ലോകത്തെ ആദ്യ 'ഗ്രീന്‍ ഹൈഡ്രജന്‍' വിമാനത്താവളവുമാകാന്‍ സിയാല്‍

പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) ഹരിതോര്‍ജ പദ്ധതികള്‍ വിപുലീകരിക്കുന്നു. ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനായി സിയാല്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി (ബി.പി.സി.എല്‍) ധാരണാപത്രം ഒപ്പുവച്ചു.

ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ

പുനരുപയോഗയോഗ്യമായ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജമുപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്നതാണ് ഗ്രീന്‍ ഹൈഡ്രജന്‍. സിയാലിന്റെ സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതോര്‍ജം ഉപയോഗിച്ച് 'ഭാവിയുടെ ഇന്ധന'മായ ഗ്രീന്‍ ഹൈഡ്രജന്‍ ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ ഉത്പാദിപ്പിക്കും. 50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാര്‍-ഹൈഡ്രോ പദ്ധതികളിലൂടെ 2 ലക്ഷം യൂണിറ്റ് വൈദ്യുതി, സിയാല്‍ ദിവസേന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സിയാല്‍ സ്ഥാപിക്കുന്നത്.

2025ല്‍ പൂര്‍ത്തിയാകും

നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും സിയാല്‍ ചെയര്‍മാനുമായ പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം ബി.പി.സി.എല്‍ പ്ലാന്റ് സ്ഥാപിക്കുകയും, വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാല്‍ ലഭ്യമാക്കും. പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന ഇന്ധനം വിമാനത്താവള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഉപയോഗിക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങള്‍ വാങ്ങും. 2025ന്റെ തുടക്കത്തില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it