

വ്യോമയാന മേഖലയില്‍ ആഗോളതലത്തില്‍ അനുഭവപ്പെടുന്ന പ്രതിസന്ധികള്‍ക്കിടയിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍), തുടര്‍ച്ചയായ നാലാം സാമ്പത്തിക വര്‍ഷത്തിലും ഒരു കോടിയിലധികം യാത്രക്കാര്‍ എന്ന ശ്രദ്ധേയ നേട്ടം കൈവരിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 1,14,42,583 യാത്രക്കാരാണ് സിയാല്‍ വഴി സഞ്ചരിച്ചത്. ഇതോടൊപ്പം 73,134 വിമാന സര്‍വീസുകളും വിമാനത്താവളം കൈകാര്യം ചെയ്തു.
2025 മേയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തിയത്. ഈ മാസത്തില്‍ മാത്രം 11,07,184 യാത്രക്കാരാണ് സിയാലിലൂടെ യാത്ര ചെയ്തത്. 2025-26 കാലയളവില്‍ സിയാല്‍ കൈകാര്യം ചെയ്ത ആകെ യാത്രക്കാരില്‍ 54,01,939 പേര്‍ അന്തര്‍ദേശീയ യാത്രക്കാരും 60,40,644 പേര്‍ ആഭ്യന്തര യാത്രക്കാരുമായിരുന്നു. അതേസമയം, 31,505 അന്താരാഷ്ട്ര വിമാന സര്‍വീസുകളും 41,629 ആഭ്യന്തര വിമാന സര്‍വീസുകളും സിയാല്‍ കൈകാര്യം ചെയ്തു.
2025ന്റെ അവസാന മാസങ്ങളില്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപരമായ നിയന്ത്രണങ്ങളും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഗള്‍ഫ് മേഖലയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലവുമുണ്ടായ അന്താരാഷ്ട്ര വ്യോമഗതാഗത തടസങ്ങളെല്ലാം നിലനിന്നിരുന്നുവെങ്കിലും 2025-26 കാലയളവില്‍ സിയാല്‍ 2.2 ശതമാനം യാത്രക്കാരുടെ വളര്‍ച്ച രേഖപ്പെടുത്തി.
മറ്റെല്ലാ അവസരങ്ങളിലും വര്‍ഷം മുഴുവന്‍ സ്ഥിരതയാര്‍ന്ന യാത്രാ തിരക്ക് നിലനിര്‍ത്താനും വിവിധ സീസണുകളിലുണ്ടായ ഉയര്‍ന്ന യാത്രക്കാരുടെ ഒഴുക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സിയാലിന് കഴിഞ്ഞു.
സിയാല്‍ 2.0 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അടിസ്ഥാനസൗകര്യ വികസനവും യാത്രാസൗകര്യ വര്‍ധനവും പ്രവര്‍ത്തന കാര്യക്ഷമതയുമാണ് ഈ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് വ്യക്തമാക്കി.
സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള സേവനങ്ങളും വേഗമേറിയ പ്രോസസ്സിംഗ് സംവിധാനങ്ങളും യാത്രാനുഭവം കൂടുതല്‍ സൗകര്യപ്രദമാക്കിയതായി അദ്ദേഹം പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ ഫുള്‍ ബോഡി സ്‌കാനറുകള്‍ നടപ്പിലാക്കിയതോടെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ആധുനികമാകുകയും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനൊപ്പം സേവന നിലവാരവും ഉയര്‍ത്താന്‍ വിവിധങ്ങളായ പദ്ധതികളിലൂടെ സിയാലിന് കഴിയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine