'പുകവലി ഹാനികരം' പണ്ടേപ്പോലെ ഫലിക്കുന്നില്ല

ശ്വാസ കോശം സ്‌പോഞ്ചുപോലെയാണ്. വായു വലിച്ചെടുക്കാന്‍ രൂപപ്പെടുത്തിയത്. എന്നാല്‍ പുകവലിക്കാര്‍ അത് കറ കൊണ്ട് നിറക്കുന്നു. അത് നിങ്ങളെ വലിയ രോഗിയാക്കും. ആരോഗ്യ മിഷഷന്റെ ഈ മുന്നറിയിപ്പ് സിനിമ ശാലകളിലും, ടിവിയിലൂടെയും അനവധി പ്രാവശ്യം കാണിച്ചിട്ടും പുകവലി കുറയുന്നില്ല. പുകയിലയുടെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യമായ ഇന്ത്യ, പുകയിലയുടെ രണ്ടാമത്തെ വലിയ ഉല്‍പ്പാദക രാജ്യം കൂടിയാണ്.

രാജ്യത്തെ പ്രമുഖ സിഗരറ്റ് നിര്‍മാതാക്കളായ ഐടിസി, ഗോഡ്ഫ്രേ ഫിലിപ്‌സ്, വിഎസ്ടി എന്നിവര്‍ ഓരോ വര്‍ഷവും വരുമാനവും ലാഭവും വര്‍ധിപ്പിക്കുകയാണ്. 2022-23 സെപ്റ്റംബര്‍ പാദത്തില്‍ ഐടിസിയുടെ സിഗരറ്റ് വിഭാഗത്തിലെ വരുമാനം 23.3 % വര്‍ധിച്ച് 6954 കോടി രൂപയായതായി. നേരത്തെ ഇന്ത്യന്‍ ടൊബാക്കോ കമ്പനിയെന്ന് അറിയപ്പെട്ടിരുന്ന ഐടിസി കണ്‍സ്യൂമര്‍ ഉല്‍പ്പങ്ങളും വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് പേരു മാറ്റിയത്. അടുത്തിടെ 8 പുതിയ സിഗരറ്റ് ബ്രാന്‍ഡുകളാണ് കമ്പനി പുറത്തിറക്കിയത്.

കെ കെ മോഡിയുടെ ഉടമസ്ഥതയിലുള്ള ഗോഡ്ഫ്രേ ഫിലിപ്സ് കമ്പനി 2021- 2022 ല്‍ 930 ദശലക്ഷം സിഗററ്റുകളാണ് വിറ്റത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20 % അധികം. 2021-22ല്‍ മൊത്തം ലാഭം 13.9 % വര്‍ധിച്ച് 1449 കോടി രൂപയായി. മറ്റൊരു പ്രമുഖ ലിസ്റ്റഡ് കമ്പനിയായ വിഎസ്ടി ഇന്‍ഡസ്ട്രീസ് 2022-23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനത്തില്‍ 27.2 % വര്‍ധനവ് രേഖപ്പെടുത്തി-472 കോടി രൂപ. അറ്റാദായം 92.16 കോടി രൂപ(നേരത്തെ 79.88 കോടി രൂപ).

ഇത് എങ്ങനെ സംഭവിക്കുന്നു

സിഗരറ്റ് വലിക്കാരെ കുറിച്ച് ഏറ്റവും ശ്രദ്ധേയമായ പഠനം നടത്തിയത് ബ്രാന്‍ഡിംഗ് വിദഗ്ദ്ധനായ മാര്‍ട്ടിന്‍ ലിന്‍ഡ് സ്റ്റോമാണ് (Martin Lindstorm). ലോകത്തെ ഏറ്റവും വലിയ ന്യൂറോ മാര്‍ക്കറ്റിങ് പഠനം എന്ന് വിശേഷിപ്പിക്കപ്പെട്ട പഠനം നടത്തിയതും ഇദ്ദേഹമാണ്. ഇതിനായി അമേരിക്ക, ജര്‍മനി, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ എന്നി രാജ്യങ്ങളിലെ 2081 സന്നദ്ധരായ പുകവലിക്കാരെ (സ്ത്രീകള്‍ ഉള്‍പ്പടെ) കണ്ടെത്തി. ഇവരുടെ തലച്ചോറ് എംആര്‍ഐ സ്‌കാനിങ്ങിന് വിധേയമാക്കി. 2004 ല്‍ നടത്തിയ പഠനത്തിന് ചെലവായത് 7 ദശലക്ഷം ഡോളര്‍ (8 ബഹുരാഷ്ട്ര കമ്പനികള്‍ സഹായിച്ചു!).

