ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റ് ഇന്ത്യയിലും റിലീസായി; മുംബൈയിലും ബാംഗ്ലൂരും പ്രേക്ഷകരുടെ തിരക്ക്

ആഗോളതലത്തില്‍ തന്നെ കോവിഡ്് പല മേഖലകളിലും വന്‍ പ്രതിസന്ധി ഉണ്ടാക്കുകയും തൊഴില്‍ സാദ്ധ്യതകള്‍ ഇല്ലാതെ ആക്കുകയും ചെയെതെങ്കിലും, ഏകദേശം പൂര്‍ണമായി സ്തംഭിച്ചു പോയ ഒരു മേഖല ആണ് സിനിമ തീയറ്റര്‍ വ്യവസായം. കേരളത്തില്‍ തീയറ്ററുകള്‍ തുറക്കാതെ ആയിട്ടു ഏഴു മാസത്തില്‍ കൂടുതലായി.

നിരവധി സിനിമകള്‍ ഓ ടി ടി പ്ലാറ്റഫോം വഴി ഇതിനിടയില്‍ റിലീസ് ചെയ്‌തെങ്കിലും, സിനിമ തീയറ്ററുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന തീയറ്റര്‍ ഉടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. ഇനി എന്നെങ്കിലും സിനിമാശാലകള്‍ തുറന്നാല്‍ തന്നെ പഴയതു പോലെ പ്രേക്ഷകര്‍ എത്തുമോയെന്നതും അവരെ ആശങ്കയിലാക്കുന്നു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സിനിമ തീയറ്ററുകള്‍ തുറന്നുവെങ്കിലും കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും പ്രതിസന്ധി മാറിയിട്ടില്ല. തീയറ്ററുകള്‍ തുറന്നു കൊടുത്തെങ്കിലും പഴയതു പോലെ സിനിമകള്‍ ഇല്ലാത്തതു കൊണ്ട് കാണികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. പോരാത്തതിന് കോവിഡുമായി ബന്ധപെട്ടു പല വിധ കര്‍ശന നിയന്ത്രണങ്ങളും തിയറ്റര്‍ തുറന്ന ഇടങ്ങളില്‍ പോലും സിനിമ തീയറ്റര്‍ വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.

കോവിഡിന്റെ ഭീതിയില്‍ നിന്നും ലോകം പൂര്‍ണമായും മുക്തരായില്ലെങ്കിലും അവര്‍ തങ്ങളുടെ ജീവിതം പുതിയ സാഹചര്യങ്ങളുമായി ക്രമീകരിച്ചു മുന്നോട്ടു പോവുകയാണ്. കോവിടിന്റെ ആവിര്‍ഭാവത്തിനു ശേഷം ലോകത്തു വന്‍കിട സിനിമകള്‍ റിലീസ് ആയിട്ടില്ല. അതിനു ഒരു അപവാദമാവുകയാണ് ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ഹോളിവുഡ് സിനിമ ടെനെറ്റ് . ഡിസംബര്‍ നാലിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ഈ ചിത്രം മികച്ച അഭിപ്രായം നേടി പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ഇന്ത്യയിലും റിലീസ് ആയ ഈ ചിത്രം പഴയ ബോളിവുഡ് താരം ഡിംപിള്‍ കപാഡിയ അഭിനയിക്കുന്നു എന്നത് കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ്. കൂടാതെ മുംബൈയില്‍ വെച്ച് ആണ് സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

അഡ്വാന്‍സ് ബുക്കിംഗില്‍ 25,000 ടിക്കറ്റുകള്‍ വിറ്റ ചിത്രം ബോക്‌സോഫീസില്‍ രണ്ടു കോടിയിലധികം കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കണക്കുകള്‍ പ്രകാരം മുംബൈയിലും ബാംഗ്ലൂരിലുമാണ് ഈ സയന്‍സ് ഫിക്ഷന്‍ സിനിമക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളത്.

ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് കമ്പനികളില്‍ ഒന്നായ പിവിആര്‍ന്റെ 85 ശതമാനം സ്‌ക്രീനുകളിലും ടെനെറ്റ് പ്രദര്‍ശിപ്പിക്കുന്നു.

