വ്യോമയാന വ്യവസായത്തില്‍ കേരളത്തെ ആഗോള ഹബ്ബാക്കണം, കൊച്ചി വിമാനത്താവളത്തിന് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് വിദഗ്ധര്‍

കേരള ഏവിയേഷന്‍ സമ്മിറ്റ് 2025ന് സമാപനം
Kochi Mayor M. Anilkumar inaugurated the valedictory session of the Kerala Aviation Summit held in Kochi. FICCI Kerala Head Savio Mathew, KPMG Mobility and Logistics Director Dhaval Raut, CIAL MD S. Suhas, and CIAL Airport Director G. Manu were present on the occasion
കൊച്ചിയിൽ നടന്ന കേരള വ്യോമയാന ഉച്ചകോടിയുടെ സമാപന സമ്മേളനം കൊച്ചി മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ഫിക്കി കേരള മേധാവി സാവിയോ മാത്യു, കെ പി എം ജി മൊബിലിറ്റി ആൻഡ് ലോജിസ്റ്റിക്സ് ഡയറക്ടർ ധാവൽ റൗട്ട് , സിയാൽ എം ഡി എസ് . സുഹാസ്, സിയാൽ എയർപോർട്ട് ഡയറക്റ്റർ ജി. മനു എന്നിവർ സമീപം.
Published on

സംസ്ഥാനത്തെ ടൂറിസം, വ്യോമയാന മേഖലകള്‍ സമന്വയിപ്പിച്ച് സുസ്ഥിര വളര്‍ച്ചയ്ക്കായി കേരളത്തെ വ്യോമയാന വ്യവസായത്തിലെ ആഗോള കേന്ദ്രമാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കേരള വ്യോമയാന ഉച്ചകോടി കൊച്ചിയില്‍ സമാപിച്ചു. കേരളത്തെ ഒരു മികച്ച ആഗോള ലക്ഷ്യസ്ഥാനമായി ഉയര്‍ത്താനുള്ള സുസ്ഥിര വികസനപാത രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ദ്വിദിന ഉച്ചകോടിയില്‍ നയരൂപീകരണ വിദഗ്ദ്ധരും വ്യവസായ പ്രമുഖരും പങ്കെടുത്തു. കേരളത്തെ ആഗോള ഹബ്ബാക്കുന്നതില്‍ സിയാലിന് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

വ്യോമയാനവും ടൂറിസവും ലോജിസ്റ്റിക്സും സംയോജിപ്പിച്ചുള്ള സുസ്ഥിര വളര്‍ച്ചയായിരുന്നു ഉച്ചകോടിയുടെ പ്രധാന വിഷയം. ഈ മേഖലകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഞ്ചാരികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും കൂടുതല്‍ അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കാനും കഴിയുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. നൂതനാശയങ്ങള്‍ പരസ്പര സഹകരണത്തോടെ നടപ്പാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുക, പ്രാദേശിക വ്യോമയാനം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വികസനം ഉറപ്പാക്കുക എന്നിങ്ങനെ ഭാവിയിലെ വ്യോമയാന വികസനത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ നടന്നു.

പുതിയ ട്രെന്‍ഡുകള്‍

വ്യോമയാന വ്യവസായ വിദഗ്ദ്ധരും വിമാനക്കമ്പനി പ്രതിനിധികളും വിപണിയിലെ പുതിയ ട്രെന്‍ഡുകളെക്കുറിച്ചും പ്രധാന ആഗോള കേന്ദ്രങ്ങളിലേക്കുള്ള പുതിയ വിമാന സര്‍വീസുകളുടെ സാധ്യതകളെക്കുറിച്ചും നിര്‍ദേശങ്ങള്‍ പങ്കുവെച്ചു. കേരളത്തിന് ചിറകുകള്‍ നല്‍കുക എന്നതായിരുന്നു ഉച്ചകോടിയുടെ മുദ്രാവാക്യം. സമാപന ദിവസം ടൂറിസം സാധ്യതകളും വ്യോമയാന മേഖലയും എന്ന വിഷയത്തിലും എയര്‍ കാര്‍ഗോ ലോജിസ്റ്റിക്സും നൂതനത്വവും അടിസ്ഥാന സൗകര്യവും ഭാവി സാധ്യതകളും എന്ന വിഷയത്തിലും പാനല്‍ ചര്‍ച്ച നടന്നു.

കേരളത്തിന് ഇനിയുമേറെ മേഖലകളില്‍ ഒട്ടേറെ വികസന സാധ്യതകളു ണ്ടെന്ന് തിരിച്ചറിഞ്ഞതാണ് വ്യോമയാന ഉച്ചകോടിയുടെ ഏറ്റവും വലിയ നേട്ടമെന്ന് സിയാല്‍ എം.ഡി എസ്. സുഹാസ് സമാപന സമ്മേളനത്തില്‍ പറഞ്ഞു. വ്യോമയാന മേഖലയ്ക്ക് ഉത്തേജനം പകരുന്ന ചര്‍ച്ചകളാണ് നടന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും നയരൂപീകരണത്തിലൂടെയും വ്യോമയാന വ്യവസായത്തിനും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും എല്ലാ സഹായവും സിയാല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

സമാപന സമ്മേളനത്തില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. സിയാല്‍ ഒരു മികച്ച മാതൃകയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. പൊതു- സ്വകാര്യ പങ്കാളിത്തത്തിന്റെ മികച്ച മാതൃകയാണ് സിയാല്‍. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സിയാല്‍ ചാലകശക്തിയാകുമെന്നും മേയര്‍ പറഞ്ഞു. കെ. പി. എം. ജി മൊബിലിറ്റി ആന്‍ഡ് ലോജിസ്റ്റിക്‌സ് ഡയറക്ടര്‍ ധാവല്‍ റാവത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിക്കി കേരള മേധാവി സാവിയോ മാത്യു, സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു എന്നിവര്‍ സംസാരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com