചൈനയും നീങ്ങുന്നത്. ദക്ഷിണേഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍, ലാറ്റിനമേരിക്ക, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്ക് കൂടുതല്‍ കയറ്റുമതിക്ക് ചൈന ശ്രമം തുടങ്ങിയിട്ടുണ്ട്.
ശക്തമായ ആഭ്യന്തര വിപണിയാണ് ഇന്ത്യയുടെ കരുത്ത്. എന്നാല്‍ ചൈന ഇക്കാര്യത്തില്‍ പിറകിലാണ്. അവരുടെ ആഭ്യന്തര വിപണി ദുര്‍ബലമാണ്. അതുകൊണ്ട് തന്നെ കയറ്റുമതിയില്‍ അമിത ആശ്രയത്വം പുലര്‍ത്തുന്ന ചൈനയ്ക്ക് പ്രശ്‌നങ്ങളേറെയാണ്. വിദേശ വിപണികളിലേക്ക് കൂടുതല്‍ നോട്ടമെറിയാന്‍ അവരെ പ്രേരിപ്പിക്കുന്നതും ഈ ഘടകങ്ങളാണ്.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഓഗസ്റ്റില്‍ 7.7 ശതമാനം വര്‍ധിച്ചു. ആസിയാന്‍ രാജ്യങ്ങളിലേക്ക് 14.6%, ആഫ്രിക്ക 24.6%, ലാറ്റിനമേരിക്ക 6% എന്നിങ്ങനെ വര്‍ധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine