കൊച്ചി വിമാനത്താവളത്തില്‍ ബൃഹത്തായ വാണിജ്യ സമുച്ചയം എത്തുന്നു; മികച്ച വിനോദോപാധികള്‍

പദ്ധതി നിര്‍മിക്കുന്നത് 122 കോടി ചെലവില്‍
Image courtesy: cial/fb
Image courtesy: cial/fb
Published on

അന്താരാഷ്ട്ര ടെർമിനലിന് മുന്നിലായാണ് ബൃഹത്തായ വാണിജ്യ സമുച്ചയം സിയാൽ വികസിപ്പിക്കുന്നത്. മൾട്ടിപ്ലക്സ്, 300 കാറുകൾക്കുള്ള ബേസ്മെന്റ്‌ പാർക്കിംഗ്, റീട്ടെയിൽ ഷോപ്പുകൾ, അക്വേറിയം, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയവ അടങ്ങിയതാണ് വ്യാപാര സമുച്ചയം. ഇതിനുളള ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ട് സിയാല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഏകദേശം 122 കോടി ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുളള ടെന്‍ഡറാണ് നല്‍കുക.

രണ്ട് കൊല്ലം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനുളള ലക്ഷ്യം

രണ്ട് കൊല്ലം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സിയാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തുറസ്സായ മാതൃകയില്‍ നിര്‍മിക്കുന്ന സമുച്ചയം ജനങ്ങളുടെ വിനോദ ആവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയാണ് പണികഴിപ്പിക്കുന്നത്.

ബാഹ്യ അലങ്കാരങ്ങൾ, എലിവേറ്ററുകൾ, ഇന്റീരിയർ സ്ട്രക്ച്ചർ പാർട്ടീഷനുകൾ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് സംവിധാനങ്ങൾ തുടങ്ങി എല്ലാ അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വാണിജ്യ സമുച്ചയത്തില്‍ സിയാല്‍ സജ്ജമാക്കും. അത്യാധുനിക എയർ കണ്ടീഷനിംഗിനുള്ള സംവിധാനങ്ങളും പ്രോജക്റ്റിന്റെ ഭാഗമായി സിയാൽ ഒരുക്കുന്നു.

എയ്‌റോ ലോഞ്ച് സംവിധാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകൾക്കിടയിലായി ബിസിനസ് ടെർമിനലിനോട് ചേർന്ന് 0484 ലക്ഷ്വറി എയ്‌റോ ലോഞ്ച് എന്ന പേരിൽ സിയാൽ നിർമ്മിക്കുന്ന താമസ സൗകര്യത്തിനുളള സംവിധാനത്തിന്റെ നിര്‍മാണ പ്രക്രിയകള്‍ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഉടന്‍ തന്നെ ഇതിന്റെ ഉദ്ഘാടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് സിയാല്‍ അധികൃതര്‍. ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലിലുകളിലേക്ക് ഇവിടെ നിന്ന് 2 മിനിറ്റ് മാത്രം നടന്നാല്‍ മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. സിയാലിലെ മൂന്ന് ടെർമിനലുകളെയും ബന്ധിപ്പിക്കുന്ന ഒരു പൊതു ഇടനാഴി സൗകര്യവും സംവിധാനത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

4 സ്യൂട്ടുകൾ ഉൾപ്പെടെ 41 പൂർണ്ണമായും സജ്ജീകരിച്ച അതിഥി കിടപ്പുമുറികൾ, ജോലികള്‍ ചെയ്യുന്നതിനുളള സ്ഥലം അടക്കം വിവിധ ഇരിപ്പിട ശേഷിയുള്ള അഞ്ച് മീറ്റിംഗ് ഹാളുകളുമുള്ള ബിസിനസ്സ് സെന്റര്‍, ജിം ഏരിയ, റസ്റ്റോറന്റ്‌, സ്പാ സെന്റർ തുടങ്ങിയ സൗകര്യങ്ങളും 0484 ലക്ഷ്വറി എയ്‌റോ ലോഞ്ചില്‍ ഉണ്ടായിരിക്കും. എയ്‌റോ ലോഞ്ചിന്റെ പ്രവർത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചുകൊണ്ടുളള അറിയിപ്പും സിയാല്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയിലെ നാലാമത്തെ തിരക്കേറിയ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 2023 ൽ 4.90 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരെയാണ് സിയാല്‍ കൈകാര്യം ചെയ്തത്. 10.36 ദശലക്ഷത്തിലധികം ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ എട്ടാമത്തെ വിമാനത്താവളമെന്ന നേട്ടവും സിയാല്‍ 2023 ല്‍ സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് ആളുകള്‍ അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്നതിന്റെ 47 ശതമാനവും കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് എന്നുളളതും ശ്രദ്ധേയമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com