എണ്ണവില കൂപ്പുകുത്തുന്നു! ഗള്‍ഫ് രാജ്യങ്ങള്‍ നടുക്കടലില്‍; സന്തോഷത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയും, എണ്ണവിപണിയില്‍ എന്താണ് സംഭവിക്കുന്നത്?

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വെട്ടിയിട്ട വാഴത്തണ്ടിന്റെ അവസ്ഥയിലാണ്. എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഒന്നിച്ചു നിന്നിട്ടും വില പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല. രാജ്യാന്തര എണ്ണവിലയില്‍ നാടകീയ ഇറക്കത്തിലും നേട്ടം കൊയ്യാനാകാത്ത അവസ്ഥയില്‍ ഇന്ത്യയും. ക്രൂഡ്ഓയില്‍ വില ബാരലിന് 70 ഡോളറിന് താഴെയാകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ എണ്ണവിപണിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് ഡിസംബര്‍ വരെ ഉത്പാദനം വര്‍ധിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഡിമാന്‍ഡ് താഴ്ന്നു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സംഘടനയുടെ തീരുമാനം. എന്നാല്‍ എണ്ണവില കൂടിയില്ലെന്ന് മാത്രമല്ല കൂടുതല്‍ താഴേക്ക് പതിക്കുകയും ചെയ്തു. ഇതിനു പ്രധാന കാരണം ഒപെക് ഇതര ഉത്പാദക രാജ്യങ്ങള്‍ വിപണിയിലേക്ക് ഒഴുക്കുന്ന എണ്ണയുടെ അളവ് കൂട്ടിയതാണ്.

ചൈന ഇനി പഴയപോലെയാകില്ല?

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡില്‍ കാര്യമായ വര്‍ധനയില്ലാത്തതാണ് എല്ലാത്തിന്റെയും കാതലായ പ്രശ്‌നം. ചൈനയില്‍ ഡിമാന്‍ഡ് ഉയരാത്തത് പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ വിപണിയില്‍ കുമിഞ്ഞു കൂടുന്നതിന് ഇടയാക്കുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (ഐ.ഇ.എ) കണക്കുകൂട്ടല്‍.
ചൈനീസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലായതിനാലാണ് എണ്ണ ഉപഭോഗം കുറഞ്ഞതെന്ന വാദത്തെ ഖണ്ഡിക്കുന്നതാണ് ഐ.ഇ.എയുടെ നിഗമനങ്ങള്‍. ചൈനയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഹൈ സ്പീഡ് റെയിലും ഗ്യാസ് ഇന്ധനം ഉപയോഗിച്ചുള്ള ട്രക്കുകളും ചൈനയുടെ നിത്യജീവിതത്തിലേക്ക് കൂടുതല്‍ ഇഴുകിചേര്‍ന്നിരിക്കുന്നു. ഇത് എണ്ണ ഉപഭോഗം കുറയ്ക്കാന്‍ ഇടയാക്കുന്നുവെന്നാണ് ഐ.ഇ.എ ഓയില്‍ ഇന്‍ഡസ്ട്രി ആന്‍ഡ് മാര്‍ക്കറ്റ് തലവന്‍ ടോറില്‍ ബോസോനി പറയുന്നത്. ഇതിന്റെ അര്‍ത്ഥം ചൈനീസ് സമ്പദ്‌വ്യവസ്ഥ പഴയ പ്രതാപത്തിലേക്ക് എത്തിയാലും എണ്ണ ഉപഭോഗം കൂടിയേക്കില്ലെന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ എണ്ണയില്‍ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമാകും ഉണ്ടാവുക.

എണ്ണയൊഴുക്കി അമേരിക്കന്‍ അച്ചുതണ്ട്

മുമ്പൊക്കെ എണ്ണവില നിയന്ത്രിച്ചിരിക്കുന്നത് സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങളായിരുന്നു. എന്നാല്‍ എണ്ണയിലെ പഴയ ആധിപത്യം ഇത്തരം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇപ്പോഴില്ല. ഉത്പാദനം വെട്ടിക്കുറച്ചിട്ടു പോലും വിപണിയിലെ എണ്ണ ലഭ്യത കുറഞ്ഞില്ലെന്ന് മാത്രമല്ല ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഉത്പാദനം കുറച്ചാല്‍ പോലും അടുത്ത രണ്ട് വര്‍ഷത്തേക്ക് വിപണിയില്‍ ലഭ്യത കുറയില്ലെന്നാണ് വിലയിരുത്തല്‍. യു.എസ്, ബ്രസീല്‍, കാനഡ, ഗയാന എന്നീ രാജ്യങ്ങളുടെ നിലപാടാണ് കാരണം. വിപണിയിലേക്ക് പരമാവധി എണ്ണ ഒഴുക്കാനാണ് ഈ രാജ്യങ്ങളുടെ തീരുമാനം. പശ്ചിമേഷ്യന്‍ സംഘര്‍ഷം കത്തിനിന്ന ഒക്ടോബര്‍ ആദ്യ വാരത്തിനുശേഷം ക്രൂഡ് വില ഇടിഞ്ഞത് 11 ശതമാനത്തിലേറെയാണെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയ്ക്ക് നേട്ടമാകില്ല ?

സാധാരണഗതിയില്‍ ക്രൂഡ് വിലയിലെ ഏതൊരു ഇടിവും ഇന്ത്യയെ സന്തോഷിപ്പിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ ഇന്ത്യയ്ക്ക് അത്ര നേട്ടമാകില്ല. ഇതിനു കാരണം ഡോളര്‍ കരുത്താര്‍ജിച്ചതാണ്. ഇന്ത്യയുടെ എണ്ണ വാങ്ങല്‍ കൂടുതലും ഡോളറിലാണ്. അതിനാല്‍ ഡോളര്‍ മൂല്യം വര്‍ധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയര്‍ത്തുന്നു. എണ്ണവില കുറയുന്നതിനൊപ്പം ഡോളറിനെതിരേ രൂപ കരുത്താര്‍ജിക്കുക ചെയ്താല്‍ മാത്രമേ ഇന്ത്യയ്ക്ക് വലിയ നേട്ടമുണ്ടാകൂ.
രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികളുടെ വരുമാനവും ലാഭവും രണ്ടാപാദത്തില്‍ താഴ്ന്ന നിലയിലാണ്. ഇത് കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് അത്ര സന്തോഷം പകരുന്നതല്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം മുടക്കുന്ന പണത്തിന്റെ വരവിന്റെ കൂടിയ പങ്കും എണ്ണ വില്പനയിലൂടെ കിട്ടുന്നതാണ്. വരുമാനം കുറയുന്നത് ചെലവഴിക്കലിനെയും അതിനേക്കാളേറെ രാജ്യത്തെ സാമ്പത്തിക ക്രയവിക്രയങ്ങളെയും ബാധിക്കും. എണ്ണവില കുറച്ച് റിസ്‌ക്കെടുക്കാന്‍ കേന്ദ്രം തയാറായേക്കില്ല.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it