വിവാഹ മോചനം നേടിയ രണ്ടു കുട്ടികളുടെ 'അമ്മയാ മെര്‍ലിന്‍ ഉള്‍പ്പടെ പരീക്ഷണത്തില്‍ പങ്കെടുത്തു. സിഗരറ്റ് പാക്കറ്റുകളിലെ ആരോഗ്യ മുന്നറിയിപ്പുകള്‍ മനസിനെ ബാധിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ എംആര്‍ഐ മെഷിനില്‍ കിടത്തിയ ശേഷം പുകവലിക്ക് എതിരെ ഉള്ള ആരോഗ്യ മുന്നറിയിപ്പുകള്‍ ഒന്നിന് പുറകെ ഒന്നൊന്നായി കാണിച്ചു. സിഗരറ്റില്‍ അച്ചടിച്ചിരുന്ന ലേബലുകളും കാണിച്ചു. ഇത് കാണിക്കുമ്പോള്‍ സിഗരറ്റ് വലിക്കാനുള്ള ആഗ്രഹം ഒരു മെഷീനിലെ ബട്ടണില്‍ അമര്‍ത്തി പ്രകടിപ്പിക്കാന്‍ പറഞ്ഞു.

പാഴാക്കുന്ന ബോധവല്‍ക്കരണം

എംആര്‍ഐ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ഗവേഷകരായ ഡോക്ടര്‍മാരും മാര്‍ട്ടിന്‍ ലിന്‍ഡ് സ്റ്റോമും ഞെട്ടി. പുകവലിക്ക് എതിരെ ഉള്ള ആരോഗ്യ മുന്നറിയിപ്പുകള്‍ വായിക്കുമ്പോള്‍ അവരുടെ തലച്ചോറിലെ കൊതിക്കുന്ന ഭാഗമാണ് (craving spot) എംആര്‍ഐയില്‍ പ്രകാശിച്ചത്. ഈ ഭാഗം (nucleus accumbens) പ്രത്യേക തരം ന്യുറോണുകള്‍ ഉള്‍പ്പെട്ടതാണ്. മദ്യമോ, മയക്കുമരുന്നോ, പുകയിലയോ,ലൈംഗികതയോ, ചൂതുകളിയോ ആഗ്രഹിക്കുമ്പോഴാണ് തലച്ചോറിന്റെ ആ ഭാഗത്തെ ന്യൂറോണുകള്‍ പ്രകാശിക്കുന്നത്.

അങ്ങനെ ശതകോടി കണക്കിന് രൂപ വിവിധ രാജ്യങ്ങള്‍ പുകവലിക്ക് എതിരെ ബോധവല്‍ക്കരണത്തിനായി ചെലവാക്കുന്നത് വ്യര്‍ത്ഥമാണെന്ന് കണ്ടെത്തി. പുകവലി ഹാനികരമാണെന്നും, കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെടുമെന്ന മുന്നറിയിപ്പും ബഹുരാഷ്ട്ര സിഗരറ്റ് കമ്പനിക്കാര്‍ മികച്ച മാര്‍ക്കറ്റിംഗ് ആയുധമായി ഉപയോഗിക്കുകയും ചെയ്തു. ഈ കഥയെല്ലാം വിശദമായി മാര്‍ട്ടിന്‍ ലിന്‍ഡ് സ്റ്റോം തന്റെ ബയ് ഓളോജി (Buy.ology) എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ പുകവലിക്കാര്‍ പെരുകുമ്പോള്‍ ന്യുസിലാന്‍ഡ് വ്യത്യസ്തമായ മാര്‍ഗം തേടി പുകവലി ഘട്ടംഘട്ടമായി നിരോധിച്ച് 2009 ന് ശേഷം ജനിച്ചവര്‍ക്ക് വില്‍ക്കാന്‍ പാടില്ല എന്ന നിയമം കൊണ്ടുവന്നു. ഈ നിയമം പാസാക്കിയതിലൂടെ യുവാക്കള്‍ക്ക് ചികിത്സക്ക് ചെലവകുമായിരുന്ന 5 ശതകോടി ഡോളര്‍ ലഭിക്കാന്‍ സാധിക്കുമെന്ന് ന്യുസിലാന്‍ഡ് ആരോഗ്യ മന്ത്രാലയം കരുതുന്നത്.

Related Articles
Next Story
Videos
Share it