''കോവിഡ് 19ന് ശേഷമുള്ള ലോക്കഡോണ്‍ കഴിഞ്ഞു പുറത്തിറങ്ങുന്ന ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ എന്ന നിലയില്‍ ഈ സിനിമക്ക് അഡ്വാന്‍സ് ബുക്കിംഗ് വളരെ കൂടുതലായിരുന്നു. പ്രേക്ഷകരെ വീണ്ടും വലിയ രീതിയില്‍ സ്വാഗതം ചെയ്യാന്‍ ഞങ്ങളുടെ തിയേറ്ററുകള്‍ ഒരുങ്ങുന്നു,'' പിവിആര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ടെനെറ്റ് പോലുള്ള വലിയ സിനിമകള്‍ കൂടുതല്‍ ആള്‍ക്കാരെ തീയറ്ററില്‍ എത്തിക്കുമെന്ന് പിവിആര്‍ സിനിമാസ് സി ഇ ഒ ഗൗതം ദത്ത അഭിപ്രായപ്പെട്ടു.

ഐമാക്‌സ് ടെക്‌നോളജിയില്‍ ചിത്രീകരിച്ച ടെനെറ്റ്‌നു ഐമാക്‌സ് തീയറ്ററുകളില്‍ ആണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത് ലോകമെമ്പാടും. അത് കൊണ്ട് പിവിആര്‍ അംഗങ്ങള്‍ക്ക് സാധാരണ ടിക്കറ്റ് നിരക്കില്‍ ഐമാക്‌സ് സൗജന്യ നിരക്കുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തു ഏകദേശം മൂന്ന് മാസത്തിന് ശേഷമാണു ഇന്ത്യയില്‍ ഈ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുന്നതു. ഐമാക്‌സ് ഉള്‍പ്പെടെ 750 ഓളം സ്‌ക്രീനുകളില്‍ ടെനെറ്റ് ഇന്ത്യയില്‍ റിലീസ് ചെയ്തു. നെറ്റ് കളക്ഷനുകളില്‍ 1.75 മുതല്‍ 2.25 കോടി രൂപ വരെയാണ് ആദ്യ ദിവസം ഇന്ത്യയിലെ ബോക്‌സോഫീസില്‍ ലഭിച്ചത്.

ചിത്രത്തിന്റെ ഐമാക്‌സ് പതിപ്പ് കാണാന്‍ ആണ് കൂടുതല്‍ പ്രേക്ഷകര്‍ എത്തുന്നത്. ഇതിന്റെ 2 ഡി പതിപ്പിന്, മുംബൈയും ദക്ഷിണേന്ത്യയും മികവ് പുലര്‍ത്തുന്നു. ഒരു ഹോളിവുഡ് ചിത്രം ആദ്യ ദിവസം തന്നെ ഏകദേശം 2 കോടി രൂപ കളക്ഷന്‍ നേടിയെന്നത് തങ്ങളുടെ ചിത്രങ്ങളുമായി തീയറ്ററില്‍ എത്താന്‍ ബോളിവുഡ് നിര്‍മാതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുവെന്ന് ചില സിനിമ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ടെനെറ്റിന്റെ റിലീസിന് തൊട്ടുമുമ്പ് നോളന്‍ തന്റെ ട്വിറ്ററില്‍ പറഞ്ഞു: 'മുംബൈ ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ വലിയ ഫോര്‍മാറ്റ് ഐമാക്‌സ് ഫിലിമില്‍ ചിത്രീകരിച്ചു. അവിടെ ചിത്രത്തിലെ ഏറ്റവും ആവേശകരമായ ചില രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവയില്‍ ചിലത് ഡിംപിള്‍ കപാഡിയയ്‌ക്കൊപ്പമാണ്. ഞങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരു അത്ഭുതകരമായ ഷൂട്ടിംഗ് അനുഭവമുണ്ടായിരുന്നു. നിങ്ങള്‍ എല്ലാവരും ഒടുവില്‍ ടെനെറ്റിനെ വലിയ സ്‌ക്രീനില്‍ കാണാന്‍ പോകുന്നു. '

ലോകമെമ്പാടും നോലന്റെ ആരാധകവൃന്ദമുണ്ട്. വലിയ ബഡ്ജറ്റിലുള്ള സിനിമകളായ ദ ഡാര്‍ക്ക് നൈറ്റ് സീരീസ്, ദി പ്രസ്റ്റീജ്, ഇന്‍സെപ്ഷന്‍, ഇന്റര്‍സ്‌റ്റെല്ലാര്‍ എന്നിവ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട സിനിമകളാണ്.

അതെ സമയം ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റില്‍ ജോലി ചെയ്തത് ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നുവെന്നു ഡിംപിള്‍ കപാഡിയ അഭിപ്രായപ്പെട്ടു. മനോഹരമായ ഒരു സ്വപ്നം പോലെ തോന്നിയെന്ന് അവര്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it