ചൈനയ്ക്ക് അപായമണി? മെയ് 1 മുതല്‍ 5 വരെയുള്ള ചൈനീസ് സഞ്ചാരം അത്ര പോരാ! ട്രംപ് ആഘാതത്തിന്റെ നേര്‍ചിത്രം?

സാധാരണ ഗതിയില്‍ ഓരോ വര്‍ഷവും ഈ സമയത്ത് ചൈനക്കാരുടെ ചെലവഴിക്കല്‍ വലിയ തോതില്‍ വര്‍ധിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇത് വെറുമം 1.5 ശതമാനം വര്‍ധനയിലൊതുങ്ങി
trump vs xi jinping
Published on

ഡൊണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം തങ്ങള്‍ക്കൊരു പ്രശ്‌നവും സൃഷ്ടിക്കില്ലെന്നും നേര്‍ക്കുനേര്‍ നിന്ന് തിരിച്ചടിക്കുമെന്നുമായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ തുടക്കത്തിലെയുള്ള മറുപടി. എന്നാല്‍ വ്യാപാരയുദ്ധം മുറുകിയപ്പോള്‍ ചൈനയുടെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രതിസന്ധി രൂപപ്പെടുന്നുവെന്ന വാര്‍ത്തകളും പുറത്തു വരാന്‍ തുടങ്ങി. വ്യവസായ മേഖലകളില്‍ ഓര്‍ഡറുകള്‍ കുറഞ്ഞതോടെ തൊഴില്‍ സമരങ്ങളും പിരിച്ചുവിടലുകളും വര്‍ധിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൈനയില്‍ ഏറ്റവും വലിയ അവധിദിനങ്ങളാണ് മെയ് ഒന്നു മുതല്‍ അഞ്ചു വരെയുള്ള ദിവസം. ഈ ദിവസങ്ങളില്‍ ഒട്ടുമിക്ക തൊഴില്‍ശാലകളും അവധിയായിരിക്കും. ചൈനക്കാര്‍ കുടുംബത്തോടൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകുന്നതും ഈ ദിനങ്ങളിലാണ്. ചൈനീസ് ഉപഭോക്തൃ വളര്‍ച്ചയുടെ ഗ്രാഫ് പ്രധാനമായും അളക്കുന്നത് ഈ ദിവസങ്ങളെ വിലയിരുത്തിയാണ്.

ചൈനീസ് യാത്രക്കാരുടെ എണ്ണം എട്ട് ശതമാനത്തോളം ഇത്തവണ വര്‍ധിച്ചെങ്കിലും കോവിഡ് മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് എത്താനായില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയുടെ സാമ്പത്തികവളര്‍ച്ചയെ യു.എസിന്റെ താരിഫ് യുദ്ധം ബധിച്ചുവെന്നതിന്റെ സൂചനയാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വളര്‍ച്ച ഇപ്പോഴും മങ്ങിയ നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് കുടുംബങ്ങള്‍ ബുദ്ധിമുട്ടില്‍?

സാധാരണ ഗതിയില്‍ ഓരോ വര്‍ഷവും ഈ സമയത്ത് ചൈനക്കാരുടെ ചെലവഴിക്കല്‍ വലിയ തോതില്‍ വര്‍ധിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇത് വെറും 1.5 ശതമാനം വര്‍ധനയിലൊതുങ്ങി. ഇതാകട്ടെ 2019ല്‍ കോവിഡ് എത്തുംമുമ്പുള്ളതിനും കുറവാണ്. 2019ല്‍ ഈ ദിവസങ്ങളില്‍ ഒരു ചൈനക്കാരന്‍ 603.4 യുവാന്‍ ചെലവഴിച്ചിരുന്നെങ്കില്‍ ഇപ്പോഴിത് 574.1 യുവാനിലേക്ക് കൂപ്പുകുത്തി. ചൈനയുടെ തൊഴില്‍ രംഗത്തുള്ള പ്രതിസന്ധിയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനക്കാരുടെ സിനിമ പ്രേമത്തിനും 2024നെ അപേക്ഷിച്ച് വലിയ ഇടിവ് വന്നിട്ടുണ്ട്. ടിക്കറ്റ് വില്പന ഇത്തവണ 747 ദശലക്ഷം യുവാന്‍ ആയിരുന്നു. മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് പകുതി മാത്രം. കുടുംബങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോള്‍ ആദ്യം കുറയ്ക്കുന്നത് ഇത്തരം വിനോദത്തിനായുള്ള തുകയാണ്. തീയറ്ററുകളില്‍ കളക്ഷന്‍ കുറയാനുള്ള കാരണവും ഈ പ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.

ചൈനയുടെ ബിസിനസ് വളര്‍ച്ച 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിലയിലേക്ക് താഴ്ന്നുവെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ചൈനയില്‍ തൊഴിലെടുക്കുന്ന 48 ശതമാനം ആളുകളും സേവന, നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. ജി.ഡി.പിയുടെ 56 ശതമാനം സംഭാവന ചെയ്യുന്നത് ഈ മേഖലയാണ്.

താരിഫ് യുദ്ധം ചൈനയുടെ സാമ്പത്തിക വേഗത്തിന് വിലങ്ങുതടിയാകുന്നതിന് കാരണവും ഇതാണ്. വരും മാസങ്ങള്‍ ചൈനയെ സംബന്ധിച്ച് നിര്‍ണായകമാണ്. ട്രംപിന്റെ നീക്കങ്ങള്‍ എത്രത്തോളം ചൈനയെ ബാധിച്ചുവെന്ന് ഇനിയുള്ള മാസങ്ങളിലെ വ്യക്തമാകൂ.

China's economic slump deepens with weak holiday spending and sectoral decline, reflecting Trump-era trade war effects

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com