വ്യവസായങ്ങള്‍ക്ക് ഏകജാലകം, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ബദല്‍; ബിസിനസ് സുഗമമാക്കാന്‍ 10 നിര്‍ദേശങ്ങളുമായി സിഐഐ
വ്യവസായങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് പുതിയ സംവിധാനം വേണം
- രാജ്യത്ത് സുഗമമായ ബിസിനസ് അന്തരീക്ഷമുണ്ടാക്കാന്‍ 10 നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ച് വ്യവസായ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). ബിസിനസ് രംഗത്ത് സുതാര്യത വര്‍ധിപ്പിക്കുന്നതിനും തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് സിഐഐ മുന്നോട്ടു വെച്ചിട്ടുള്ളത്. ഇവ സര്‍ക്കാര്‍ അടിയന്തിരമായി പരിശോധിക്കണമെന്നും അടുത്ത കേന്ദ്ര ബജറ്റില്‍ പരിഗണിക്കണമെന്നും കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാനര്‍ജി ആവശ്യപ്പെട്ടു.
പരിഷ്‌കാരത്തിനായുള്ള നിര്‍ദേശങ്ങള്‍
ബിസിനസ് രംഗത്ത് പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നതിനുള്ള നിര്‍ദേശങ്ങളാണ് കോണ്‍ഫെഡറേഷന്റേത്. കേന്ദ്ര,സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങള്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് നല്‍കുന്ന അനുമതികള്‍ക്ക് ദേശീയ തലത്തില്‍ ഏകജാലക സംവിധാനം വേണം. വ്യവസായ രംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം. പാരിസ്ഥിതിക വെല്ലുവിളികളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്ക് ഏക രൂപമുണ്ടാക്കണം. വ്യവസായ ഭൂമികളുടെ സ്ഥിതി വിവരങ്ങള്‍, രേഖകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണം. ഇന്‍ഡസ്ട്രിയല്‍ ലാന്റ് ബാങ്കിന് രൂപം നല്‍കുന്നത് വ്യവസായങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സഹായിക്കും. ബിസിനസ് എളുപ്പമാക്കല്‍ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാകണം. നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡിന്റെ സാധ്യതാ മേഖലകള്‍ വര്‍ധിപ്പിക്കണം. ട്രൈബ്യൂണലുകളിലുള്ള കേസുകള്‍ കൂടി ഗ്രിഡിന് ലഭ്യമാക്കുന്നതിന് നടപടികളുണ്ടാകണം. തൊഴിലാളികള്‍ക്കുള്ള ശ്രം സുവിധ പോര്‍ട്ടലില്‍ കേന്ദ്ര-സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കണം. നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ആദായ നികുതി കമ്മീഷണര്‍ക്ക് (അപ്പീല്‍) പുറമെ ബദല്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും സിഐഐ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കി.