Begin typing your search above and press return to search.
ബാങ്കില്‍ ക്ലര്‍ക്ക് ജോലിക്ക് വേണം, സിബില്‍ സ്‌കോര്‍; ഉത്തരവിന്റെ ആശങ്കയില്‍ ഉദ്യോഗാര്‍ത്ഥികള്‍
ബാങ്ക് ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാമ്പത്തിക ബാധ്യതകളില്ലെന്ന് ഉറപ്പുവരുത്താനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ (ഐ.ബി.പി.എസ്) നിശ്ചിത സിബില്‍ സ്‌കോര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര റിക്രൂട്ട്മെന്‍റ് ഏജൻസിയാണ് ഐ.ബി.പി.എസ്. ബാങ്ക് ടെസ്റ്റിനുള്ള അപേക്ഷാ ഫോമില്‍ ക്രെഡിറ്റ് ഹിസ്റ്ററി എന്ന കോളത്തിലാണ് സിബില്‍ സ്‌കോര്‍ അടയാളപ്പെടുത്തേണ്ടത്.
ഓരോ ബാങ്കും ആവശ്യപ്പെടുന്നത് വ്യത്യസ്ത സിബില്‍ സ്കോറുകള്‍
സിബില്‍ സ്കോര്‍ സംബന്ധിച്ച ഐ.ബി.പി.എസിന്റെ നോട്ടിഫിക്കേഷനില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍. സിബില്‍ സ്കോറില്‍ മികച്ച ക്രഡിറ്റ് ഹിസ്റ്ററിയാണ് ഐ.ബി.പി.എസിന്റെ നിബന്ധന. എന്നാല്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ കുറഞ്ഞ സിബില്‍ സ്കോര്‍ എത്ര ആയിരിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന ബാങ്കിന് അനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്. ഇത് ഓരോ സമയത്തും മാറ്റം വരുത്തുന്നതിനും ബാങ്കുകള്‍ക്ക് അധികാരമുണ്ട്. ആവശ്യമായ സിബില്‍ സ്കോര്‍ എത്രയെന്നതില്‍ ഏകീകരണം ഇല്ലാത്തത് ഉദ്യോഗാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്നു. ബാങ്ക് വായ്പയെടുത്ത് പഠിച്ച വിദ്യാർത്ഥികൾക്കാണ് ഈ നിബന്ധന കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ലോണുകള്‍ ഒന്നും എടുക്കാതെ പഠിച്ച ഉദ്യോഗാര്‍ത്ഥികളോട് സിബില്‍ സ്കോര്‍ ആവശ്യപ്പെടുന്നതിനോടും പരക്കേ പ്രതിഷേധമുണ്ട്. ഭൂരിഭാഗം ആളുകളും ബാങ്ക് ജോലികള്‍ക്കായി ആഗ്രഹിക്കുന്ന അവസ്ഥയുളളപ്പോള്‍ ഐ.ബി.പി.എസിന്റെ ഇത്തരമൊരു നിബന്ധന ഒഴിവാക്കേണ്ടതാണ് എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.
അതേസമയം ബാങ്കുകളിലെ ജീവനക്കാര്‍ മികച്ച ക്രഡിറ്റ് ഹിസ്റ്ററി പാലിക്കേണ്ടതുണ്ടെന്ന് പൊതുമേഖലാ ബാങ്കുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ക്രഡിറ്റ് ഹിസ്റ്ററി മികച്ചതല്ലാത്ത ആളുകള്‍ തട്ടിപ്പുകളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ബാങ്കുകള്‍ വിലയിരുത്തുന്നു. എന്നാല്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ സിബില്‍ സ്കോര്‍ രേഖപ്പെടുത്തേണ്ടതില്ല.
ക്ലറിക്കല്‍ തസ്തികകളിലേക്ക് അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 27
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷന്റെ വിജ്ഞാപനം അനുസരിച്ച് വിവിധ ബാങ്കുകളിലായി 6,128 ക്ലറിക്കല്‍ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 27 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ക്ലറിക്കല്‍ തസ്തികയിലേക്കുളള അടിസ്ഥാന ശമ്പളം 30,000 രൂപയാണ്, കൂടാതെ ജീവനക്കാരന് ലഭിക്കുന്ന മറ്റ് അലവന്‍സുകളും ആനുകൂല്യങ്ങളും ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 20-28 വയസ്സിനിടയിലുളള ഡിഗ്രി വിദ്യഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് ക്ലറിക്കല്‍ തസ്തികളിലേക്ക് അപേക്ഷ നല്‍കാവുന്നതാണ്.
Next Story
Videos