

അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഡിജിയാത്ര സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി സിയാല്‍. ചൊവ്വാഴ്ച മാലദ്വീപിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തവരാണ് അന്താരാഷ്ട്ര ഡിജിയാത്രാ സൗകര്യം ആദ്യമായി പ്രയോജനപ്പെടുത്തിയത്.
ഇ-പാസ്പോര്‍ട്ടുകളും ബയോമെട്രിക് മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഡിജിയാത്ര സംവിധാനം പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന തിരഞ്ഞെടുത്ത വിമാനക്കമ്പനികള്‍ക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം നിലവില്‍ നടപ്പിലാക്കിയിരിക്കുന്നത്.
യാത്രക്കാരുടെ തിരിച്ചറിയല്‍ ഉറപ്പാക്കുന്നതിനൊപ്പം ടെര്‍മിനല്‍ പ്രവേശനം, സുരക്ഷാ പരിശോധന തുടങ്ങിയ ഘട്ടങ്ങളില്‍ രേഖകളുടെ ഉപയോഗം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. യാത്രാനടപടികള്‍ കൂടുതല്‍ സുഗമമാക്കുകയാണ് ലക്ഷ്യം.
2023 ഓഗസ്റ്റ് 15നാണ് സിയാലില്‍ ആഭ്യന്തര യാത്രക്കാര്‍ക്കായി ഡിജിയാത്ര ആരംഭിച്ചത്. നിലവില്‍ ആഭ്യന്തര യാത്രക്കാരില്‍ മൂന്നിലൊരാള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. സിയാലിന്റെ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ വിഭാഗം തദ്ദേശീയമായി വികസിപ്പിച്ച ഇ-ബോര്‍ഡിങ് സോഫ്റ്റ്വെയറാണ് സംവിധാനത്തിന്റെ അടിസ്ഥാനം.
കണ്‍സള്‍ട്ടന്‍സി മേഖലയിലെ സിയാലിന്റെ പുതിയ സംരംഭമായ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ആന്‍ഡ് എക്‌സ്‌പെര്‍ട്ട് സര്‍വീസസ് (ACES) ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചിരുന്നു. വിമാനത്താവള വികസനം, പ്രവര്‍ത്തനം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ സിയാല്‍ നേടിയ അനുഭവസമ്പത്തും വൈദഗ്ധ്യവും മറ്റ് വിമാനത്താവളങ്ങള്‍ക്കും വ്യോമയാന മേഖലയിലെ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സിയാലിന്റെ കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ ആദ്യ ഉപഭോക്താവാണ് പശ്ചിമ ബംഗാളിലെ ദുര്‍ഗാപുര്‍ വിമാനത്താവളം. യാത്രക്കാരുടെ തിരിച്ചറിയല്‍ ഉറപ്പാക്കുന്നതിനായി സിയാല്‍ തദ്ദേശീയമായി വികസിപ്പിച്ച പാസഞ്ചര്‍ വെരിഫിക്കേഷന്‍ സിസ്റ്റം ഇവിടെ ലഭ്യമാക്കും. സ്വന്തം സാങ്കേതികവിദ്യകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയിലെ ആദ്യ ചുവടുവയ്പാണിതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine