ചിട്ടി നടത്തിപ്പിന് വിലക്ക്, നിയന്ത്രണം കടുപ്പിച്ചു; സഹകരണ ബാങ്കുകളില്‍ പിടിമുറുക്കി സര്‍ക്കാര്‍

സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും ചിട്ടികളില്‍ പിടിമുറുക്കി സംസ്ഥാന സഹകരണ വകുപ്പ്. ഇനി മുതല്‍ ചിട്ടി നടത്തിപ്പ് വേണ്ടെന്നാണ് വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചിട്ടി എന്ന പേരില്‍ പ്രചാരണം നടത്തരുതെന്ന് ഉത്തരവിട്ട സഹകരണവകുപ്പ് ഇത്തരത്തിലുള്ള പദ്ധതികള്‍ മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചിട്ടി നടത്തിപ്പ് സ്ഥാപനങ്ങള്‍ക്ക് നഷ്ടം
ചിട്ടിയുടെ രീതിയില്‍ നടത്തുന്ന സമ്പാദ്യ പദ്ധതിക്ക് സഹകരണവകുപ്പിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. സഹകരണ സംഘങ്ങളും ബാങ്കുകളും നടത്തുന്ന ചിട്ടികള്‍ അതാത് സ്ഥാപനങ്ങളുടെ സാമ്പത്തികനിലയെ തകിടംമറിക്കുന്നുവെന്നാണ് കണ്ടെത്തല്‍. അതേസമയം, കരുവന്നൂര്‍ അടക്കമുള്ള സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് സഹകരണവകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നതെന്നാണ് വിവരം.
ചിട്ടികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ തന്നെ കൂടുതല്‍ ചിട്ടികള്‍ കൈവശം വയ്ക്കുന്ന രീതിയുണ്ട്. ഇത് സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് പ്രശ്‌നമാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ചിട്ടിയില്‍ പിടിമുറുക്കാന്‍ സഹകരണവകുപ്പ് തീരുമാനിച്ചത്. ഇനി മുതല്‍ ചിട്ടിക്ക് സമാനമായ എല്ലാ നിക്ഷേപ പദ്ധതികളും പ്രതിമാസ സമ്പാദ്യപദ്ധതി എന്ന പേരിലേക്ക് മാറ്റണം.
പുതിയ നിബന്ധനകള്‍ ഇതൊക്കെ
ലേല സമ്പാദ്യ പദ്ധതിയില്‍ ചേരുന്നവരെല്ലാം ബാങ്കുകളിലെ അംഗങ്ങളാകണം. അഞ്ചെണ്ണത്തിലേറെ ഒരാള്‍ക്ക് ചേരാനാവില്ല. ലേലത്തുക അനുവദിക്കുന്നതിന് കൃത്യമായ ജാമ്യം വേണം. തവണമുടക്കിയാല്‍ വായ്പയ്ക്ക് ഈടാക്കുന്ന പലിശ വാങ്ങണം. നിക്ഷേപം മുടക്കുന്നവര്‍ക്ക് അടച്ചതുമാത്രം തിരിച്ചു നല്‍കും. പകരം ചേര്‍ക്കുന്നയാള്‍ കുടിശിക ഒരുമിച്ച് അടയ്ക്കണം.
ലേല സമ്പാദ്യ പദ്ധതിയില്‍ ഒന്നാമത്തെ അംഗം ബാങ്കായിരിക്കണം. ഒന്നിലേറെ അംഗത്വം ബാങ്കിന് പാടില്ല. പദ്ധതിയില്‍ ചേരുന്നവരെല്ലാം ബാങ്കുകളില്‍ അംഗങ്ങളായിരിക്കണം. അഞ്ചെണ്ണത്തില്‍ കൂടുതല്‍ ചേരാന്‍ അനുവദിക്കരുത്.

Related Articles

Next Story

Videos

Share it