Begin typing your search above and press return to search.
ഒരേസമയം എട്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം, കൊച്ചി വിമാനത്താവളത്തില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറന്നു
കൊച്ചി വിമാനത്താവളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകളുടെ പാര്‍ക്കിംഗ് ഏരിയകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഓരോ സ്റ്റേഷനുകളിലും 60 കിലോവാട്ട് ഇ.വി ഡി.സി ഫാസ്റ്റ് ചാര്‍ജറുകളുടെ രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനും യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള സിയാലിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
രണ്ട് ചാര്‍ജിങ് സ്റ്റേഷനുകളിലായി 60 കിലോവാട്ട് ഇവി ഡിസി ഫാസ്റ്റ് ചാര്‍ജറിന്റെ 4 യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ടെര്‍മിനലുകളിലുമായി ഒരേ സമയം 8 വാഹനങ്ങള്‍ ഒരുമിച്ച് ചാര്‍ജ് ചെയ്യാം. ചാര്‍ജ് മോഡ് എന്ന ചാര്‍ജിങ് ആപ്പ് മുഖേനയാണ് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യേണ്ടതും തുക അടയ്ക്കേണ്ടതും. ഉപഭോക്താക്കള്‍ക്ക് താല്പര്യമുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ആപ്പ് വഴി ഒരുക്കിയിട്ടുണ്ട്.
ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ബി.പി.സി.എല്ലുമായുള്ള സംയുക്ത സംരംഭം സുസ്ഥിരമായ ഭാവിയിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.ഇതിന്റെ ഭാഗമായി, സമീപഭാവിയില്‍ ഒരു ഹൈഡ്രജന്‍ ഇന്ധന സ്റ്റേഷന്‍ ആരംഭിക്കാനും സിയാലിന് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
6000 വാഹനങ്ങള്‍ക്ക് കൂടിയുള്ള പാര്‍ക്കിംഗ് സൗകര്യം ഉടന്‍
രാജ്യാന്തര-ആഭ്യന്തര പാര്‍ക്കിംഗ് ഏരിയയില്‍ ഒരേ സമയം 2800 കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. 600 കാറുകള്‍ക്ക് കൂടി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം സജ്ജമായി വരുന്നു. പാര്‍ക്കിംഗ് സ്ഥലത്തെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് മാത്രം സിയാലിന് പ്രതിദിനം 20,000 യൂണിറ്റോളം വൈദ്യുതി ലഭിക്കും. ഫാസ്റ്റ് ടാഗ് ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Next Story
Videos